ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീപിടുത്തം: ഒരു ബോഗി പൂർണ്ണമായി കത്തി നശിച്ചു
കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീപിടുത്തം. പുലർച്ചെ 1.45 ഓടെയായിരുന്നു കോച്ചില്‍ തീപടർന്നത്. രാത്രി കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ട്രെയിന്‍ സ്റ്റേഷനില്‍ നിർത്തിയിട്ടിരുക്കുകയായിരുന്നു. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം. വളരെ പെട്ടെന്ന് തന്നെ വലിയ തോതില്‍ തീ ആളിപടർന്നു. അഗ്നിശമന വിഭാഗം എത്തി എകദേശം ഒരു മണിക്കൂറിന് ശേഷമാണ് തീ പൂർണ്ണമായും അണച്ചത്.
സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കയ്യില്‍ കാനുമായി ഒരാള്‍ ബോഗിയുടെ അടുത്തേക്ക് നടന്നത് നീങ്ങുന്നതായി കണ്ടതായുള്ള ചില മൊഴികള്‍ പുറത്ത് വന്നിട്ടുണ്ട്. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ ട്രെയിന്‍ ആക്രമണമുണ്ടായ അതേ വണ്ടിയില്‍ തന്നെയാണ് ഇന്നും തീ പിടുത്തമുണ്ടായത്. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. പുലര്‍ച്ചെ 5.10-ന് ആലപ്പുഴയിലേക്ക് പുറപ്പെടേണ്ട വണ്ടിയാണ് ഇത്.

റയില്‍ വേ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യമായി കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. പ്രതിസന്ധി പരിഹരിച്ച് സ്ഥലത്ത് എത്തിയ സേനയ്ക്ക് 2.20 ഓടെ തന്നെ തീ പൂർണ്ണമായി നിയന്ത്രിക്കാന്‍ സാധിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ആർ പി എഫിന്റെ ഉന്നത ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തും.
കണ്ണൂർ റെയില്‍ വേ യാർഡില്‍ ഇത് ആദ്യമായല്ല ട്രെയിനില്‍ തീ പിടുത്തം ഉണ്ടാവുന്നത്. 2014 ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 4.45-ന് ഇതേ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. പിറകില്‍ നിന്നും അഞ്ചാമതുള്ള ബോഗിയിലായിരുന്നു അന്നത്തെ സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമക്ക് നേരെയായിരുന്നു ആക്രമണം. ദേഹമാസകലം പൊള്ളലേറ്റ ഫാത്തിമ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം, ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് കോഴിക്കോട് എലത്തൂരില്‍ വെച്ചായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമത്തില്‍ പരിഭ്രാന്തരായി പുറത്തേക്ക് എടുത്ത് ചാടിയ മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. സംഭവത്തിലെ പ്രതിയായ ഡല്‍ഹി സ്വദേശി ഫാറൂഖ് സെയ്ഫിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിലവില്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലാണ്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധങ്ങളുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications