ആലുവ കൊലപാതകം: അസ്ഫാക്ക് ആലത്തിന്റെ ശിക്ഷ ശിശുദിനത്തിൽ പ്രഖ്യാപിക്കും; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
ആലുവ: ആലുവയിൽ ബീഹാർ സ്വദേശിനിയായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി ശിശുദിനമായ നവംബർ 14ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു

എറണാകുളം പോക്സോ കോടതിയിലാണ് വാദം നടന്നത്. തന്നെ വെറുതേവിടണമെന്ന് പ്രതി കോടിതിയോട് അഭ്യർത്ഥിച്ചിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
പ്രതി കുറ്റകൃത്യം നടത്തിയ രീതി അപൂർവങ്ങളിൽ അപൂർവ്വമാണെന്നും ബലാത്സംഗം ചെയ്ത ശേഷം മാലിന്യകൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. പിന്നീട് മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തു. പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസീക്യൂഷൻ വാദിച്ചു.
അത്യന്തം മനുഷ്യത്വ വിരുദ്ധം ആയാണ് മൃതദേഹം മറയ്ക്കാൻ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നത്. ഇതിന് ശേഷം ഓരോ അമ്മമാരും ഭീതിയിലാണ്. പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. വീട്ടിൽ അടച്ചിട്ടുവളരുന്ന കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകും എന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള വകുപ്പുകളിൽ ശിക്ഷ ഉണ്ടാവില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആയിരിക്കും ശിക്ഷ വിധിക്കുക.
ഇന്ന് പ്രതിയുടെ മാനസിക നില പരിശോധിച്ച് സർക്കാർ നൽകിയ റിപ്പോട്ട്
അംഗീകരിക്കരുത് എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിൽ സ്വതന്ത്ര്യ ഏജൻസി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മാനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
കേസിൽ പ്രതി അസ്ഫാക്ക് ആലം കുറ്റകാരൻ ആണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട നാല് റിപ്പോർട്ടുകൾ നേരത്തെ സമർപ്പിച്ചിരുന്നു, വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങൾ അടക്കം ഗൗരവ സ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസ്ഫാക്ക് ആലത്തിനെതിരെ കണ്ടെത്തിയത്.
കഴിഞ്ഞ ജൂലായ് 28 നാണ് ബീഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്.












Click it and Unblock the Notifications