'വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുന്നത് വിനോദ സഞ്ചാരി ആയി', പരിഹസിച്ച് അമിത് ഷാ
ബത്തേരി: വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട്ടില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതാണ് അമിത് ഷാ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദിവാസി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മീനങ്ങാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുന്നത് വിനോദ സഞ്ചാരി ആയിട്ടാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
പതിനഞ്ച് വര്‍ഷം അമേഠിയില്‍ ഒന്നും ചെയ്യാതെ ആണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയതെന്ന് അമിത് ഷാ പറഞ്ഞു. വയനാട് കോണ്‍ഗ്രസിനെ സംബന്ധിച്ച് വോട്ട് ബാങ്ക് മാത്രമാണ്. ഒരു വികസന പ്രവര്‍ത്തനവും രാഹുല്‍ ഗാന്ധിയില്‍ നിന്ന് വയനാട്ടുകാര്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും അമിത് ഷാ ബത്തേരിയില്‍ പ്രസംഗിച്ചു.
എല്‍ഡിഎഫിനേയും യുഡിഎഫിനേയും പ്രസംഗത്തില്‍ അമിത് ഷാ കടന്നാക്രമിച്ചു. ഇരുമുന്നണികളും കേരളത്തിന്റെ വികസനം മുരടിപ്പിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയമാണ് ഇരൂകൂട്ടരും കേരളത്തില്‍ നടത്തുന്നത്. കേരളത്തില്‍ പരസ്പരം എതിര്‍ചേരിയില്‍ ഉളള എല്‍ഡിഎഫും യുഡിഎഫും പശ്ചിമ ബംഗാളില്‍ ഒരുമിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു. ഇരു പാര്‍ട്ടികളും ഒരുമിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയായി മാറണം എന്നും അമിത് ഷാ പരിഹസിച്ചു.
യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷമാണ് രാജ്യം ഭരിച്ചത്. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കിയത് രാജ്യത്ത് വികസനം കൊണ്ടുവരുന്നതിന് വേണ്ടിയാണ്.. എന്നാല്‍ അവര്‍ അതല്ല ചെയ്തത്. പകരം 12 ലക്ഷം കോടിയുടെ അഴിമതിയാണ് യുപിഎ സര്‍ക്കാര്‍ നടത്തിയത് എന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഗാന്ധി കുടുംബത്തിനം ജനം വോട്ട് ബാങ്ക് മാത്രമാണെന്നും സര്‍ക്കാര്‍ കോണ്‍ഗ്രസിന് പണം ഉണ്ടാക്കാനുളള ബാങ്കാണ് എന്നും അമിത് ഷാ കുറ്റപ്പെടുത്തി.