കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം: വനംവകുപ്പ് പ്രതിക്കൂട്ടിൽ, കസ്റ്റഡിയിലെടുത്തതിൽ ചട്ടലംഘനം!!
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിനെ ആക്ഷേപമുയരുന്നു. വനംവകുപ്പ് സ്ഥാപിച്ച സിസിടിവികൾ തകർത്തുവെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആളെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ചിറ്റാറിൽ മത്തായിയാണ് മരിച്ചത്. മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് അധികൃതരാണെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. ഇതിനിടെ മത്തായിയെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച ചട്ടലംഘനങ്ങളും പുറത്തുവരുന്നുണ്ട്. കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച സിസിടിവി കേടുവരുത്തിയെന്നാണ് മത്തായിക്കെതിരെയുള്ള ആരോപണം.
സംസ്ഥാനങ്ങള് പെടാപ്പാട് പെടും... ജിഎസ്ടി നഷ്ടപരിഹാരം സമീപഭാവിയിൽ ഒന്നും കിട്ടില്ല; എന്ത് സംഭവിക്കും

ചട്ടലംഘനം?
മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത് എന്ത് കുറ്റത്തിനാണ് എന്ന വിവരം ഉദ്യോഗസ്ഥർ ബന്ധുക്കളെയോ ജനപ്രതിനിധികളെയോ അറിയിച്ചിട്ടില്ല. കൂടാതെ കസ്റ്റഡിയിലെടുത്ത മത്തായിയെ ചിറ്റാറിലെ വനംവകുപ്പ് ഓഫീസിൽ എത്തിക്കുകയും ചെയ്തിട്ടില്ല. സ്റ്റേഷനിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിലും മത്തായിയെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച വിവരം രേഖപ്പെടുത്തിയിട്ടില്ല. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിനായി കൊണ്ടുപോയിട്ടുള്ളത്. ഇതിനെല്ലാം പുറമേ കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ ജീവന് സംരക്ഷണം ഉറപ്പാക്കാതെ തെളിവെടുപ്പിന് കൊണ്ടുപോയതിലും വീഴ്ചയുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

പോലീസിൽ അറിയിച്ചില്ല
വനംവകുപ്പിന്റെ ക്യാമറ മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച് സിആർപിസി പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ ചിറ്റാർ പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ ഇക്കാര്യവും വനംവകുപ്പ് ചെയ്തിട്ടില്ല. ക്യാമറ മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച് വനംവകുപ്പ് മഹസർ തയ്യാറാക്കുകയോ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. മത്തായിയുടെ മരണ ശേഷം ബുധനാഴ്ച മാത്രമാണ് സിസിടിവി മോഷ്ടിച്ചതിന് കേസെടുത്ത ശേഷം കോടതിയിൽ മഹസറും റിപ്പോർട്ടും നൽകുന്നത്.

മെമ്മറി കാർഡ് മോഷ്ടിച്ചെന്ന്
വനംവകുപ്പ് കടുവാ നിരീക്ഷണത്തിനായി കുടപ്പനക്കുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് മോഷ്ടിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് മത്തായിയെ കസ്റ്റഡിയിലെടുത്ത ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് വീട്ടിലെ കിണറ്റിൽ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മത്തായിയുടെ ഫാമിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഇതിനൊപ്പം തന്നെ മത്തായിയുടെ ഭാര്യയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മത്തായിയെ കേസിൽ കുടുക്കിയതാണെന്നും നടപടികൾ ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നുമാണ് ഇവരുടെ ആരോപണം.

മരണം സംഭവിച്ചതെങ്ങനെ
ചിറ്റാർ വനംവകുപ്പ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മത്തായിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ സ്റ്റേഷനിലേക്ക് വരാനാണ് ഉദ്യോഗസ്ഥർ ബന്ധുക്കളോട് നിർദേശിച്ചത്. ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ മത്തായിയെ തെളിവെടുപ്പിനായി കൊണ്ടുപോയെന്ന വിവരമാണ് ലഭിച്ചത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മത്തായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിണറ്റിൽ വീണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മത്തായിയെ രക്ഷിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.

കണ്ടത് മൃതദേഹം
നാട്ടുകാർ സംഭവ സ്ഥലത്തെത്തുമ്പോൾ മത്തായിയുടെ മൃതദേഹമാണ് കാണുന്നത്. ഇതോടെ നാട്ടുകാർ ഇടപെട്ട് വനംവകുപ്പിന്റെ വാഹനം തടഞ്ഞുവെക്കുകകയായിരുന്നു. ഉദ്യോഗസ്ഥർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തെന്നും നാട്ടുകാർ പറയുന്നു. മത്തായി കിണറ്റിൽ വീണ് ഏറെ സമത്തിന് ശേഷമാണ് വനപാലകർ ഇക്കാര്യം സമീപവാസികളെ പോലും അറിയിക്കുന്നത്.

നാട്ടുകാരുടെ പ്രതിഷേധം
മൃതദേഹം പുറത്തെടുക്കാൻ അഗ്നിരക്ഷാസേന എത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം മാത്രം മൃതദേഹം പുറത്തെടുത്താൽ മതിയെന്ന് നാട്ടുകാർ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേൃത്വത്തിലുള്ള പോലീസ് സംഘവും എംഎൽഎയും സ്ഥലത്തെത്തിയതോടെയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ പോലീസോ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണമെന്നും ബന്ധുക്കളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. മണിയാർ ഹൈസ്കൂളിലെ ജീവനക്കാരി ഷീബ ഭാര്യയാണ്. സോന, ഡോണ എന്നിവർ മക്കളാണ്.