ഒരു വര്‍ഷം കഴിഞ്ഞ് ആ മോള് തിരിച്ചുവരണം; ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് അംബിക
കുഞ്ഞു ജീവനില്‍ തനിക്കുള്ളതെല്ലാം പകത്തു നല്‍കി യാത്രയായ പിഞ്ചുകുഞ്ഞ് ആലിന്‍ ഷെറിന്റെ കുടുംബത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടി അംബിക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിക്കുകയും എല്ലാവരുടെയും വേദനയായി നിത്യതയിലേക്ക് യാത്രയാകുകയും ചെയ്ത ആലിന്റെ മാതാപിതാക്കളെ അംബിക ആശ്വസിപ്പിച്ചു. ചെന്നൈയില്‍ താമസിക്കുന്ന നടി അംബിക ഷൂട്ടിങ്ങിനായി കേരളത്തിലായിരുന്നു. ഇതിനിടെയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്.
കോട്ടയത്ത് വച്ചുണ്ടായ കാര്‍ അപകടത്തിലാണ് മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ആലിന്‍ ഷെറിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പത്തു മാസം മാത്രം പ്രായമായ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മാതാപിതാക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ധീരമായ ആ തീരുമാനമെടുത്തത്. ഈ അവയവങ്ങള്‍ സ്വീകരിച്ചവര്‍ പുതു ജീവിതത്തിലേക്ക് കടക്കുകയാണ്. ആലിന്റെ രക്ഷിതാക്കള്‍ കാണിച്ച സഹജീവി സ്‌നേഹത്തെക്കുറിച്ച് പരാമര്‍ശിച്ച അംബിക മാതാപിതാക്കളായ അരുണിനും ഷെറിനും എല്ലാ പിന്തുണയും വാഗ്ദാനവും ചെയ്തു.

അംബികയുടെ വാക്കുകള്‍: എറണാകുളത്തുള്ളപ്പോഴാണ് ഈ വാര്‍ത്ത അറിഞ്ഞത്. കണ്ടപ്പോള്‍ വല്ലാത്ത ഒരു ഫീലിങ് ആയിരുന്നു. അവര്‍ ചെയ്ത ഈ പുണ്യകാര്യം അറിഞ്ഞപ്പോള്‍ തന്നെ ഇവരെ വന്നു കാണണമെന്ന് തോന്നി. എത്ര ദൂരെയാണെങ്കിലും കാണണമെന്ന് തോന്നി. ഇവര്‍ രണ്ടു പേരും വലിയൊരു കാര്യമാണ് ചെയ്തത്. ആ തീരുമാനമെടുക്കുമ്പോഴുള്ള അവരുടെ മാനസികാവസ്ഥ മനസിലൂടെ പോയപ്പോള്‍ ആ സ്ഥലത്ത് ഞാനായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു. എനിക്ക് അവരെ കാണണമെന്ന് തോന്നി. ഞാന്‍ വിളിച്ചു, അരുണിന്റെ നമ്പര് വാങ്ങിച്ചിട്ട് മെസേജ് അയച്ചു.
അവര് ചെയ്തത് വലിയൊരു പുണ്യകാര്യമാണ്. ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയോ രാഷ്ട്രീയപരമായിട്ടോ അല്ല വന്നത്. ഒരമ്മയെയും ഒരച്ഛനെയും കാണാന്‍ ഒരമ്മയായി വന്നിരിക്കുകയാണ്. അവരെ വിമര്‍ശിക്കുകയല്ല വേണ്ടത്. നെഗറ്റീവ് കമന്റസ് ഇടരുത്. നിങ്ങള്‍ക്ക് നല്ലത് പറയാന്‍ പറ്റിയില്ലെങ്കില്‍ ഒന്നും പറയണ്ട. നിങ്ങള്‍ നല്ലതും പറയേണ്ട ചീത്തയും പറയേണ്ട. അവര് അവരുടെ ജീവിതവുമായി മുമ്പോട്ടു പൊയ്‌ക്കോട്ടെ. പോയ മോള് അതേപോലെ തിരിച്ചു വരട്ടെ എന്നുള്ളതാണ് എന്റെ ആഗ്രഹം. ഒരു വര്‍ഷം കഴിഞ്ഞ കാണാന്‍ വരുമ്പോള്‍ അതേ മോള് അവരുടെ മടിയിലിരുന്ന് ചിരിക്കുന്നത് കാണണം - അംബിക കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications