'ഒരു മാറ്റവുമില്ലാത്ത മലയാളികള്‍'; നിഖില വിമലിന്റെ ജാതി തിരഞ്ഞ് ഇന്റര്‍നെറ്റ് ലോകം
കൊച്ചി: നടി നിഖില വിമലിന്റെ ഒരു അഭിമുഖമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോവദ നിരോധനവുമായി ബന്ധപ്പെട്ട് അവതാരകന്റെ ചോദ്യത്തിന് പൊളിച്ചടുക്കുന്ന മറുപടിയാണ് നിഖില നല്‍കിയത്. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രം നല്‍കുന്നത് ശരിയായ നടപടിയല്ലെന്നാണ് നിഖില വിമല്‍ പറഞ്ഞത്. പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ലെന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നും നിഖില വിമല്‍ അഭിമുഖത്തിനിചെ പറഞ്ഞിരുന്നു.

നിഖിലയുടെ വാക്കുകളെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സ്വീകരിച്ചത്. എന്നാല്‍ മറ്റൊരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. ഇത്തരക്കാര്‍ നിഖില വിമലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ് ചെയ്തത്. കൂടുതലും സംഘപരിവാര്‍ ചായ്വുള്ളതും വ്യാജ പ്രൊഫൈലുകളുമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എന്നാല്‍ നിഖിലയുടെ അഭിമുഖം വൈറലായതിന് പിന്നാലെ ഒരു കൂട്ടര്‍ താരത്തിന്റെ ജാതിയും അച്ഛന്റെ പേര് എന്താണെന്ന് തിരയാനും മുതിര്‍ന്നു. ഗൂഗിളില്‍ നിരവധി പേരാണ് നിഖില വിമലിന്റെ ജാതി ഏതാണെന്ന് അറിയാന്‍ വേണ്ടി സെര്‍ച്ച് ചെയ്തത്. ഗൂഗിള്‍ ഡാറ്റയില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.

മറ്റ് ചിലര്‍ നിഖില വിമലിന്റെ അച്ഛന്റെ പേര് എന്താണെന്ന് അറിയാനാണ് ഗൂഗിളില്‍ തിരയുന്നത്. നിരവധി പേരാണ് ഇക്കാര്യം തിരഞ്ഞ് ഗൂഗിളില്‍ എത്തിയത്. സെലിബ്രിറ്റികള്‍ ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് എത്തുമ്പോള്‍ ജാതിയും മതവും തിരയുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറുകയാണ്.

ഇതാദ്യമായല്ല, ഒരു വ്യക്തിയുടെ ജാതി ഇന്റര്‍നെറ്റ് ലോകം തിരയുന്നത്. ഒരു ലോകചാമ്പ്യന്‍ ഷിപ്പില്‍ രാജ്യത്തിന് വേണ്ടി ആദ്യമായി സ്വര്‍ണം നേടിയ ഹിമ ദാസ് എന്ന അത്‌ലറ്റിന്റെ ജാതി അറിയാനാണ് അന്ന് ഇന്ത്യക്കാര്‍ തിടുക്കം കാട്ടിയത്. അതില്‍ മുന്‍ പന്തിയില്‍ നിന്നത് മലയാളികളാണ്. കേരളം, കര്‍ണടക, ഹരിയാന. അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഹിമയുടെ ജാതി തിരഞ്ഞവരില്‍ മുന്‍പന്തിയില്‍.

ഇതിന് മുമ്പ് 2016 ല്‍ പി വി സിന്ധുവും സാക്ഷി മാലിക്കും വെള്ളിയും വെങ്കല മെഡലും സ്വന്തമാക്കിയപ്പോഴും സമാന രീതിയില്‍ ഗൂഗിളില്‍ ഇവരുടെ ജാതി തിരഞ്ഞ് ഇന്ത്യക്കാര്‍ തങ്ങളുടെ ജാതി വെറി പരസ്യപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications