അഞ്ച് വയസുകാരിക്ക് കണ്ണീരോടെ വിട നല്‍കി നാട്; അസ്ഫാഖ് റിമാന്‍ഡില്‍
കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാഖ് ആലത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അസ്ഫാഖിനെ ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അതിനിടെ അസ്ഫാഖിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, പോക്‌സോ എന്നിവ ഉള്‍പ്പടെ ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് അസ്ഫാഖിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാരം നടന്നു. കീഴ്മാട് പൊതുശ്മശാനത്തില്‍ ആയിരുന്നു സംസ്‌കാരം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തായിക്കാട്ടുകര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് ബീഹാര്‍ സ്വദേശിയായ 5 വയസുകാരിയെ കാണാതാകുന്നത്. നാട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോട് ചേര്‍ന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു.
തായിക്കാട്ടുകര ഗാരേജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നു. മാതാപിതാക്കള്‍ക്കും മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് അസ്ഫാഖ് ആലം ഇവിടെ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് അസ്ഫാഖ് ആലം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്.
ഇയാള്‍ കുട്ടിയുമായി പോകുന്നത് ചിലര്‍ കണ്ടിരുന്നു. ആരുടെ കുട്ടിയാണെന്ന് ചോദിച്ചപ്പോള്‍ സ്വന്തം കുട്ടിയാണ് എന്നാണ് പറഞ്ഞത്. സി സി ടി വി ദൃശ്യങ്ങളിലും ഇയാള്‍ കുട്ടിയുമായി പോകുന്നത് കണ്ടതോടെ അസ്ഫാഖിനെ പൊലീസ് വെള്ളിയാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ലഹരിക്കടിമയായിരുന്ന ഇയാളുടെ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. കുട്ടിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറി എന്നും ഇയാള്‍ പറഞ്ഞിരുന്നു.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്. കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളേറ്റിട്ടുണ്ടായിരുന്നു. ചാക്കില്‍ ഒടിച്ച് നുറുക്കി വെച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്.












Click it and Unblock the Notifications