പാര്‍വതിയെ മറക്കാതെ ആരാധകര്‍; 'വിജയികള്‍ക്കിടയില്‍ രക്ഷസാക്ഷികള്‍ സ്മരിക്കപ്പെടാറില്ല'; നടി നോര്‍വേയില്‍?
നീണ്ട കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ താരസംഘടന അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മധുവും ഇന്നസെന്റും മോഹന്‍ലാലും പോലുള്ള അതികായന്മാര്‍ ഇരുന്ന പദവിയിലേക്കാണ് തലപ്പൊക്കത്തോടെ ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
നടി ആക്രമിക്കപ്പെട്ട കേസ് മുതല്‍ നഷ്ടമായ അമ്മയുടെ മുഖം വീണ്ടെടുക്കുക എന്നതാണ് പുതിയ ഭരണസമിതിയുടെ ഏറ്റവും വലിയ വെല്ലുവിളി. അമ്മ ഭാരവാഹികള്‍ എടുക്കുന്ന ഓരോ നിലപാടുകളും അതില്‍ നിര്‍ണായകമാകും. അതിജീവിതയെ അമ്മയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും സംഘടനയുടെ മുഖം വീണ്ടെടുക്കും എന്നുമൊക്കെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത വിജയത്തിനു പിന്നാലെ പ്രതികരിച്ചിരുന്നു.
ആരാധകരില്‍ നിന്നും രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ശ്വേതാ മേനോന് ലഭിക്കുന്നത്. അതേസമയം വോട്ടെടുപ്പ് ദിവസം ഏറെ ശ്രദ്ധ നേടിയത് നടി പാര്‍വതി തിരുവോത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ചിത്രങ്ങളാണ്.

അമ്മയിലെ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണക്കാരില്‍ ഒരാളെന്നു പറയാന്‍ കഴിയുന്ന പാര്‍വതി തിരുവോത്ത് തന്റെ നോര്‍വേ യാത്രയുടെ ചിത്രങ്ങളാണ് പങ്കുവെച്ചത്. അമ്മയില്‍ ഇപ്പോള്‍ അംഗം അല്ലെങ്കില്‍ കൂടി സ്ത്രീകള്‍ അമ്മയുടെ തലപ്പത്തേ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചകളില്‍ ഏറ്റവും അധികം പങ്കെടുക്കേണ്ട ഒരാളായിരുന്നു പാര്‍വതി. എന്നാല്‍ ഈ ബഹളങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും എല്ലാം മാറി നില്‍ക്കുകയാണ് പാര്‍വതി. നോര്‍വേയില്‍ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളാണ് പാര്‍വതി പങ്കുവെച്ചത്. സിനിമാ മേഖലയില്‍ തന്നെ ആരുമായും വലിയ അടുപ്പം പാര്‍വതി പുലര്‍ത്തുന്നില്ല. ഡബ്‌ള്യൂസിസി വിഷയങ്ങളിലും പഴയതു പോലെ പ്രതികരണങ്ങള്‍ നടത്തുന്നില്ല.
പാര്‍വതി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ പലരും അമ്മയിലെ തെരഞ്ഞെടുപ്പ് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ കറങ്ങിയടിച്ചു നടന്നോ ഇവിടെ നടക്കുന്നതറിയണ്ടല്ലോ? എന്നാല്‍ ഒരാള്‍ പറയുന്നത്.
'ഈ ദിവസത്തില്‍ നിങ്ങളെ അല്ലാതെ വേറെ ആരെ ഓര്‍ക്കാന്‍? ഓര്‍മ്മിക്കുന്നു, നിങ്ങള്‍ വേണ്ടെന്നു വച്ച നിങ്ങളുടെ അവസരങ്ങളേയും. ഒപ്പം വീണിടത്തു നിന്നും എഴുന്നേറ്റ് തലയുയര്‍ത്തി നിന്ന ഒരുവളെയും' - എന്നാണ് സിന്ധു ഭാരതി എന്നയാള്‍ കുറിച്ചിരിക്കുന്നത്.
അബ്ദുള്‍ നാസര്‍ എന്നയാള്‍ കുറിച്ച കമന്റും ശ്രദ്ധേമാണ് - ഏത് സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും ഏത് കിരീടധാരണത്തിനും പിറകിൽ ആ വിജയം സാധ്യമാക്കിയ രക്ത സാക്ഷികളുടെ സാനിധ്യമുണ്ടാകും. ആ ദിവസം അവർ സ്മരിക്കപ്പെടാൻ ഇടയില്ല, ഒരു പക്ഷേ പിന്നീടൊരിക്കലും വിജയികൾക്കിടയിൽ അവർ ഓർക്കപ്പെട്ടു എന്ന് വരില്ല.
പക്ഷേ ചരിത്രം എവിടെയെങ്കിലുമൊക്കെ അവരെ അടയാളപ്പെടുത്താതിരിക്കില്ല. AMMA യിൽ മാറ്റത്തിന് ഹേതുവായത് WCC കത്തിച്ച തീപ്പൊരിയാണ്., ആ തീപ്പൊരിക്ക് വേണ്ടി പലരും പ്രവർത്തിച്ചിട്ടുണ്ടാകാം, അവിടെ പക്ഷേ ഒരേയൊരു രക്തസാക്ഷിയെ ഉള്ളൂ, പാർവതി തിരുവോത്ത്. തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലാണ് നീതി ബോധവും നിശ്ചയ ദാർഢ്യവുമുള്ള പാർവതി സിനിമയിലെ പെണ്ണുങ്ങൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ചത്.
അവർ പകരം കൊടുക്കേണ്ടി വന്നത് എന്താണെന്ന് ഇൻഡസ്ട്രിയിലുള്ളവർക്കും പുറത്തുള്ളവർക്കും നല്ല പോലെ അറിയാം.
കൈ നിറയെ അവസരങ്ങൾ ഉണ്ടായിരുന്നിടത്ത് നിന്ന്, സംവിധായകരുടെ വിളി കാത്ത് നിൽക്കേണ്ട അവസ്ഥയിലേക്ക് വീഴാൻ പാർവതി തയ്യാറായതിന്റെ ഫലം കൂടിയാണ് ശ്വേത മേനോന്റെ സ്ഥാനാരോഹണം. സിനിമയിൽ ഒരു ഗോഡ്ഫാദറൂമില്ലാതിരിക്കെ നീതിയോടൊപ്പം നിൽക്കാൻ അസാമാന്യ ധീരതയും നീതി ബോധവും വേണം.
Parvathy Thiruvothu , You are the real hero
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായി പ്രതികരിച്ചതും അതിജീവിതയ്‌ക്കൊപ്പം നിന്ന് ഉറച്ച നിലപാടെടുത്തതിന്റെയും പേരില്‍ മലയാള സിനിമയില്‍ നിന്ന് തന്നെ പാര്‍വതി അവഗണിക്കപ്പെട്ടിരുന്നു. ഒരു സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സ്ത്രീ വിരുദ്ധതയ്ക്ക് എതിരേ പ്രതികരിച്ചതിന് സൈബര്‍ ആക്രമണങ്ങളും രൂക്ഷമായിരുന്നു. നടിക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ആദ്യ കാലങ്ങളില്‍ ഏറ്റവും ഉയര്‍ന്നുകേട്ട ശബ്ദവും പാര്‍വ്വതിയുടേതായിരുന്നു. സംഘടനയുടെ നിലപാടുകളോട് പൊരുത്തപ്പെടാനാകാതെ പാര്‍വതി രാജിവയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications