ആലുവ കൊലപാതകം; അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി, എല്ലാ വകുപ്പുകളും തെളിയിക്കപ്പെട്ടു
ആലുവ: ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിക്കെതിരായ 16 വകുപ്പുകളും തെളിയിക്കപ്പെട്ടെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന് നാല് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം പ്രതിക്കെതിരായ എല്ലാ വകുപ്പുകളും തെളിഞ്ഞ സാഹചര്യത്തില്‍ വധശിക്ഷ തന്നെ ലഭിച്ചേക്കും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ശിക്ഷാ വിധി പിന്നീട് പ്രഖ്യാപിക്കും.

ഇക്കൊല്ലം ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ നിന്ന് അഞ്ച് വയസുകാരിയെ പ്രതിയായ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം കേരളമാകെ തിരച്ചിലിനായി ഒപ്പം നിന്നു.
തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ നിലയിലായിരുന്നു. കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താടിയെല്ല് തകര്‍ന്ന് മുഖം വികൃതമായിരുന്നു. കുട്ടിയെ അസ്ഫാക്ക് കൊണ്ടുപോകുന്നത് ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി കണ്ടിരുന്നു.
ഇദ്ദേഹം അസ്ഫാക്കിനോട് ആരുടെ കുട്ടിയാണെന്ന് ചോദിച്ചപ്പോള്‍ തന്റെ കുട്ടിയാണ് എന്നായിരുന്നു പ്രതി മറുപടി പറഞ്ഞത്. കുട്ടിയെ കാണാതായ ദിവസം രാത്രി തന്നെ അസ്ഫാക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം കേസ് രജിസ്റ്റര്‍ ചെയത് അതിവേഗമാണ് പിന്നീടുള്ള നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കിയത്. കൃത്യം നടന്ന് 35-ാം ദിവസം തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. അസ്ഫാക്കിനെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളുള്ള കേസില്‍ 99-ാം ദിവസമാണ് വിധി വരുന്നതും എന്നതും ശ്രദ്ധേയം. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡി എന്‍ എ. സാംപിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കിയിരുന്നു.
റൂറല്‍ എസ് പി വിവേക് കുമാര്‍, ഡിവൈ എസ് പി പി പ്രസാദ്, സി ഐ എം എം മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ജി മോഹന്‍രാജായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.












Click it and Unblock the Notifications