ആലുവ കൊലപാതകം: പ്രതി അസഫാക് കൊടുംക്രിമിനല്‍, ഡല്‍ഹിയിലും ജയിലില്‍, ജാമ്യമെടുത്ത് മുങ്ങി
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന കേസിലെ പ്രതി അസഫാക്ക് കൊടും ക്രിമിനലെന്ന് പോലീസ്. ഇയാള്‍ക്കെതിരെ ഡല്‍ഹിയിലും കേസുണ്ട്. അവിടെ പോക്‌സോ കേസ് പ്രതിയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ഡല്‍ഹിയില്‍ ജയിലിലായിരുന്നു. 2018ല്‍ ഗാസിപൂര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം ജയിലിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
അതേസമയം ഡല്‍ഹിയില്‍ അസഫാക്കിനെതിരെയുള്ള കേസും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ വിശദമായി തന്നെ ചോദ്യം ചെയ്യണമെന്നാണ് പോലീസ് തീരുമാനം.പോലീസ് അസഫാക്കിനെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ കേസുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നുവെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐപിഎസ് അറിയിച്ചു.

അസഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീന്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം പറഞ്ഞു. അസഫാക്ക് കുഞ്ഞുമായി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. ഈ കുഞ്ഞ് ആരുടേതാണെന്നും, മാര്‍ക്കറ്റിലേക്ക് എന്തിനാണ് വന്നതെന്നുമെല്ലാം താജുദ്ദീന്‍ പ്രതിയോട് ചോദിച്ചിരുന്നു. തന്റെ കുഞ്ഞാണെന്നും, മദ്യപിക്കാന്‍ വന്നതാണെന്നുമായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.ഗാസിപൂരില്‍ പോക്‌സോ ആക്ടിലെ സെക്ഷന്‍ 12 പ്രകാരവും, ഐപിസിയുടെ 354, 354 എ വകുപ്പുകളും പ്രകാരമായിരുന്നു കേസ്.ഒരു മാസത്തോളം വിചാരണത്തടവുകാരനായിരുന്നു.
ഫിംഗര്‍ പ്രിന്റ് ഡാറ്റ ബേസില്‍ വിവരങ്ങളാണ് അസഫാക്കിന്റെ മറ്റൊരു കുറ്റകൃത്യം പുറത്തുവരാന്‍ ഇടയാക്കിയത്. ബീഹാറില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളൊന്നും ഉള്ളതായി വിവരമില്ലെന്ന് വിവേക് കുമാര്‍ പറഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ ആദ്യം പറഞ്ഞിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല ചെയ്ത കാര്യം സമ്മതിച്ചത്.
അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കുടുംബം പെണ്‍കുട്ടിയുടെ കുടുംബം സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം അക്കാര്യത്തിലും പോലീസ് നടത്തുന്നുണ്ട്. അസഫാഖിനെ ഞായറാഴ്ച്ച ഉച്ചയോടെ ജയിലില്‍ അടച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ഉള്ളത്. അസഫാഖ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ രണ്ട് മാസം മുമ്പാണ് എത്തിയത്. എന്നാല്‍ ആലുവയില്‍ എത്തിയിട്ട് ഏഴ് മാസത്തോളമായി. കേരളത്തില്‍ വന്നിട്ട് മൂന്ന് കൊല്ലമായി എന്നാണ് വിവരം. അസഫാക് കേരളത്തില്‍ എവിടെയെല്ലാം താമസിച്ചു എന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.












Click it and Unblock the Notifications