കുട്ടിയെയും അയാളെയും കണ്ടു... പിന്നാലെ മൂന്നുപേര്‍; ആലുവ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: ആലുവയില്‍ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ പിന്നാലെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് ഇതുവരെയുള്ള വിവരം. കുട്ടിയുമായി പോയ ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലം പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒട്ടേറെ സംശയങ്ങള്‍ ഇനിയും കേസില്‍ ബാക്കിയാണ്. കുട്ടിയെ കൊലപ്പെടുത്തിയത് ആരാണ് എന്നാണ് അറിയേണ്ടത്. അസ്ഫാഖ് കുട്ടിയെ സക്കീര്‍ എന്ന വ്യക്തിക്ക് കൈമാറി എന്നാണ് പോലീസിനോട് പറഞ്ഞത്. അന്വേഷണം വഴിതെറ്റിക്കാനുള്ള അസ്ഫാഖിന്റെ ശ്രമമാണോ ഇത് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനിടെ കുട്ടിയെ അവസാനമായി കണ്ട ചുമട്ടുതൊഴിലാളി താജുദ്ദീന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15ഓടെ പ്രതി കുട്ടിയുമായി ആലുവ മാര്‍ക്കറ്റിന് പിന്‍ഭാഗത്തേക്ക് പോകുന്നത് കണ്ടുവെന്ന് താജുദ്ദീന്‍ പറയുന്നു. ''സംശയം തോന്നിയപ്പോള്‍ ചോദ്യം ചെയ്തു. തന്റെ മകളാണ് എന്നാണ് പ്രതി പറഞ്ഞത്. നീല ടീഷര്‍ട്ടും കാവി മുണ്ടുമായിരുന്നു പ്രതിയുടെ വേഷം. കുട്ടിയുടെ കൈയ്യില്‍ മിഠായിയുണ്ടായിരുന്നു. കുട്ടിയും പ്രതിയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു...
പ്രതിക്ക് അല്‍പ്പം മലയാളം അറിയാം. മദ്യപിക്കാനാണ് പോകുന്നത് എന്ന് തന്നോട് പ്രതി പറഞ്ഞു. ഇവര്‍ക്ക് പിന്നാലെ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പോകുന്നത് കണ്ടു. ഇന്ന് രാവിലെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തനിക്ക് സംശയം തോന്നി. ഉടനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. മൊബൈലില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. ലാന്റ് ഫോണില്‍ വിളിച്ചപ്പോള്‍ വനിതാ പോലീസ് എടുത്ത് എസ്‌ഐക്ക് കൈമാറി...
ഉടനെ ഞങ്ങള്‍ എത്താമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റിലെ കടയോട് ചേര്‍ന്ന സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചു. താന്‍ പറഞ്ഞ പോലെ പ്രതിയും കുട്ടിയും വന്നതായി കണ്ടു. ശേഷം മാര്‍ക്കറ്റില്‍ മൊത്തം പോലീസും ഞങ്ങളും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ശേഷം പോലീസ് മറ്റു സിസിടിവികള്‍ പരിശോധിക്കാന്‍ പോയി...
അല്‍പ്പ നേരം കഴിഞ്ഞ് പോലീസുകാര്‍ വീണ്ടുമെത്തി. മറ്റു സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ പ്രതിയും കുട്ടിയും മടങ്ങി പോകുന്നതായി കണ്ടില്ല. ഇതാണ് വീണ്ടും മാര്‍ക്കറ്റിനടുത്ത് തിരയാന്‍ എത്തിയത്. തുടര്‍ന്ന് ചുറ്റുപാടും പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഉച്ചയ്ക്ക് ശേഷം ഈ മേഖല ബാറിന് സമാനമാണ് എന്നും താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. താജുദ്ദീന്‍ പറയുന്നത് പ്രകാരമാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകാം. ഇക്കാര്യവും പോലീസ് പരിശോധിക്കും.












Click it and Unblock the Notifications