കേരളത്തില്‍ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്നത് 22 തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: കേരളത്തില്‍ അടക്കം ദേശീയ പണിമുടക്ക് ആരംഭിച്ചിരിക്കുകയാണ്. വലിയ പിന്തുണയും പണിമുടക്കിനുണ്ട്. കേരളത്തില്‍ നിന്ന് 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. ഞായറാഴ്ച്ച രാത്രി പന്ത്രണ്ട് മുതല്‍ ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ട് വരെയാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആറ് ആവശ്യങ്ങള്‍ അടങ്ങിയ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങിയ 12 കാര്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ദ്വിദിന ദേശീയ പണിമുടക്ക് ആരഭിച്ചിരിക്കുന്നത്.

അതേസമയം ആദ്യ മണിക്കൂറുകളില്‍ തന്നെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലാണ് പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചിരിക്കുന്നത്. എന്നാല്‍ മുംബൈ, ദില്ലി, ചെന്നൈ, അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും, മോട്ടോര്‍ വാഹന മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെയാണ് കേരളത്തിലെ ജനജീവിതം സ്തംഭിച്ചത്.
ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോലുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെയില്‍വേ മേഖലയെ പണിമുടക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ യാത്ര ഒഴിവാക്കണമെന്ന് സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടക്കം അടഞ്ഞ് കിടക്കും. പണിമുടക്കിന് ആരംഭം കുറിച്ച് തൊഴിലാളികള്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രകടനം നടത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മത്സ്യ മേഖലയെ പക്ഷേ പണിമുടക്ക് ബാധിച്ചിട്ടില്ല. കൊച്ചി മെട്രോയും സര്‍വീസ് നടത്തും.
ടൂറിസം മേഖലയ്ക്ക് പണിമുടക്ക് തിരിച്ചടിയാവുമെന്നാണ് ഭയം. പ്രതിസന്ധികളെ പതിയെ മറികടന്ന് മുന്നോട്ട് പോവുകയാണ് ടൂറിസം മേഖല. ഇപ്പോഴും ആ മേഖല ശക്തമായിട്ടില്ല. സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ആഭ്യന്തര സഞ്ചാരികളാണ് കൂടുതലായും എത്തുന്നത്. വിദേശത്ത് നിന്ന് വരുന്നവരെ വളരെ കുറവാണ്. അതേസമയം മത്സ്യമേഖലയില്‍ ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്. എന്നാല്‍ മുംബൈയിലൊന്നും പണിമുടക്ക് സാരമായി ബാധിച്ചിട്ടില്ല. ഓട്ടോ ടാക്‌സി സര്‍വീസ് അടക്കം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications