സുധാകരനും സതീശനും കണ്ണൂരില്‍, ഇന്നും പ്രതിഷേധത്തിന് സാധ്യത; മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് ഇന്നും കണ്ണൂര്‍ ജില്ലയില്‍. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് നവകേരള സദസ് ഇന്ന് പരാതികള്‍ സ്വീകരിക്കുക. അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ഇതിന് പുറമെ മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്നുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച പശ്ചാത്തലത്തില്‍ ഇന്ന് നവകേരള സദസില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് നവകേരളാ സദസിന്റെ ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

ഇന്നലെ പഴയങ്ങാടി എരിപുരത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. അതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ 14 സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം കെ പി സി സി അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് കണ്ണൂരിലുണ്ടാകും. കഴിഞ്ഞല ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ്, സി പി എം അക്രമത്തിനെതിരെ സതീശനും സുധാകരനും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ ജോര്‍ജ് മാര്‍ട്ടിനും ആരോപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. ഹെല്‍മറ്റും വടിയും ആയി മുഖ്യമന്ത്രിയെ ആക്രമിക്കാനായിരുന്നു ശ്രമം എന്നും ഇ പി ജയരാജന്‍ ആരോപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകരപ്രവര്‍ത്തനമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം അക്രമത്തെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മഹത്യാ സ്‌ക്വാഡാണ് അക്രമം നടത്തിയത്. പ്രകോപനത്തില്‍ സി പി എമ്മുകാര്‍ വീണ് പോകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു തരത്തിലുള്ള ആക്രമണത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications