'സ്ത്രീകള്‍ എല്ലാവരും സ്ത്രീപക്ഷമാണോ? ഇരിക്കുന്നവരുടെ തലയില്‍ എന്താണ് എന്നതില്‍ ആണ് കാര്യം';
താര സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നലത്തെ ഏറ്റവും വലിയ വാര്‍ത്ത. പ്രസിഡന്റ് പദവിയിലെത്തിയ ശ്വേതാ മേനോനെ അഭിനന്ദിക്കുന്ന തിരക്കിലാണ് എല്ലാവരും. ശ്വേത, അമ്മയുടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ശ്വേതക്കെതിരെ സംഘടനയില്‍ സ്ത്രീകളുടെ ഭാഗത്തുനിന്ന് തന്നെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ശ്വേത വിജയിച്ചതോടെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയാണ്. അമ്മയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും എന്നുമുള്ള ശ്വേതയുടെ വാക്കുകളിലാണ് എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്നത്.

അതേസമയം അതിജീവിതയെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ശ്വേത പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സാധ്യമാകും എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്ത്രീ വിഷയങ്ങളില്‍ ശ്വേതാ എടുക്കുന്ന നിലപാടുകള്‍ സംഘടനയുടെ കെട്ടുറപ്പിന് നിര്‍ണായകമാകും. ശ്വേതയെ എല്ലാവരും അഭിനന്ദിക്കുമ്പോഴും ഇപ്പോഴിതാ ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍.
സ്ത്രീ ആയതുകൊണ്ട് ഒരാള്‍ സ്ത്രീപക്ഷം ആകുമോ എന്നാണ് സൗമ്യ ചോദിക്കുന്നത്. സ്ത്രീകള്‍ ഒരു സംഘടനയുടെ തലപ്പത്ത് വന്നതുകൊണ്ട് മാത്രം ആ സംഘടന സ്ത്രീപക്ഷം ആകുമോ എന്നും സൗമ്യ ചോദിക്കുന്നു. തലപ്പത്തിരിക്കുന്നത് ആണോ പെണ്ണോ എന്നതല്ല, ഇരിക്കുന്നവരുടെ തലയില്‍ എന്താണ് എന്നതിലാണ് കാര്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.
സ്ത്രീകള്‍ എല്ലാവരും സ്ത്രീപക്ഷമാണോ?
അല്ല!
പുരുഷന്മാര്‍ എല്ലാവരും സ്ത്രീ വിരുദ്ധരാണോ?
അല്ലേ അല്ല!
സ്ത്രീകളില്‍ സ്ത്രീവിരുദ്ധര്‍ ഇല്ലേ?
ഉണ്ടല്ലോ!
പുരുഷന്മാരില്‍ സ്ത്രീപക്ഷക്കാരില്ലേ?
ധാരാളം!
അപ്പോള്‍ സ്ത്രീകള്‍ ഒരു സംഘടനയുടെ തലപ്പത്തു വന്നത് കൊണ്ട് മാത്രം ആ സംഘടന സ്ത്രീപക്ഷമാകുമോ? സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണനയും സുരക്ഷിതത്വവും കിട്ടുമോ?
തോന്നുന്നില്ല!
അപ്പോള്‍ എന്താണ് കാര്യം?
തലപ്പത്തു ഇരിക്കുന്നത് ആണോ പെണ്ണോ എന്നതല്ല കാര്യം!
ഇരിക്കുന്നവരുടെ തലയില്‍ എന്താണ് എന്നതില്‍ ആണ് കാര്യം!
അവര്‍ നീതിമാന്‍മാര്‍ ആണെങ്കില്‍ ഏതു സംഘടനയും നല്ലതാകും!
അല്ലെങ്കില്‍, പഴയതിന്റെ മുഖം മാറി എന്ന് മാത്രം! തലച്ചോര്‍ അത് തന്നെ!
അതുകൊണ്ട് അമിത ആവേശം വേണ്ട,
കാത്തിരുന്നു കാണാം!
പ്രതീക്ഷയോടെ... ഇങ്ങനെയാണ് ഡോക്ടര്‍ സൗമ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അമ്മ വിട്ടു പോയവരെയൊക്കെ തിരിച്ചുകൊണ്ടുവരുമെന്ന് ശ്വേത പറയുമ്പോഴും അവരെന്തു കൊണ്ട് പോയി എന്ന പ്രശ്നം അഭിമുഖീകരിക്കാനും പരിഹരിക്കാനും തയ്യാറാകാതെ അവരെ ക്ഷണിക്കുന്നതില്‍ എന്തര്‍ത്ഥം എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത്. ഡബ്‌ള്യൂസിസി നടത്തിയ പോരാട്ടങ്ങളുടെ പരോക്ഷ ഫലമായിട്ടാണ് അമ്മയ്ക്ക് വനിതാ നേതൃത്വം വന്നത്. ഇനിയെങ്കിലും ഡബ്‌ള്യൂസിസി ഉന്നയിക്കുന്ന വിഷയങ്ങളോട് എന്തു നിലപാട് അമ്മ നേതൃത്വം സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications