സോളാർ ചൂടിനിടെ കോൺഗ്രസിലെ യുവ എംഎൽഎയ്ക്കെതിരെയും ആരോപണം! ബഹ്റൈനിൽ സംഭവിച്ചത്...
പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച റൈസണുമായി റോജി എം ജോൺ ബഹ്റൈനിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
കൊച്ചി: സോളാർ കേസിലെ പുകിലുകൾക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി യുവ എംഎൽഎയ്ക്കെതിരെയും ആരോപണം. ക്വട്ടേഷൻ കേസിലെ പ്രതിയുമായി കൂടിക്കാഴ്ച നടത്തിയതായി അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
അങ്കമാലിയിലെ വ്യാപാരി ജെയിനിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച റൈസണുമായി റോജി എം ജോൺ ബഹ്റൈനിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. 2016 ജനുവരി 22നാണ് ജെയിനിനെ ആറംഗ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

27 വെട്ടുകളേറ്റ ജെയിനിന് ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും ശാരീരിക അവശതകളുണ്ട്. റൈസണാണ് ജെയിനിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയത്. ഇതിനിടെ റൈസൺ വിദേശത്ത് കടന്നതോടെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയതിൽ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ജെയിൻ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്ക് താൻ നേരത്തെ പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ റോജി എം ജോൺ എംഎൽഎ നിഷേധിച്ചു. അങ്കമാലി പ്രവാസി കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ബഹ്റൈനിൽ പോയത്. പരിപാടിക്കിടെ പലരും വന്ന് ഫോട്ടോയെടുത്ത സമയത്താണ് റൈസണും തന്നോടൊപ്പം ഫോട്ടോയെടുത്തത്. അങ്കമാലിയിൽ ഇങ്ങനെയൊരു കേസുണ്ടെന്നും, എന്നാൽ കേസിലെ പ്രതി ഇയാളാണെന്ന് അറിയില്ലായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.












Click it and Unblock the Notifications