അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ
വിപ്ലവ മണ്ണിൽ പാർട്ടിക്കാണോ വ്യക്തിക്കാണോ സ്ഥാനം എന്ന ചോദ്യത്തിനുത്തരം തേടിയാണ് ആലപ്പുഴ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 63 വർഷത്തെ കമ്യൂണിസ്റ്റ് പാർട്ടി ബന്ധം ഉപേക്ഷിച്ച് മുൻമന്ത്രി ജി. സുധാകരൻ യുഡിഎഫ് പിന്തുണതോടെ സ്വതന്ത്രനായി മത്സരിക്കുന്ന അമ്പലപ്പുഴയാണ് ഇത്തവണത്തെ കേരളത്തിലെ തന്നെ ഹോട്ട്സ്പോട്ടുകളിലൊന്ന്.
സിപിഎം ജില്ലസെക്രട്ടറിയേറ്റ് അംഗവും സിറ്റിങ് എംഎൽഎയുമായ എച്ച്. സലാമാണ് എതിരാളി. ഒരുകാലത്ത് ജില്ലയിൽ പാർട്ടിയെ നിയന്ത്രിച്ചിരുന്ന തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിനെതിരെ പടയൊരുക്കവുമായി വരുമ്പോൾ അണികളിലും ആശയക്കുഴപ്പമുണ്ട്. ഇത് മറികടക്കാൻ താഴേത്തട്ട് മുതൽ പ്രചാരണം കൊഴുപ്പിച്ചാണ് സിപിഎം പ്രതിരോധമൊരുക്കിയിരിക്കുന്നത്.

മന്ത്രിയായായും എംഎൽഎയായും ജി. സുധാകരൻ നടത്തിയ വികസനവും അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവവും അനൂകൂലമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. സുധാകരന് കൈ കൊടുത്തതിൽ പ്രാദേശിക ഘടകത്തിലുള്ള എതിർപ്പും യുഡിഎഫിന് വെല്ലുവിളിയാകുന്നുടണ്. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണിൽ വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന് തെളിയിക്കുമെന്നാണ് ഇടതു കണക്കുകൂട്ടൽ. അരുൺ അനിരുദ്ധനാണ് എൻഡിഎ സ്ഥാനാർഥി.
ഒമ്പത് മണ്ഡലങ്ങളുള്ള ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ തവണ എട്ടിടത്തും വിജയം എൽഡിഎഫിനായിരുന്നു. വിജയത്തുടർച്ചക്കായി രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിങ് എംഎൽഎമാരാണ് ഇത്തവണ മത്സരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സിറ്റിങ് എംഎൽഎ പി.പി. ചിത്തരഞ്ജനാണ് ഇടതുസ്ഥാനാർഥി. കോൺഗ്രസ് നേതാക്കളിൽ പലരും നോട്ടമിട്ട സീറ്റിൽ കന്നിയങ്കക്കാരനും കെഎസ് യു ജില്ല പ്രസിഡന്‍റുമായ എ.ഡി. തോമസാണ് യുഡിഎഫ് സ്ഥാനാർഥി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള സദസ്സ് പ്രതിഷേധത്തിൽ ഗൺമാന്‍റെ മർദനമേറ്റതാണ് എ.ഡി. തോമസിന് അനൂകൂലമായത്. സീറ്റ് കിട്ടാതിരുന്ന കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് ഇതേമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി.
കുട്ടനാട് എൻസിപിയുടെ ജില്ലയിലെ ഏക സിറ്റിങ് സീറ്റാണ്. രണ്ടാംമൂഴം എൽഡിഎഫിനായി മത്സരിക്കുന്നത് തോമസ് കെ. തോമസാണ്. പ്രമുഖ വ്യവസായിയും കേരളകോൺഗ്രസ്-ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസ് ജില്ലപ്രസിഡന്‍റ് സന്തോഷ് ശാന്തിയാണ് എൻഡിഎക്ക് വേണ്ടി കളത്തിലുള്ളത്. പേയ്മെന്‍റ് സീറ്റാണെന്ന് ആരോപിച്ച് പാർട്ടിവിട്ട കോൺഗ്രസ് നേതാവ് സജി ജോസഫ് വിമതനായി രംഗത്തെത്തിയെങ്കിലും പിന്നീട് പത്രിക പിൻവലിച്ചു. 2021ൽ അരൂരിൽ ഏറ്റുമുട്ടിയ അതേ വനിതകൾ തമ്മിലാണ് ഇക്കുറിയും പോര്. രണ്ടാമൂഴം സിപിഎമ്മിലെ ദലീമ ജോജോയാണ് എൽഡിഎഫിനായി മത്സരിക്കുന്നത്. പിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണ് എതിരാളി. ബിഡിജെഎസിലെ പി.എസ്. ജ്യോതിസാണ് എൻഡിഎ സ്ഥാനാർഥി.
ആറാം ജയം തേടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് സംസ്ഥാനത്തെ തന്നെ വിഐപി മണ്ഡലങ്ങളിലൊന്നാണ്. യുവനേതാവും എഐവൈഎഫ് ദേശീയ സെക്രട്ടറിയുമായി ടി.ടി. ജിസ്മോൻ എൽഡിഎഫിനായും ബിജെപി സൗത്ത് ജില്ല പ്രസിഡന്‍റ് സന്ദീപ് വാചസ്പതി എൻഡിഎക്കായും മത്സരരംഗത്തുണ്ട്. ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനെ നേരിടുന്നത് കന്നിയങ്കക്കാരൻ കെപിസിസി വർക്കിങ് പ്രസിഡന്‍റ് എബി കുര്യാക്കോസാണ്. ബിജെപി മുൻ ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാറാണ് എൻഡിഎ സ്ഥാനാർഥി.
ചേർത്തലയിൽ സിപിഐയിലെ മന്ത്രി പി. പ്രസാദ് രണ്ടാംതവണയാണ് എൽഡിഎഫ് സാരഥിയാകുന്നത്. കന്നിയങ്കക്കാരനും കയർ കോർപറേഷൻ മുൻ ചെയർമാനുമായ കെ.ആർ. രാജേന്ദ്രപ്രസാദ് യുഡിഎഫിനായും അഡ്വ. ടി.പി. അനന്തരാജ് എൻഡിഎക്കായും രംഗത്തുണ്ട്. കായംകുളത്ത് മൂന്നാംതവണയാണ് എൽഡിഎഫിനായി യു. പ്രതിഭ മത്സരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റ് എം.ലിജുവാണ് യുഡിഎഫ് സ്ഥാനാർഥി.
അമ്പലപ്പുഴയിൽ ജി. സുധാകരന്‍റെ സ്ഥാനാർഥിത്വം കോൺഗ്രസ് സമവാക്യങ്ങൾ തെറ്റിച്ചതോടെയാണ് ലിജുവിനെ കായംകുളത്തേക്ക് മാറിയത്. ബിഡിജെഎസിന്റെ തമ്പി മേട്ടുതറയാണ് എൻഡിഎ സ്ഥാനാർഥി. സംവരണ മണ്ഡലമായ മാവേലിക്കരയിൽ രണ്ടാംഅങ്കത്തിന് ഇറങ്ങുന്നത് സിപിഎമ്മിലെ സിറ്റിങ് എംഎൽഎ എം.എസ്. അരുൺകുമാറാണ്. എഐസിസി എസ്സി വിഭാഗം ദേശീയ കോഓഡിനേറ്ററും കന്നിയങ്കക്കാരിയുമായ അഡ്വ. മുത്താര രാജാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ കെ. അജിമോൻ എൻഡിഎക്കായും രംഗത്തുണ്ട്.
-
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില് മാരാര്, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം











Click it and Unblock the Notifications