സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര്; കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
നാലു പേര്‍ക്ക് പുതുജീവനേകി, കേരളത്തിന്റെ ഹൃദയം കവര്‍ന്ന് അകാലത്തില്‍ കടന്നുപോയ കുഞ്ഞു മാലാഖ ആലിന്‍ ഷെറിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രി. പത്തു മാസക്കാരിയായ ആലിന്‍ ഷെറിന്റെ പത്തനംതിട്ടയിലെ ഭവനത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേതായിരുന്നു പ്രഖ്യാപനം. കോഴിക്കോട് മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് പുതുതായി നിര്‍മ്മിക്കുന്ന അവയവമാറ്റ മെഡിക്കല്‍ ആശുപത്രിക്കാണ് ആലിന്‍ ഷെറിന്റെ പേരിടുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും ഇത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍ ഷെറിന്‍. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ മനോധൈര്യത്തെ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിനൊപ്പം ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ആലിന്റെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വേദനയില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സ്വന്തം മരണത്തിലൂടെ നാലു പേര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കിയ ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നും മുതിര്‍ന്നവര്‍ക്ക് പോലും മാതൃകയായ കുഞ്ഞിന്റെ ഓര്‍മ്മകള്‍ എന്നും നിലനിര്‍ത്താനാണ് പുതുതായി ആരംഭിക്കാനിരിക്കുന്ന അവയവമാറ്റ ആശുപത്രിക്ക് ആലിന്റെ പേരിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സന്ദര്‍ശനത്തിന്റെ വീഡിയോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജും കുടുംബത്തെ സന്ദര്‍ശിക്കുന്ന ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആലിന്റെ ഭവനം സന്ദര്‍ശിച്ചു.
ആരോഗ്യ വകുപ്പിന് കീഴില്‍ ചേവായൂരില്‍ ആണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിന്റെ പേരില്‍ അറിയപ്പെടുന്നത് നാടിനാകെ വലിയൊരു സന്ദേശമാകുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ആശുപത്രിക്കു പുറമേ ഗവേഷണം, പരിശീലനം എന്നിവയിലും ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കും.
ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ആലിന്റെ മരണശേഷം മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിലൂടെ അഞ്ചു പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. കുഞ്ഞിന്റെ കരള്‍, രണ്ടു വൃക്കകള്‍, ഹൃദയ വാല്‍വ്, രണ്ടു നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ പിതാവ് അരുണ്‍ എബ്രഹാമും അമ്മ ഷെറിനും മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്ന് ഈ അവയവങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഏറ്റവും വേഗത്തില്‍ എത്തിച്ചു കൊടുക്കാന്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മുന്നൊരുക്കങ്ങളാണ് പൊലീസും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന് നടത്തിയത്. ഇതോടെ ആലിന്‍ ഷെറിന്റെ പേര് കേരളത്തിന്റെ മാനവികതയുടെ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.












Click it and Unblock the Notifications