യുഡിഎഫ് ധവളപത്രത്തിലെ വാദങ്ങളെല്ലാം പൊളിഞ്ഞു, മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുളള അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെ യുഡിഎഫ് ധവളപത്രത്തിൽ ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണെന്ന് മുൻ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ റവന്യൂ വരുമാനത്തിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബാലഗോപാൽ ചൂണ്ടിക്കാണിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക സമീപനങ്ങൾക്കുള്ള അംഗീകാരമാണ് മികച്ച നിലയിലുള്ള ഈ വളർച്ചയെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെഎൻ ബാലോഗപാൽ ആവശ്യപ്പെട്ടു.
കെഎൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ കണക്കുകൾ അക്കൗണ്ടന്റ് ജനറൽ പുറത്തു വിട്ടിരിക്കുന്നു . ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ റവന്യൂ വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച വളർച്ചയാണ്. മെയ് അവസാനത്തോടെയാണ് യുഡിഎഫ് സർക്കാർ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും തുടർച്ചയായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക സമീപനങ്ങൾക്കുള്ള അംഗീകാരമാണ് മികച്ച നിലയിലുള്ള ഈ വളർച്ച. യു.ഡി.എഫ് ധവളപത്രത്തിൽ ഉന്നയിച്ച പ്രധാന വാദങ്ങളെല്ലാം എ.ജിയുടെ ഈ ഔദ്യോഗിക കണക്കുകൾ വന്നതോടെ പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്. തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയുകയാണ് വേണ്ടത്.
വരുമാന വളർച്ച ഇല്ലാത്തതിനാൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും, സാമൂഹിക സുരക്ഷാ പെൻഷനുകളും, മറ്റ് ക്ഷേമ പദ്ധതികളും വെട്ടിച്ചുരുക്കണം എന്ന് വാദിക്കുന്ന യു.ഡി.എഫിന്റെ സാമ്പത്തിക നയങ്ങൾക്ക് വലിയൊരു തിരിച്ചടിയാണ് ഒന്നാം പാദത്തിലെ ഈ മികച്ച പ്രകടനം. കുറഞ്ഞ വരുമാന വളർച്ചയെന്ന വ്യാജ വാദം ഉന്നയിച്ച് ഇനി പാവപ്പെട്ടവന്റെ ക്ഷേമ പെൻഷനുകളോ നാടിന്റെ വികസനമോ തടയാൻ യു.ഡി.എഫിനോ മറ്റാർക്കെങ്കിലുമോ സാധിക്കില്ല എന്ന് ഈ ഒന്നാം പാദ ഫലങ്ങൾ ഉറപ്പിച്ചു പറയുന്നു.
2026 ജനുവരിയിൽ എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിലെ എസ്റ്റിമേറ്റുകൾ വെറും പ്രഖ്യാപനങ്ങളല്ലെന്നും അവ ഈ സാമ്പത്തിക വർഷം പൂർണ്ണമായും നിറവേറ്റപ്പെടുമെന്നും ഈ കണക്കുകൾ അടിവരയിടുന്നു. ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ വരുമാനത്തിൽ 33,311 കോടി രൂപ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഖജനാവിലെത്തി. ഇതിൽ 28,060 കോടി രൂപയും നികുതി വരുമാനമാണ്. മുൻ സർക്കാർ ജിഎസ്ടി വകുപ്പിൽ നടത്തിയ ഘടനാപരമായ മാറ്റങ്ങളും, നികുതി ചോർച്ച തടയാൻ ഐടി അധിഷ്ഠിതമായി സ്വീകരിച്ച കർശന നടപടികളുമാണ് ഇന്ന് കാണുന്ന ഈ വരുമാന വർദ്ധനവിന്റെ യഥാർത്ഥ കാരണം.
വെറുതെ പണം സമാഹരിക്കുക മാത്രമല്ല, അത് നാടിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതിലും ഒന്നാം പാദത്തിൽ വൻ കുതിപ്പുണ്ടായി. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള മൂലധനച്ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി വർദ്ധിച്ച് 7,179 കോടി രൂപയിലെത്തി. പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ തുടങ്ങിയ സാമൂഹിക മേഖലകളിൽ വാർഷിക ലക്ഷ്യവും കടന്നുള്ള നിക്ഷേപമാണ് നടക്കുന്നത്. വരുമാനം വർദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 13,209 കോടി രൂപയായി ഗണ്യമായി കുറയ്ക്കാനും സാധിച്ചു.
ചുരുക്കത്തിൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് കേരളത്തിന്റെ മുന്നോട്ട് പോക്കിനെ തടയാനാകില്ല എന്ന് എ.ജിയുടെ കണക്കുകൾ കൃത്യമായി വ്യക്തമാക്കുന്നു. വികസനത്തിനും ക്ഷേമത്തിനും പണം ഒരു തടസ്സമാകില്ല. യു.ഡി.എഫിന്റെ അടിസ്ഥാനരഹിതമായ ധവളപത്ര വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ്, എൽ.ഡി.എഫ് സർക്കാർ ഒരുക്കിയ സാമ്പത്തിക ഭദ്രതയുടെ കരുത്തുറ്റ അടിത്തറയിൽ നിന്നുകൊണ്ട് വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതിയ ഉയരങ്ങളിലേക്ക് കേരളം കുതിക്കുകയാണ്.


Click it and Unblock the Notifications