ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ അടച്ചുപൂട്ടാന്‍ നീക്കം; നടപടി സ്വകാര്യ എഫ്എമ്മുകളെ സഹായിക്കാന്‍?
കോഴിക്കോട്: ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ അവസാനിപ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വകാര്യ എഫ്എം ചാനലുകള്‍ക്ക് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുള്ള അനുമതിക്കുള്ള നീക്കം അന്തിമഘട്ടത്തില്‍ നില്‍ക്കെയാണ് ആകാശവാണി വാര്‍ത്തകളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം.
ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍നിര്‍ണയിച്ചുള്ള ഉത്തരവിറങ്ങിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്.... എന്ന ശബ്ദം എത്രനാള്‍കൂടി കേള്‍ക്കുമെന്നു മാത്രം.

1966ലാണ് കോഴിക്കോട് ആസ്ഥാനമായി കേരളത്തില്‍ രണ്ടാമത്തെ പ്രാദേശിക വാര്‍ത്താവിഭാഗം ആകാശവാണി ആരംഭിച്ചത്. തിരുവനന്തപുരത്ത് മാത്രമാണ് അതുവരെ പ്രാദേശികവാര്‍ത്തകള്‍ ഉണ്ടായിരുന്നത്. പെട്ടെന്നുതന്നെ ഇത് ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.

രാവിലെ 6.45നും 12.30നുമാണ് ആകാശവാണി പ്രാദേശികവാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്. ഇതിനു പുറമെ 9നും 10നും 11നും ഒരു മണിക്കും പ്രധാന വാര്‍ത്താതലക്കെട്ടുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. വൈകിട്ട് 5 മണിക്ക് എഫ്എമ്മിലും തലക്കെട്ടുകള്‍ നല്‍കുന്നുണ്ട്. പ്രാദേശികവാര്‍ത്താവിഭാഗം നല്‍കിയിരുന്ന വാര്‍ത്താ തരംഗിണി, വാര്‍ത്താദീപ്തി, ജില്ലാവൃത്താന്തം തുടങ്ങിയവ ഏറെ ജനകീയ പരിപാടികളായിരുന്നു.
പ്രാദേശിക വാര്‍ത്തകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട്ടുള്ള അസിസ്റ്റന്റ് ന്യൂസ് ഡയറക്ടറെ ഡല്‍ഹിയിലേയ്ക്കും കറസ്പോണ്ടന്റിനെ ചെന്നൈയിലുേയ്ക്കും പുനര്‍വിന്യസിച്ച് ഉത്തവിറങ്ങിക്കഴിഞ്ഞു. സ്വകാര്യ എഫ്എം ചാനലുകള്‍ക്ക് തന്നെ ആയിരിക്കും ഇതിന്‍റെ ഗുണം എന്ന് ഉറപ്പാണ്. നിലവില്‍ വിനോദപരിപാടികളല്ലാതെ വാര്‍ത്താ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ സ്വകാര്യ എഫ്എമ്മുകള്‍ക്ക് അനുവാദമില്ല. മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഇപ്പോള്‍ തന്നെ സ്വകാര്യ എഫ്എമ്മുകള്‍ ഉണ്ട്. വാര്‍ത്തകളുടെ കാര്യത്തിലുള്ള നിയന്ത്രണം ഒഴിവാക്കുന്നതോടെ ഇവര്‍ക്ക് മേഖലയില്‍ കൂടുതല്‍ ശക്തി തെളിയിക്കാന്‍ കഴിയും.












Click it and Unblock the Notifications