വിമതരെ കൂട്ടുപിടിച്ച് സിപിഎമ്മിനെതിരെ പടയൊരുക്കം; അന്‍വര്‍ 'ഫ്രോഡ്' ആണെന്ന് തൃണമൂല്‍ നേതൃത്വം
തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ തീരുമാനം വിലപേശൽ രാഷ്ട്രീയം ആണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. സിപിഎമ്മിനെതിരെ പടയൊരുക്കം നടത്താൻ അൻവർ പാർട്ടി വിട്ട നേതാക്കന്മരെ കൂട്ടുപിടിക്കുന്നത് അതിനാണെന്നാണ് നിരീക്ഷണം. യുഡിഎഫുമായി ആലോചിച്ച് പുതിയ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കുമെന്ന് പറഞ്ഞതും അൻവറിന്‍റെ രാഷ്‌ട്രീയ ലാക്ക് ആണ്. ഇത് യുഡിഎഫിന് ഗുണം ചെയ്യുമോയെന്ന് കാത്തിരുന്ന് കാണണം.
തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയിലും കോൺഗ്രസിനോടുള്ള ടിഎംസിയുടെ നിലപാടിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നാണ് അൻവർ പറയുന്നത്. അടുത്ത മാസം 15നുള്ളിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും അൻവർ വ്യക്തമാക്കി. സിപിഎം വിട്ടവരുടെ കൂട്ടായ്മയായിരിക്കും ഇതെന്ന തുറന്നുപറച്ചിൽ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പിഎയും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയുമായ എ. സുരേഷുമായി ഞായറാഴ്ച കൂടിക്കാഴ്‌ച നടത്തിയ അൻവർ സിപിഎം വിട്ട നേതാക്കളുമായി ഇനിയും ചർച്ച നടത്തുമെന്ന് വ്യക്തമാക്കിയ ശേഷമാണ് പുതിയ പാർട്ടിയെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമായി പ്രവർത്തിച്ചിട്ടും കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ദേശീയ നേതൃത്വം യാതൊരുവിധ പിന്തുണയും നൽകിയില്ലെന്നാണ് അൻവർ കുറ്റപ്പെടുത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രചാരണത്തിനായി ദേശീയ നേതാക്കളെ അയച്ചുതരണമെന്ന ആവശ്യം അവഗണിച്ചു. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ കഴിയില്ലെന്ന ദേശീയ നേതൃത്വത്തിൻ്റെ നിലപാട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അൻവർ വെറും 'ഫ്രോഡ്’ ആണെന്നും മനോനില തകരാറിലാണെന്നുമുള്ള രൂക്ഷ പ്രതികരണവുമായാണ് തൃണമൂൽ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. 'അന്‍വര്‍ അധികാരമോഹിയാണ്. രാഷ്ട്രീയസ്ഥിരതയില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ അന്‍വര്‍ ജയിക്കില്ല. അന്‍വര്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി നശിക്കും’- തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ സംസ്ഥാന സെക്രട്ടറി വി.ശിവദാസന്‍ നായര്‍ (ദാസു) പറഞ്ഞു.
അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് മമത ബാനര്‍ജിക്ക് അയച്ച കത്തില്‍, സിറ്റിങ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരും മുന്‍ എംപിമാരുമടക്കം തനിക്കൊപ്പം ടിഎംസിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നെന്ന് ദാസു ചൂണ്ടിക്കാട്ടി. എംഎല്‍എമാരായ യു.പ്രതിഭ, കോവൂര്‍ കുഞ്ഞുമോന്‍, കെ.പി.മോഹനന്‍, കെ.കെ.രമ, തോമസ് കെ.തോമസ് എന്നിവരുടെയും മുന്‍ എംഎല്‍എമാരുടെയും മുന്‍ എംപിമാരുടെയുമെല്ലാം പേരുകള്‍ ഇതിലുണ്ടായിരുന്നു.
മമത ബാനര്‍ജി നിര്‍ദേശിച്ചതനുസരിച്ച് കത്തിലെ വസ്തുത അന്വേഷിച്ചപ്പോൾ എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ക്കൊന്നും ഇതേപ്പറ്റി അറിയില്ലെന്നാണ് മനസ്സിലായത്. 'അന്‍വറിനെപ്പോലെ ഒരു ഫ്രോഡിനെ ഇതുവരെ കണ്ടിട്ടില്ല. രാഷ്ട്രീയം അന്‍വറിന് ചേര്‍ന്ന പണിയല്ല. മാധ്യമശ്രദ്ധ കിട്ടാന്‍വേണ്ടി വായില്‍ തോന്നിയതെല്ലാം പറയുകയാണ്. അന്‍വറിന്‍റെ മനോനില തകരാറിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാനസികരോഗ വിദഗ്ധനെക്കൊണ്ട് ചികിത്സിപ്പിക്കണം’- ദാസു പറഞ്ഞു.
ബംഗാളിൽ നിലനിൽപ്പിനായി പോരാടുന്ന തൃണമൂൽ കോൺഗ്രസ്, മതേതര ജനാധിപത്യ കക്ഷികളുമായി സഹകരിക്കാൻ തയ്യാറാകാത്തത് രാഷ്ട്രീയമായി ശരിയല്ലെന്നാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്. പുതിയ പാർട്ടി യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കും. ഫാഷിസത്തിനെതിരെ പോരാട്ടം നടത്തുന്ന ദേശീയ പാർട്ടി എന്ന നിലയിലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ, കേരളത്തിൽ കോൺഗ്രസുമായി ചേർന്ന് പോകുന്നതിൽ ദേശീയ നേതൃത്വം പിന്തുണ നൽകിയില്ല. തൃണമൂൽ ബന്ധം ഉപേക്ഷിക്കാൻ യുഡിഎഫ് സമ്മർദ്ദം ചെലുത്തിയിട്ടില്ല. യുഡിഎഫ് മുന്നണിയുടെ ഭാഗമായി നിന്ന് ബിജെപി-സിപിഎം വിരുദ്ധ പോരാട്ടം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ അഴിമതിയും ഗുരുതരമായ ക്രമക്കേടുകളും ആരോപിച്ച് 2024 സെപ്റ്റംബറിലാണ് അൻവർ ഇടതുമുന്നണിയുമായി ഇടഞ്ഞത്. ശേഷം, 2025 ജനുവരി 10ന് കൊൽക്കത്തയിൽ വെച്ച് അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പാർട്ടിയുടെ കേരള സ്റ്റേറ്റ് കോർഡിനേറ്ററായി.
കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാൻ മൂന്ന് ദിവസം കഴിഞ്ഞ് നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചു. തുടർന്ന് ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടിഎംസി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് എത്തിയത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തില്‍ യുഡിഎഫിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു അൻവർ. കൂടുമാറ്റം പതിവാക്കിയ അൻവറിന്‍റെ രാഷ്‌ട്രീയം ഇനി ഏത് ദിശയിലേക്കെന്ന് കേരളം കാത്തിരുന്നു കാണണം.












Click it and Unblock the Notifications