ലതാമങ്കേഷ്‌കറെ ഞെട്ടിച്ച ആലപ്പുഴക്കാരി പെണ്‍കുട്ടി
ആലപ്പുഴ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറെ ഒരു ആറാം ക്ലാസ്സുകാരി ഞെട്ടിക്കുക, ആ പെണ്‍കുട്ടി ഒരു മലയാളിയാവുക, ആ കുട്ടിക്ക് ലതയുടെ മുന്നില്‍ പാടാനാവുക... ഇന്റര്‍നെറ്റിന്റെ... യൂട്യൂബിന്റെ ശക്തിയാണിത്.
ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ ജയലക്ഷ്മി എന്ന പെണ്‍കുട്ടിക്കാണ് ലതാമങ്കേഷ്‌കറിന് മുന്നില്‍ പാട്ടുപാടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. അതും ലത പാടി അനശ്വരമാക്കിയ സത്യം ശിവം സുന്ദരം എന്ന ഗാനം....
ജയകുമാറിന്റേയും പ്രീതയുടേയും മകളായ ജയലക്ഷ്മി ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ഗായിക എന്ന നിലയില്‍ ഇതിനകം തന്നെ നാട്ടില്‍ പേരെടുത്തുകഴിഞ്ഞു. ഗാനമേളകളും മറ്റും പാടാറും ഉണ്ട്. ചെറുപ്പം മുതലേ സംഗീതം പഠിക്കുന്ന ജയലക്ഷ്മിയെ നാട്ടുകാര്‍ ലിറ്റില്‍ ലതാ മങ്കേഷ്കര്‍ എന്നാണ് വിളിക്കാറ്.
എന്നാല്‍ യൂട്യൂബ് ആണ് ജയലക്ഷ്മിയുടെ തലവര മാറ്റിയത്. വീട്ടിലിരുന്ന് സത്യം ശിവം സുന്ദരം എന്ന ഗാനം ജയലക്ഷ്മി പാടുന്നത് അമ്മ പ്രീതയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അച്ഛനും സംഗീത അധ്യാപകനും കൂടി പാട്ട് യൂട്യൂബിലിട്ടു. സംഗതി ഹിറ്റാവുകയും ചെയ്തു.

നവംബര്‍ 19 ന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത പാട്ട് ഇതിനകം തന്നെ ഇരുപത്തി അയ്യായിരത്തോളം പേര്‍ കണ്ട് കഴിഞ്ഞു. മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുളള ഈ വീഡിയോ കണ്ട് ദേശീയ ചാനലായ സീടിവി അധികൃതരാണ് ജയലക്ഷ്മിക്ക് ലതാമങ്കേഷകറുടെ മുന്നില്‍ പാട്ടുപാടാനുള്ള അവസരം ഒരുക്കി നല്‍കുന്നത്.
ദില്ലിയില്‍ വച്ച് നവംബര്‍ 23 ഞായറാഴ്ചയാണ് പരിപാടി. ജയലക്ഷ്മിയേയും വീട്ടുകാരേയും സിടിവി അധികൃതര്‍ ശനിയാഴ്ച തന്നെ ദില്ലിയില്‍ എത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications