കെഎസ്ആർടിസി സർവ്വീസുകളും ഇല്ല; സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിൽ സ്തംഭിച്ച് കേരളം
തിരുവനന്തപുരം; സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്കിൽ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചു. കെ എസ് ആർ ടി സി സർവ്വീസുകൾ ഉൾപ്പെടെ നിരത്തിലിറങ്ങിയില്ല. സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവരെ സമരക്കാർ തടയുകയാണ്. ഇതോടെ ഹർത്താലിന് സമാനമായ സാഹചര്യമാണ് കേരളത്തിൽ ഉള്ളത്.

ജീവനക്കാരുടെ ലഭ്യത അനുസരിച്ച് പൊലീസ് സഹായത്തോടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേ കെ എസ് ആർ ടി സി അറിയിച്ചിരുന്നു. ഇതുപ്രകാരം ചില റൂട്ടുകളിലേക്ക് കെ എസ് ആർ ടി സി സർവ്വീസുകൾ നടത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർവ്വീസുകൾ നിർത്തിവെച്ചെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. അതേസമയം ട്രെയിൻ സർവ്വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ട്രെയിനുകളിൽ ഉൾപ്പെടെ വന്നിറങ്ങുന്നവർ നിലവിൽ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് നേരത്തേ സമരക്കാർ അറിയിച്ചിരുന്നു. അതേസമയം കൊച്ചിയിൽ സ്വകാര്യ വാഹനങ്ങൾ തടഞ്ഞത് പ്രതിഷേധത്തിന് കാരണമായി. പോലീസുകാർ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. കണ്ണൂരും സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞു.
പലയിടത്തും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞ് കിടക്കുകയാണ്. അതേസമയം കൊച്ചി ബി പി സി എല്ലില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. ഇതോടെ പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ബി പി സി എല്ലില്‍ ഹൈക്കോടതി പണിമുടക്ക് നിരോധിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ജീവനക്കാർ എത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇവിടേയും പോലീസ് എത്തി.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക്. 48 മണിക്കൂറാണ് പണിമുടക്ക്.
തൊഴിലാളികളുടെ പ്രതിഷേധം കരുത്താർജിക്കുകയാണ്-കെ കെ ശൈലജ
രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് കേന്ദ്ര സർക്കാറിനെതിരായ തൊഴിലാളികളുടെ പ്രതിഷേധം കരുത്താർജിക്കുകയാണെന്ന് മുൻ മന്ത്രി കെ കെ ശൈലജ. പണിമുടക്ക് കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കൂടുതൽ സജീവമായ ചർച്ചകൾക്ക് അവസരമൊരുക്കുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു.രാജ്യത്തെ സംഘടിത - അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികളാണ് പണിമുടക്കിൽ അണിനിരക്കുന്നത്. പണിമുടക്കിന് പിൻതുണയുമായി കർഷക സംഘടനകൾ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത് എന്നതിൽ നിന്നും എത്രത്തോളം തൊഴിലാളി വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നത് വ്യക്തമാണ്. രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് കേന്ദ്ര സർക്കാറിനെതിരായ തൊഴിലാളികളുടെ പ്രതിഷേധം കരുത്താർജിക്കുകയാണ്. പണിമുടക്ക് കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കൂടുതൽ സജീവമായ ചർച്ചകൾക്ക് അവസരമൊരുക്കും.
കേന്ദ്ര സർക്കാർ 2020ൽ പാസാക്കിയ നാല് ലേബർ കോഡുകളും, എസൻഷ്യൽ ഡിഫൻസ് സർവീസ് ആക്ടും (EDSA) പിൻവലിക്കുക
കർഷക സമരം പിൻവലിക്കുന്ന ഘട്ടത്തിൽ സംയുക്ത കിസാൻ മോർച്ച മുന്നോട്ടുവച്ച 6 ആവശ്യങ്ങളും അംഗീകരിക്കുക.എല്ലാ സ്വകാര്യവൽക്കരണങ്ങളും ഉപേക്ഷിച്ച് നാഷണൽ മേണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻ എം പി) ഒഴിവാക്കുക.തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിൽ അണിനിരക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഐക്യദാർഢ്യം...












Click it and Unblock the Notifications