'ആകെ നടക്കുന്നത് വാചകമടിയും ധൂർത്തും, സർക്കാരിനെതിരെ പരാതി ഇല്ലാത്തത് ആർഎസ്എസിന് മാത്രം'

അധികാരത്തിലേറിയ ആറ് മാസം കൊണ്ട് വിഡി സതീശൻ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി മുൻ ധനവകുപ്പ് മന്ത്രി ടിഎൻ ബാലഗോപാൽ. യുഡിഎഫ് സർക്കാർ് ഇന്നേക്ക് ഭരണത്തിൽ 6 മാസം പൂർത്തിയാക്കിയിരിക്കുകയാണ്.

ഈ ആറ് മാസം കൊണ്ട് കേരളത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയെന്നും കെഎൻ ബാലഗോപാൽ ആരോപിക്കുന്നു. സംസ്ഥാനത്ത് സർക്കാരിനെതിരെ പരാതിയൊന്നും ഇല്ലാത്തത് ആർഎസ്എസുകാർക്ക് മാത്രമാണെന്നും അവരേക്കാളും മികച്ച നിലയിൽ സംഘപരിവാർ നയങ്ങൾ നടപ്പിലാക്കുകയാണ് യുഡിഎഫ് സർക്കാർ എന്നും ബാലഗോപാൽ പരിഹസിച്ചു.

കെഎൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' തിരുവനന്തപുരം ഡിസിസി അംഗം നോട്ടെണ്ണി കൈക്കൂലി വാങ്ങുന്നതാണ്, വിഡി സതീശൻ സർക്കാരിന്റെ ആറുമാസ ഭരണത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ദൃശ്യം. കഴിഞ്ഞ പത്തുവർഷംകൊണ്ട് പടുത്തുയർത്തിയ വികസന മാതൃകകളും ക്ഷേമ പദ്ധതികളും സമ്പൂർണ്ണമായി തകർത്ത്, കേരളത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ദുർഭരണത്തിന്റെയും നാടാക്കി മാറ്റി എന്നതാണ് സതീശൻ സർക്കാരിന്റെ ആറുമാസത്തെ വിസ്മയം.

സംസ്ഥാനത്തുടനീളമുള്ള നിർമ്മാണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നിലച്ചിരിക്കുന്നു. ട്രഷറിയിൽ നിന്ന് പുറത്തേക്ക് പോകുന്ന പണത്തിന്റെ കണക്ക് നോക്കിയാൽ അത് മനസ്സിലാക്കാം. വിദ്യാർത്ഥികൾ മുതൽ പ്രവാസികളെ വരെ ഈ സർക്കാർ ബുദ്ധിമുട്ടിച്ചിരിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതിയും യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് പദ്ധതിയും നിർത്തലാക്കിയിരിക്കുന്നു. കേരളത്തിൽ 20 ലക്ഷത്തോളം സ്ത്രീകൾക്കും 5 ലക്ഷത്തോളം ചെറുപ്പക്കാർക്കും പ്രതിമാസം 1000 രൂപ വീതം നൽകിവരുന്ന പദ്ധതിയാണ് പൊടുന്നനെ നിർത്തലാക്കിയത്. പ്രവാസികളുടെ ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും അവതാളത്തിലാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് മുന്നോട്ടുവച്ച പ്രധാനപ്പെട്ട പ്രചരണ മുദ്രാവാക്യങ്ങളിൽ ഒന്ന് യുഡിഎഫ് വിജയിക്കുകയാണെങ്കിൽ കേരളത്തിൽ ഇരുണ്ടകാലം തിരിച്ചുവരും എന്നതായിരുന്നു. മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്തുണ്ടായിരുന്ന മണിക്കൂറുകൾ നീണ്ടു നിന്നിരുന്ന പവർകട്ടും ലോഡ് ഷെഡിങ്ങും പരിപൂർണ്ണമായും കഴിഞ്ഞ പത്തുവർഷംകൊണ്ട് ഇല്ലാതാക്കാൻ എൽഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞിരുന്നു. എൽഡിഎഫ് പറഞ്ഞതുപോലെ യുഡിഎഫ് അധികാരത്തിലെത്തി ആഴ്ചകൾ കൊണ്ട് തന്നെ കേരളത്തിൽ പവർകട്ട് തിരികെ വന്നു. പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി പവർകട്ട് എന്താണെന്ന് അനുഭവിച്ചു.

KN Balagopal

പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ വാഗ്ദാനങ്ങളും വാക്കുകളും മുഴുവൻ വിഴുങ്ങി ഓരോ ദിവസവും യു ടേണുകൾ നടത്തുകയും നുണകൾ പറയുകയും ചെയ്യുന്ന മുഖ്യമന്ത്രിയും സഹമന്ത്രിമാരും. സർക്കാരിന്റെ തീരുമാനങ്ങളൊന്നും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ പോലും അറിയുന്നില്ല. വീര്യം കുറഞ്ഞ മദ്യം അനുവദിക്കുന്നതു മുതൽ വൈദ്യുതി കരാറുകളിൽ ഏർപ്പെടുന്നത് വരെ സകല കാര്യങ്ങളും മുഖ്യമന്ത്രി മാത്രം അറിയുന്നു.

റെഗുലേറ്ററി കമ്മീഷന്റെയും ധനകാര്യവകുപ്പിന്റെയും അനുമതിയില്ലാതെ വളരെ കൂടിയ വിലക്ക് വൈദ്യുതി വാങ്ങി നടത്തിയ അഴിമതി കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു. മഞ്ഞു മലയുടെ ഒരു അഗ്രം മാത്രമാണ് ഇപ്പോൾ പുറത്തുവന്ന വൈദ്യുതി കരാറിലൂടെ തെളിഞ്ഞു വന്നിരിക്കുന്നത്. തുടർ ദിവസങ്ങളിൽ അഴിമതിയുടെ വലിയ കഥകൾ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ നാലുപാടും സ്ഥലം മാറ്റുന്നു. വലിയ നിലയിൽ പണം വാങ്ങി ട്രാൻസ്ഫറുകൾ നടത്തുന്നു എന്ന് സംസ്ഥാനമാകെ ആക്ഷേപം ഉയരുന്നു.

ബിജെപി ഒന്നും തന്നില്ല, രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ, തിരികെ കോൺഗ്രസിലേക്കെന്ന് സൂചന
ബിജെപി ഒന്നും തന്നില്ല, രാജിക്കൊരുങ്ങി പത്മജ വേണുഗോപാൽ, തിരികെ കോൺഗ്രസിലേക്കെന്ന് സൂചന

ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും സമ്പൂർണ്ണമായ തകർച്ചയിലേക്ക് നീങ്ങുന്നു. എൽഡിഎഫ് സർക്കാർ പത്തുവർഷംകൊണ്ട് കെട്ടിപ്പടുത്ത അഭിമാന മേഖലകളെയെല്ലാം കെടുകാര്യസ്ഥത കൊണ്ട് തകർച്ചയിലേക്ക് തള്ളി വിടുകയാണ് യുഡിഎഫ്.
ഈ സർക്കാർ ആറുമാസം പിന്നിടുമ്പോഴും എന്താണ് തങ്ങളുടെ വികസന നയം എന്നോ തുടർന്നുള്ള അഞ്ചുവർഷം എന്താണ് ചെയ്യാൻ പോകുന്നത് എന്നോ നാളിതുവരെ പറഞ്ഞിട്ടില്ല. ഇടതുപക്ഷം പൂർത്തിയാക്കിയതും എന്നാൽ തുറന്നു കൊടുക്കാതെ പോയതുമായ ചില പദ്ധതികൾ ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്യുന്നു എന്നതല്ലാതെ സംസ്ഥാനത്ത് ക്രിയാത്മകമായി ഒരു കാര്യവും ഈ ദിവസം വരെ ചെയ്യാൻ വി ഡി സതീശൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ആകെ നടക്കുന്നത് വാചകമടിയും ധൂർത്തും മാത്രമാണ്.

വിദേശരാജ്യങ്ങൾ ഓരോന്നായി ചുറ്റിയടിച്ചും മന്ത്രിമന്ദിരങ്ങൾ കോടികൾ മുടക്കി മോടി പിടിപ്പിച്ചും, കോടികൾ വില വരുന്ന ആഡംബര വാഹനങ്ങൾ വാങ്ങിയും മന്ത്രിമാരുടെ ഭരണം മുന്നോട്ടു പോവുകയാണ്. ഈ സർക്കാരിൽ യാതൊരു പരാതിയുമില്ലാത്ത ഒരു കൂട്ടരുണ്ട് കേരളത്തിൽ. അത് ആർഎസ്എസുകാരാണ്. ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതിനേക്കാൾ മികച്ച നിലയിൽ സംഘപരിവാർ നയങ്ങൾ നടപ്പിലാക്കുകയാണ് യുഡിഎഫ് സർക്കാർ. സർവകലാശാലകളിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം സംഘപരിവാർ നോമിനികൾക്ക് യുഡിഎഫ് സർക്കാർ നൽകി കഴിഞ്ഞു. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ എതിർത്ത വിഷയങ്ങളിൽ പോലും ആർഎസ്എസിന്റെ താല്പര്യം യു ഡി എഫ് സർക്കാർ സംരക്ഷിച്ചു കൊടുത്ത സംഭവങ്ങൾ നിരവധിയാണ്.

യാതൊരു ചർച്ചയും കൂടാതെ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഒഴുക്കാനുള്ള സതീശന്റെ തീരുമാനത്തിനെതിരെ വി എം സുധീരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കന്മാർ പരസ്യമായി രംഗത്ത് വന്നത് നാം കണ്ടു. കേരളത്തിന്റെ ധാതുനിക്ഷേപങ്ങളും കടലോരവും പൂർണമായും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന പദ്ധതികളും അരങ്ങിൽ തയ്യാറാകുന്നുണ്ട്. നിയമസഭയിൽ വിരലിലെണ്ണാവുന്ന എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള മുഖ്യമന്ത്രി കോർപ്പറേറ്റുകളുടെയും ആർഎസ്എസിന്റെയും പിന്തുണയോടെ കോൺഗ്രസിലെ ഭൂരിപക്ഷത്തിനെതിരെ പോരാടാൻ ശ്രമിക്കുന്നു എന്നത് അരമന രഹസ്യമല്ല.
വിസ്മയങ്ങൾ സാധ്യമാക്കും എന്നു പറഞ്ഞ് അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് ആകെ ബാധ്യതയായി മാറിയിരിക്കുന്നു എന്നതാണ് ആറുമാസത്തെ ബാക്കിപത്രം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma