എല്ലാ ജില്ലകളിലും ലോ ഫ്ളോര്‍ ബസുകള്‍
കൊച്ചി: കേരളത്തിലെ എല്ലാ ജില്ലകളിലും ലോ ഫ്‌ളോര്‍ ബസ് സര്‍വ്വീസ് ആരംഭിയ്ക്കാന്‍ നീക്കം. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റെനീവല്‍ മിഷന്‍ (JNNURM) ന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും 2009 മുതല്‍ തന്നെ ലോഫ്‌ളോര്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു.

നിലവില്‍ 313 ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ 1,011 ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. നഗരത്തില്‍ മെച്ചപ്പെട്ട സൗകര്യത്തോട് കൂടിയ ബസുകള്‍ ലഭ്യമാക്കുകയും സ്വകാര്യവാഹനങ്ങള്‍ ഉപയോഗിയ്ക്കുന്നത് പരമാവധി തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ലോ ഫ്‌ളോര്‍ ബസുകളുടെ എണ്ണം കൂട്ടാന്‍ ഉദ്ദേശിയ്ക്കുന്നത്.
ലോഫ്‌ളോര്‍ സര്‍വ്വീസ് ഇല്ലാത്ത പന്ത്രണ്ട് ജില്ലകളെ അഞ്ച് ക്ളസറ്ററുകളായി തിരിച്ച ശേഷമാണ് ബസുകള്‍ അനുവദിയ്ക്കുന്നത്. ഒന്നാമത്തെ ക്ളസ്റ്ററില്‍ കോഴിക്കോട്, കല്‍പ്പറ്റ, മലപ്പുറം എന്നിവയാണ് ഉള്‍പ്പെടുന്നത്. ഒന്നാമത്തെ ക്ളസ്റ്ററിലുള്ള ജില്ലകള്‍ക്ക് 259 ബസുകളാണ് അനുവദിയ്ക്കുന്നത്.
കോട്ടയം, തൊടുപുഴ, പത്തനം തിട്ട എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന രണ്ടാം ക്ളസ്റ്ററില്‍ ഉള്ള ജില്ലകള്‍ക്ക് 216 ബസുകളാണ് അനുവദിയ്ക്കുന്നത്. മൂന്നാം ക്ളസ്റ്ററിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് 164 ബസുകളാണ് അനുവദിയ്ക്കുന്ത്. നാലാം ക്ളസ്റ്ററില്‍ ഉള്ള തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ക്ക് 148 ബസും, അഞ്ചാമത്തെ ക്ളസ്റ്ററില്‍ ഉള്‍പ്പെടുന്ന കൊലലം ആലപ്പുഴ ജില്ലകള്‍ക്ക്224 ബസുകളുമാണ് അനുവദിയ്ക്കുന്നത്.
എസി, സെമി ലോഫ്ളോര്‍ നോണ്‍ എസി ബസുകളാണ് സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിയ്ക്കുന്നത്. 45 ശതമാനവും സെമി ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളാണ്. ഒരോ ബസിനും 30 ലക്ഷം രൂപ ചെലവ് വരും . 649 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്. ഇതില്‍ 436.48 കോടി രൂപയും നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്.213.47 കോടി രൂപ മാത്രമാണ് കേരളത്തിന്റെ വിഹിതം.












Click it and Unblock the Notifications