'ഇതൊക്കെ പാവപ്പെട്ടവര്‍ക്കുള്ളത്'; ദിയ കൃഷ്ണയ്‌ക്കെതിരേ വീണ്ടും വിമര്‍ശനം; അതേ കാര്യം ആവര്‍ത്തിക്കുന്നു
സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ അഹാന, ഇഷാനി, ഹന്‍സിക എന്നിവരുടെ വീഡിയോകളേക്കാള്‍ റീച്ചുള്ളത് ദിയ കൃഷ്ണയുടെ വീഡിയോകള്‍ക്കാണ്. അതിനു കാരണം വളച്ചുകെട്ടലുകള്‍ ഇല്ലാത്ത ദിയയുടെ സംസാരവും കണ്ടന്റുകളിലെ വ്യത്യസ്തതയുമാണ്.
മൂന്നു മാസം മുമ്പ് മകന്‍ ഓമിക്കു ജന്മം നല്‍കിയത് യൂട്യൂബില്‍ പങ്കുവെച്ചതോടു കൂടിയാണ് ദിയയുടെ വീഡിയോകള്‍ക്ക് ഫോളോവേഴ്‌സില്‍ നിന്ന് കൂടുതല്‍ പിന്തുണ കിട്ടിത്തുടങ്ങിയത്. പ്രസവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും വൈകാരികവുമായ സംഘര്‍ഷങ്ങള്‍ അതേ തീവ്രതയോടു കൂടി ദിയയുടെ വീഡിയോയില്‍ കാണിച്ചത് ഫോളോവേഴ്‌സും നിറഞ്ഞ കണ്ണുകളോടെയാണ് ഏറ്റെടുത്തത്.

എന്നാല്‍ ദിയയുടെ വീഡിയോകള്‍ പലപ്പോഴും വിമര്‍ശനത്തിനും കാരണമാകാറുണ്ട്. ദിയയുടെ വീഡിയോകളിലെ പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ഫോളോവേഴ്‌സ് വലിയ വിമര്‍ശനം ഉയര്‍ത്താറുണ്ട്. നേരത്തെ കുഞ്ഞിന്റെ മുഖം കാണിക്കാത്തതിലായിരുന്നു വിമര്‍ശനം. എന്നാലിപ്പോള്‍ സംരംഭക എന്ന നിലയിലാണ് ദിയ ഇക്കുറി വിമര്‍ശനം കേട്ടത്.
ഫാന്‍സി ആഭരണങ്ങളുടെ വില്‍പ്പനയാണ് ദിയ നടത്തുന്നത്. ഓ ബൈ ഓസി എന്ന പേരില്‍ ഓണ്‍ലൈനായി നടത്തിയിരുന്ന സ്ഥാപനം ഇപ്പോള്‍ തിരുവനന്തപുരത്ത് കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ. ഫാന്‍സി ആഭരണങ്ങള്‍ക്ക് ഒപ്പം സാരികളുടെ വില്‍പ്പനയും ദിയ നടത്തുന്നുണ്ട്.
വില്‍പ്പനയുടെ ഭാഗമായി പുതിയ സാരികള്‍ ദിയ വീഡിയോയിലൂടെ ഫോളോവേഴ്‌സിനെ കാണിക്കാറുണ്ട്. സാരികള്‍ പ്രദര്‍ശിപ്പിച്ച രീതിയാണ് ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുന്നത്. വെറും നിലത്തിട്ടാണ് ദിയ വില്‍പനക്കുള്ള സാരികള്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ പ്രേക്ഷകര്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഒരു ഷീറ്റ് പോലും വിരിക്കാതെ, വില്‍ക്കാനുള്ള സാരികള്‍ നിലത്തിട്ട് വില്‍ക്കുന്നത് കസ്റ്റമേഴ്‌സിനോട് ബഹുമാനമില്ലാത്തതു കൊണ്ടാണെന്ന് പലരും കമന്റുകളില്‍ കുറിച്ചു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ദിയ രംഗത്ത് വന്നു.
അണുവിമുക്തമാക്കിയ തറയിലാണ് സാരികള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി. സാരികള്‍ വിരിച്ച ബാല്‍ക്കണി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന ദിയയുടെ വാദം ഫോളോവേഴ്‌സ് അംഗീകരിച്ചില്ല. എത്ര വൃത്തിയാക്കിയാലും എല്ലാവരും നടക്കുന്ന സ്ഥലമല്ലേ എന്നായിരുന്നു പലരും ചോദിച്ചത്.
ഈ വിവാദത്തിനു ശേഷം വീണ്ടും സമാനമായ രീതിയില്‍ സാരികള്‍ നിലത്തിട്ട് പ്രദര്‍ശിപ്പിച്ച് പുതിയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുകയാണ് ദിയ. ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും വീണ്ടും അതേ കാര്യം തന്നെ ആവര്‍ത്തിക്കുന്നത് ഫോളോവേഴ്‌സിന് വില കല്‍പ്പിക്കാത്തതു കൊണ്ടാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റിടുന്നത്. ഒരു തുണി എങ്കിലും തറയില്‍ വിരിച്ചിട്ട് സാരികള്‍ കാണിച്ചു കൂടെ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ വീഡിയോയില്‍ സാരികള്‍ ഇങ്ങനെ തറയില്‍ ഇടരുതെന്ന് വ്യൂവേഴ്‌സ് നിര്‍ദേശിച്ചിട്ടും ദിയ അതു തന്നെ ആവര്‍ത്തിച്ചത് അടിസ്ഥാന മര്യാദ ഇല്ലാത്തതുകൊണ്ടാണെന്ന് നീതു എന്നയാള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത്, ഈ സാരികള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതു കൊണ്ടാണ് തറയില്‍ വിരിച്ചതെന്നും പ്രീമിയം കസ്റ്റമേഴ്‌സിന് വേണ്ടിയുള്ള സാരികള്‍ siah എന്ന കളക്ഷനിലെ വിലകൂടിയ സാരികള്‍ വാങ്ങും എന്നുമാണ് മറ്റൊരാള്‍ പറയുന്നത്. ദിയയുടെ സഹോദരിമാരും അമ്മയും കൂടി നടത്തുന്ന ഓണ്‍ലൈന്‍ സാരി ഷോപ്പാണ് siah. ഇതിലെ സാരികള്‍ക്ക് വില കൂടുതലാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications