നിയമസഭ തല്ലിതകർത്തവർ മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യം; മന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ വിമർശിച്ച മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭ തല്ലിതകർത്തവർ വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കേരളത്തിൻ്റെ നിയമസഭ തല്ലിതകർത്ത മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണ് പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു.
വികസനം എന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസർക്കാരിൻ്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി.മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വി.ശിവൻകുട്ടിയുടെ എനീഷ്യലിലെ വി വാചകമടിയെന്നാണ്. വാചക കസർത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിൻ്റെ കൈമുതൽ.

ഉക്രൈയിനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് വി.മുരളീധരനായിരുന്നു. കൊവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സർക്കാരിലെ മന്ത്രിമാർ വി.മുരളീധരനെതിരെ പറഞ്ഞാൽ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാകുകയാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ എന്നായിരുന്നു മന്ത്രി വി ശിവന്‍ക്കുട്ടിയുടെ വിമർശനം. കേന്ദ്ര മന്ത്രിയായ വി മുരളീധരൻ സംസ്ഥാനത്ത് എത്തുമ്പോൾ നൽകേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാൻ വി മുരളീധരൻ ശ്രമിക്കരുത്. കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അൽപ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്. വരും നാളുകളിൽ വീടുകൾ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കിൽ കൂടുതൽ പ്രതികരണങ്ങൾ വന്നാൽ അത്ഭുതമില്ല. കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമാണെന്നും വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ












Click it and Unblock the Notifications