കണ്ണീര്‍നോവായി ജോയി, മൃതദേഹം സംസ്‌കരിച്ചു; സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കും
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളിയും മാരായമുട്ടം സ്വദേശിയുമായ ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കാണാതായി 48 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയോടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ജീവനോടെ ജോയി തിരിച്ചെത്തും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന അമ്മയേയും ബന്ധുക്കളേയും ആശ്വസിപ്പിക്കാന്‍ നാട്ടുകാരും മറ്റും ഏറെ പണിപ്പെട്ടു. ശനിയാഴ്ചയാണ് തോട് നന്നാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ജോയിയെ കാണാതായത്. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും രണ്ട് ദിവസം കിണഞ്ഞ് പരിശ്രമിച്ചിട്ടും ജോയിയെ കണ്ടെത്താനായിരുന്നില്ല.

ഇന്നലെ രാത്രിയോടെ നാവികസേനയും തിരച്ചിലിനായി എത്തിയിരുന്നു. എന്നാല്‍ എല്ലാവരുടേയും കാത്തിരിപ്പുകളും പ്രതീക്ഷകളും അസ്ഥാനത്താക്കി ജോയിയുടെ മൃതദേഹം തകരപ്പറമ്പ് ഉപ്പിടാംമൂട് ഇരുമ്പ് പാലത്തിന് സമീപം പൊങ്ങുകയായിരുന്നു. ബൈക്ക് യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോര്‍പറേഷന്റെ ആരോഗ്യവിഭാഗം ജീവനക്കാരെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. അതേസമയം ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും എന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് കളക്ടര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാറശാല എം എല്‍ എ മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ധനസഹായം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും. സഹായം സംബന്ധിച്ച് നഗരസഭ ചെയ്യേണ്ട കാര്യങ്ങള്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മേയര്‍ പറഞ്ഞു.
ഇന്നത്തെ എല്ലാ ചെലവുകളും എം എല്‍ എ ഇടപെട്ട് സര്‍ക്കാര്‍ തന്നെ വഹിക്കുന്ന രീതിയില്‍ ചെയ്തിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നും അവ വേഗം നടപ്പിലാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നും നാട്ടുകാര്‍ പറഞ്ഞു. ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പരമാവധി നടത്തിയിട്ടുണ്ട് എന്നും നാട്ടുകാര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയുടെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യവാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍ തോട്. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് ജോയിയും മറ്റ് മൂന്ന് തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനായി ഇറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്നു ജോയി. കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് ജോയിയെ കാണാതായത്. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നരകിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications