ജോയി ഇപ്പോഴും കാണാമറയത്ത്; പരസ്പരം പഴിചാരി കോര്‍പ്പറേഷനും റെയില്‍വേയും
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയായ ജോയിയെ കാണാതായി 33 മണിക്കൂര്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലെത്തുന്നില്ല. അതിനിടെ ആമയിഴഞ്ചാന്‍ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനും റെയില്‍വേയും പരസ്പരം പഴിചാരി രംഗത്തെത്തി. തോട് വ്യത്തിയാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായി എന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണല്‍ വൃത്തിയാക്കാന്‍ കോര്‍പറേഷന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും റെയില്‍വേ മറുപടി നല്‍കിയില്ലന്നും മേയര്‍ പറഞ്ഞു. എന്നാല്‍ മേയറുടെ ആരോപണങ്ങള്‍ തള്ളി റെയില്‍വേ എ ഡി ആര്‍ എം എം ആര്‍ വിജി രംഗത്തെത്തി. റെയില്‍വേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെ ചുമതല കോര്‍പ്പറേഷനാണ് എന്ന് വിജി മാധ്യമങ്ങളോട് പറഞ്ഞു.

ടണല്‍ വൃത്തിയാക്കാന്‍ ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്നും അനുവാദം ചോദിച്ചിട്ടും നല്‍കിയില്ലെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും വിജി പറഞ്ഞു. ഭാവിയിലും ടണല്‍ വൃത്തിയാക്കാന്‍ കോര്‍പറേഷന് ഒരു തടസവും ഉണ്ടാവില്ലെന്നും റെയില്‍വേ വ്യക്തമാക്കി. റെയില്‍വേയുടെ ഖര മാലിന്യം തോട്ടില്‍ കളയുന്നില്ല എന്നും വെള്ളം മാത്രമേ ഒഴുക്കി വിടുന്നുള്ളൂ എന്നും വിജി പറഞ്ഞു.
2015, 2017, 2019 വര്‍ഷങ്ങളില്‍ കോര്‍പ്പറേഷനാണ് ഈ ഭാഗം ക്‌ളീന്‍ ചെയ്തത് എന്നും ഇത്തവണ കോര്‍പ്പറേഷന്‍ അസൗകര്യം പറഞ്ഞപ്പോള്‍ നല്ല ഉദ്ദേശത്തോടെ റെയില്‍വേ ഏറ്റെടുക്കുകയാണ് ഉണ്ടായത് എന്നും വിജി വ്യക്തമാക്കി. ഖര മാലിന്യം പൂര്‍ണമായും ഒഴുകിയെത്താതിരിക്കാന്‍ പാഴ്സല്‍ ഓഫീസിന് സമീപമുള്ള കമ്പിവലയുടെ കണ്ണികള്‍ ചെറുതാക്കുമെന്നും റെയില്‍വേ വിശദീകരിച്ചു.
അതേസമയം വിജിയുടെ പ്രത്യാരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്യ രംഗത്തെത്തി. പിറ്റ് ലൈനിന് താഴെയുള്ള മാല്യന്യങ്ങളുടെ ചുമതല റെയില്‍വേയ്ക്ക് തന്നെയെന്ന് മേയര്‍ വ്യക്തമാക്കി. റെയില്‍വേ ഖരമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുന്നുവെന്ന വാദം ശരിയല്ല എന്നും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നഗരസഭയ്ക്ക് മുന്നില്‍ തെളിയിക്കട്ടെ എന്നും ആര്യ വെല്ലുവിളിച്ചു.
ടണലില്‍ റെയില്‍വേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നുണ്ട് എന്ന് ഇന്നലെ റെയില്‍ നീരിന്റെ കുപ്പികള്‍ കിട്ടിയപ്പോള്‍ തന്നെ വ്യക്തമായതാണ് എന്നും മേയര്‍ ചൂണ്ടിക്കാട്ടി. ഭാവിയില്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച് റെയില്‍വേ മറുപടി പറയേണ്ടി വരുമെന്നും ആര്യ പറഞ്ഞു. അതേസമയം ജോയിയ്ക്കായുള്ള തിരച്ചിലിനായി നാവികസേന എത്തും. ടണലില്‍ തടയണ കെട്ടി വെള്ളം പമ്പ് ചെയ്ത് പരിശോധിച്ചിട്ടും ജോയിയെ കണ്ടെത്താനായിരുന്നില്ല.
അതിനിടെ എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാവികസേനാ സംഘവുമായി നടത്തുന്ന കൂടിയാലോചനകള്‍ക്ക് ശേഷം തുടര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാര്‍ ഏറ്റെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയാണ് ജോയ്.
മൂന്ന് ദിവസം മുന്‍പാണ് ജോലിക്കായി അതിഥി തൊഴിലാളികളോടൊപ്പം ജോയിയും എത്തിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്ന് കൂടിയതോടെ ഒഴുക്കില്‍പ്പെട്ട ജോയിയെ കാണാതാകുകയായിരുന്നു. മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാദൗത്യം ദുഷ്‌കരമാണ് എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.












Click it and Unblock the Notifications