'വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടോടി'; 'ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തത് സിപിഎം'- കെ.സുധാകരന്‍
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. സിപിഎമ്മിന്റെ വികല നയംമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കേരളം വിട്ടോടേണ്ടി വന്നെന്ന് സുധാകരൻ വിമർശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സിപിഎം പരിഷ്‌കാരം കൊണ്ടു വരുന്നു. എന്നാൽ, ഈ നയ വ്യതിയാനം നേരത്തെ എടുക്കണമായിരുന്നു. എങ്കിൽ, യുക്രൈനിൽ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുടെ നിലവിളി ഉയരുകയില്ലായിരുന്നുവെന്നും സുധാകരൻ വിമർശിച്ചു.
സിപിഎമ്മിന്റെ വികല നയംമൂലം കേരളത്തിനുണ്ടായ നഷ്ടം വിലമതിക്കാത്തതാണ്. ഇതു ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി വിടാൻ ഇടയാക്കി.

യുദ്ധം കൊടുമ്പിരി കൊണ്ട യുക്രൈയിനില്‍ നിന്ന് നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ നാട്ടിലേക്കു മടങ്ങി എത്തുന്നത്. അവരുടെയും അവരുടെ വീട്ടുകാരുടെയും കണ്ണീരും നിലവിളിയും നാം കണ്ടു. ഇതുപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോള്‍ ലക്ഷക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഈ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ നിന്ന് ഓടിച്ചു വിട്ടത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷത്തിന്റെ വികലമായ നയങ്ങളും പിന്തിരിപ്പന്‍ നടപടികളുമാണെന്ന് സുധാകരന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും സി പി എം അട്ടിമറിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് സി പി എം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും ലാവണമായി. മെരിറ്റും മാര്‍ക്കുമൊക്കെ പഴങ്കഥകൾ ആയി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ത്തത് ഇടത് ഭരണം ആണ്. ഇന്ന് കേരളത്തില്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം ഇല്ല.

പ്ലസ്ടു, സ്വാശ്രയ വിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സര്‍വകലാശാലകള്‍, വിദേശ സര്‍വകലാശാലകളുമായി സഹകരണം തുടങ്ങിയ യു ഡി എഫിന്റെ കാലോചിതമായ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും സി പി എം തുരങ്കം വെച്ചു. സ്വാശ്രയ കോളജ് വിരുദ്ധ സമരമാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവയ്പില്‍ അവസാനിച്ചത്. അതില്‍ 5 ഡി വൈ എഫ് ഐ ക്കാരെയാണ് കുരുതി കൊടുത്തത്. അന്ന് വെടിയേറ്റ പുഷ്പന്‍ ഇപ്പോഴും ശയ്യാവലംബൻ ആണ്. പുഷ്പന് ഇടത് സര്‍ക്കാര്‍ പെന്‍ഷനും അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോവളത്ത് അക്കാദമിക് സംഗമം സംഘടിപ്പിച്ചു. ഇതിന് പിന്നാലെ, അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ എസ് എഫ് ഐ ഗുണ്ടകള്‍ അടിച്ചു വീഴ്ത്തി. എ ഡി ബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചത് കേരളം മറന്നിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു മാത്രമാണ്. അതും സി പി എമ്മിന്റെ അതി ശക്തമായ പ്രക്ഷോഭത്തെ മറി കടന്നാണ്. എന്നാല്‍ , ഈ നയങ്ങളുടെയെല്ലാം ഉപയോക്താവും പ്രയോക്താവുമായി പിന്നീട് സി പി എം മാറി. ഇന്ന് സി പി എമ്മിന് നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. അതില്‍നിന്നുള്ള ലാഭം ഊറ്റിക്കുടിച്ച് അട്ടയെപ്പോല അവര്‍ ചീര്‍ത്തിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് സി പി എം ചര്‍ച്ച ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ , തീരുമാനം എടുക്കുന്നതിന് മുമ്പ് കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തോടും പുഷ്പനോടും ടി പി ശ്രീനിവാസനോടും സി പി എം എന്തു പറയുമെന്നും സുധാകരൻ ചോദിക്കുന്നു.
Recommended Video

കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളെ വിദേശത്തേക്ക് ഓടിച്ചു വിട്ടതിന് എന്തു സമാധാനം പറയും? തൊഴില്‍ ശാലകള്‍ പൂട്ടിക്കുകയും സ്ഥാപനങ്ങളുടെ മുന്നില്‍ കൊടികുത്തകയും ചെയ്ത സി പി എം നയം മൂലം കേരളം വിട്ടോടേണ്ടി വന്ന ലക്ഷക്കണക്കിന് യുവാക്കളോട് എന്തു പറയും? സി പി എമ്മിന്റെ പുതിയ നയ വ്യതിയാനത്തെ തുടര്‍ന്ന് ഉയരാന്‍ ഇടയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് കേരളം മറുപടി പ്രതീക്ഷിക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications