മോദി ഗുരുവായൂരിലെത്തി.. വഴിനീളെ ആയിരങ്ങള്‍; ക്ഷേത്രനഗരിയില്‍ കനത്ത സുരക്ഷ
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ എത്തി. കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ പുറപ്പെട്ട മോദി ശ്രീകൃഷ്ണ കോളേജിന്റെ ഹെലിപാഡില്‍ ലാന്റ് ചെയ്തു. ഇവിടെ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ മോദി പങ്കെടുക്കും.
വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാര്‍ മഹാദേവക്ഷേത്രത്തിലും മോദി എത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് രാവിലെ രാവിലെ 6.31-നാണ് അദ്ദേഹം യാത്രതിരിച്ചത്. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയ അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബി ജെ പി നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തി വിശ്രമിക്കും. ശേഷം 8.45 നാണ് വിവാഹത്തില്‍ പങ്കെടുക്കുക. 9.45-ന് തൃപ്രയാര്‍ ക്ഷേത്രത്തിലേക്കു തിരിക്കും. 10.30-ഓടെ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി 11.11-ന് വലപ്പാട് ഹെലിപ്പാഡില്‍ നിന്ന് കൊച്ചിയിലേക്കു മടങ്ങും. അതേസമയം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ആറ് മുതല്‍ 10 വരെ ക്ഷേത്രത്തിന്റെ 100 മീറ്റര്‍ പരിധിക്കുള്ളിലേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
അനുവദിക്കപ്പെട്ട കല്യാണവുമായി ബന്ധപ്പെട്ടവരേയും ക്ഷേത്രം ഡ്യൂട്ടിക്ക് നിയോഗിച്ചവരേയും മാത്രമേ കടത്തിവിടൂ. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ പ്രധാന റോഡ് അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രവും പരിസരവും എസ് പി ജിയുടെയും കേരള പൊലീസിന്റെയും കര്‍ശന നിയന്ത്രണത്തിലാണ്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു. ക്ഷേത്രം റോഡില്‍ കൈവരിയില്ലാത്ത സ്ഥലങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂര്‍ നഗരസഭയിലും കണ്ടാണിശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മോദിയെ കൂടാതെ മലയാള സിനിമാ താരങ്ങള്‍ ഒന്നടങ്കം ഗുരുവായൂരിലെ ചടങ്ങില്‍ പങ്കെടുക്കും.
മമ്മൂട്ടിയും മോഹന്‍ലാലും ഇന്നലെ തന്നെ കുടുംബസമേതം ഗുരുവായൂരില്‍ എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ ഇന്ന് എത്തും എന്നാണ് വിവരം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ പ്രതിശ്രുതവരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.












Click it and Unblock the Notifications