അഞ്ച് വയസുകാരിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവുള്ളതായി സൂചന; കൊലപാതകം അതിക്രൂരം
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവുകളുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അസം സ്വദേശി അസ്ഫാഖ് ആലം ബീഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ആലുവ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ കുട്ടിയുമായി ഇവിടേക്ക് പോകുന്നത് കണ്ടവരുണ്ട്. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്റെ മകളാണെന്നാണ് ഇയാള്‍ പറഞ്ഞത്. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിന് സമീപം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാന്‍ എത്തിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം അതിരുവിട്ടതോടെ പൊലീസ് മടങ്ങി. വലിയ പൊലീസ് സന്നാഹമുണ്ടായിട്ടും പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പൊലീസ് വാഹനങ്ങള്‍ ജനങ്ങള്‍ തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ പൊലീസ് മടങ്ങുകയായിരുന്നു. ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം.
അതേസമയം, പ്രതി അസ്ഫാക്ക് ആലം കുറ്റം സമ്മതിച്ചെന്ന് എസ് പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പറഞ്ഞത് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടിയാണെന്നും കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്നും എസ് പി വ്യക്തമാക്കി. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
കേസില്‍ കൂടുതല്‍ പ്രതികരണവുമായി ഡി ഐ ജി ശ്രീനിവാസ് രംഗത്തെത്തിയിരുന്നു. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോള്‍ കുട്ടി കൂടെയില്ലെന്ന് ഡി ഐ ജി ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആലുവയില്‍ അസം സ്വദേശിയായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തില്‍ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന നാട്ടില്‍ ജനങ്ങള്‍ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ഒഴികെ ആര്‍ക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തില്‍ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications