'മുകേഷ് എംഎൽഎ സ്ഥാനം രാജി വെയ്ക്കണം, സ്വയം മാറിനിന്നില്ലെങ്കിൽ മാറ്റിനിർത്തി അന്വേഷിക്കണം': ആനി രാജ
ഡൽഹി: ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണമെന്ന് സി പി ഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്ന് പൊതുജനങ്ങൾ സംശയിക്കുമെന്നും അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ആനി രാജ പറഞ്ഞു.
മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റിനിർത്തി അന്വേഷിക്കണം. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനയിലെ കൂട്ട രാജി അനിവാര്യമായിരുന്നുവെന്നും സിനിമാ മേഖലയിലെ സമഗ്ര മാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവർ പറഞ്ഞു.
ഇന്നാണ് അമ്മ സംഘടനയുടെ ഭരണസമിതി രാജി വെച്ചത്.

ഭരണസമിതിയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. അമ്മയിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
ജഗദീഷ് ഉൾപ്പെടെയുള്ള നടൻമാർ കടുത്ത നിലപാട് സ്വീകരിച്ചു.
ഇതിനെ മുതിർന്ന താരങ്ങളുമായി മോഹൻലാൽ പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. യോഗത്തിന് മുൻപായി തന്നെ മോഹൻലാൽ ഒരു നിർണായക തീരുമാനം ഉടൻ തന്നെ ഉണ്ടാകമെന്നും പറഞ്ഞിരുന്നു. യോഗത്തിൽ വളരെ വൈകാരികമായിട്ടായിരുന്നു മോഹൻലാലിന്റെ രാജി പ്രഖ്യാപനം. ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നതെന്നും ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുകയാണ് എന്നും ആണ് മോഹൻലാൽ അറിയിച്ചത്.
' ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ - ദൃശ്യ - അച്ചടി മാധ്യമങ്ങളിൽ അമ്മ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം മുൻനിർത്തി രാജിവെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും' പത്രക്കുറിപ്പിൽ പറയുന്നു.
'അമ്മ' ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതു യോഗം വരെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും, പത്രക്കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications