Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യുടെ ബാങ്ക് ബാലന്‍സ് വെളിപ്പെടുത്തി ഗണേഷ് കുമാര്‍, ലക്ഷങ്ങളല്ല കോടികള്‍..! ഇനി നടിമാര്‍ നയിക്കട്ടെ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് നിന്ന് മാറുമ്പോള്‍ പറഞ്ഞ മാറ്റം അന്വര്‍ത്ഥമാക്കണമെങ്കില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് വനിതകളെ ജയിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമ്മ സംഘടന നശിച്ച് പോകരുത് എന്നതിനാലാണ് ഇത് പറയുന്നത് എന്നും എല്ലാവരും തന്റെ നിലപാടിനെ പിന്തുണയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കമുണ്ടാകും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്...

AMMA Election 2025

'കഴിഞ്ഞ അഞ്ചാറ് വര്‍ഷമായിട്ട് അമ്മ സംഘടനയില്‍ നിന്ന് മാറി നില്‍ക്കുന്ന ആളാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. വോട്ട് ചെയ്യാന്‍ പോകും എന്നേ ഉള്ളൂ. ജനറല്‍ ബോഡിക്ക് പോകാറുണ്ട്. ഇപ്പോള്‍ നടക്കുന്ന മത്സരം നല്ലതാണ്. ജനാധിപത്യ മത്സരമാണ്. അമ്മയില്‍ ജനാധിപത്യം ഇല്ല എന്ന ആരോപണമുണ്ടായിരുന്നു. അതിപ്പോള്‍ മാറി. എല്ലാവര്‍ക്കും നോമിനേഷന്‍ കൊടുക്കാം.

പ്രമാണിമാര്‍ മാത്രമെ മത്സരിക്കൂ എന്ന് പറഞ്ഞിരുന്നു. അതുണ്ടായില്ല. പ്രധാന നടീനടന്‍മാര്‍ ആരും തന്നെ ഇല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം മത്സരിക്കുന്നു. ആര്‍ക്കും തടസമില്ല. ഇതൊരു കോക്കസിന്റെ കൈയിലാണ്, ഒരു പാനല്‍ കൊണ്ടുവരും അവര്‍ ജയിക്കും എന്നൊക്കെ പറഞ്ഞിരുന്നു. അതൊന്നുമില്ല. അമ്മയിലെ അംഗമെന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. തിരഞ്ഞെടുപ്പായതിനാല്‍ തന്നെ എല്ലാവരും വന്ന് വോട്ട് ചെയ്യണം എന്ന അഭിപ്രായം എനിക്കുണ്ട്.

എല്ലാവരും താല്‍പര്യം കാണിക്കണം. കാരണം അമ്മ ഇത്രയും വര്‍ഷം ഉണ്ടാക്കിയതും കൊടുക്കുന്നതുമായ കൈനീട്ടം നിലച്ച് പോകാന്‍ സാധ്യതയുണ്ട്. ധൂര്‍ത്തടിക്കുന്ന കൈകളിലേക്ക് ഇത് ചെന്ന് പെടരുത്. ഏഴര കോടിയോളം രൂപ എന്റെ അറിവ് ശരിയാണെങ്കില്‍ അമ്മയുടെ അക്കൗണ്ടില്‍ കിടക്കുന്നുണ്ട്. എല്ലാ മാസവും 5000 രൂപ വെച്ച് 130 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. ഒരുപാട് നന്മകള്‍ ചെയ്യുന്നുണ്ട്.

ഇന്‍ഷുറന്‍സ് അടയ്ക്കുന്നുണ്ട്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ അംഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു സ്ഥാപനമാണ്. ആ സ്ഥാപനം നശിച്ച് പോകരുത് എന്ന് ആഗ്രഹമുണ്ട്. അമ്മയുടെ സ്ഥാപക നേതാവാണ് ഞാന്‍. അമ്മയുടെ ആദ്യത്തെ ആപ്ലിക്കേഷന്‍ കെബി ഗണേഷ് കുമാറിന്റേതാണ്. ഒന്നാമത്തെ കാര്‍ഡ് ഞാന്‍ സുരേഷ് ഗോപിക്ക് കൊടുത്തു. അദ്ദേഹത്തിന് വേണം എന്ന് പറഞ്ഞു.

രണ്ടാമത്തെ കാര്‍ഡ് എന്റെ പേരിലാണ്. രണ്ടാമത്തെ അംഗം ഞാന്‍ ആണ്. അന്ന് സുരേഷ് ഗോപി നമ്മളെ സഹായിച്ചപ്പോള്‍ എനിക്ക് ഒന്നാം നമ്പര്‍ തരാമെങ്കില്‍ ഞാന്‍ കൂടെ നില്‍ക്കാം എന്ന് പറഞ്ഞു. അങ്ങനെ കൂടെ നിന്നു. മൂന്നാം നമ്പര്‍ മണിയന്‍പിള്ള രാജുവാണ്. അങ്ങനെ നോക്കുമ്പോള്‍ കുറെ നാളായിട്ട് അമ്മയ്‌ക്കെതിരെ ഒരു ആരോപണമുണ്ട്. അമ്മ സ്ത്രീവിരുദ്ധ സംഘടനയാണ് എന്ന്.

അമ്മ ഏകാധിപത്യ സംവിധാനമാണ് എന്ന്. അത് മാറാനുള്ള അവസരമാണ് ഇത്. ഇത്തവണ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന വനിതകളെ വിജയിപ്പിക്കണം. അമ്മയുടെ നേതൃത്വം വനിതകള്‍ ഏറ്റെടുക്കണം. അത് അമ്മയ്ക്കും ഗുണം ചെയ്യും. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് പോസ്റ്റുകളിലേക്ക് സ്ത്രീകള്‍ വരണം.

അമ്മ എന്ന പേര് അന്വര്‍ത്ഥമാക്കണം. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് പോലുള്ള വലിയ ആളുകള്‍ നേതൃത്വം കൊടുത്ത പ്രസ്ഥാനമാണിത്. ഇനി ഒരു വനിതാ പ്രാതിനിധ്യം വേണം. ഇത്തവണ വനിതാ പ്രസിഡന്റിനേയും സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും ട്രഷററേയും വനിതകളില്‍ നിന്ന് തിരഞ്ഞെടുക്കണം. മോഹന്‍ലാല്‍ ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരു മാറ്റം വരട്ടെ എന്നാണ്.

ആ മാറ്റം സ്ത്രീകള്‍ നേതൃത്വമേറ്റെടുത്ത് കൊണ്ടായിരിക്കണം. സ്ത്രീകള്‍ക്ക് സിനിമയില്‍ നീതി കിട്ടാത്തതിന് കാരണം അമ്മയാണ് എന്ന് പറയുന്നുണ്ട്. അത് അങ്ങനെയല്ല എന്ന് തെളിയിക്കണമെങ്കില്‍ അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണം. അതോടുകൂടി സ്ത്രീകള്‍ക്ക് മുന്‍തൂക്കമുള്ള സംഘടനയായി അമ്മ മാറണം. അതിന് വേണ്ടിയാണ് ഞാന്‍ പറയുന്നത്. സ്ത്രീകള്‍ വരുമ്പോള്‍ കുറച്ചകൂടി സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം വരും.

അക്കൗണ്ടിലുള്ള ഏഴരക്കോടി രൂപ ദുര്‍വ്യയം ചെയ്യാതെ കൃത്യമായ കണക്കോട് അത് മുന്നോട്ട് കൊണ്ടുപോകും എന്നാണ് എന്റെ വിശ്വാസം. ഈ സംഘടന നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ എന്റെ നിലപാടിനൊപ്പം നില്‍ക്കും എന്ന് ഉറപ്പുണ്ട്. ഇത് അമ്മയുടെ നന്മയ്ക്ക് വേണ്ടിയാണ്. കാരണം ഈ സംഘടന ഉണ്ടാക്കിയപ്പോള്‍ തന്നെ ഒരു കണക്കുകൂട്ടല്‍ ഉണ്ട്. എംജി സോമന്‍, വേണു നാഗവള്ളി, മുരളി എന്നിവരൊക്കെ നേതൃത്വം കൊടുത്തിട്ടാണ് ഇത് തുടങ്ങുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം കൂടെ നിന്നു. ഞാനും മണിയന്‍പിള്ള രാജുവുമൊക്കെയാണ് ഇതില്‍ ആളെ ചേര്‍ത്തത്. തിരുവനന്തപുരം തൊട്ട് കോഴിക്കോട് വരെ സ്വന്തം കാറില്‍ പോയിട്ടുണ്ട്. ഞാന്‍ അത് പറയാന്‍ അര്‍ഹനാണ്. ഞാനിത് വരെ അമ്മയുടെ ഒരു ബാറ്റയോ അമ്മയുടെ പേരില്‍ ഹോട്ടലില്‍ റൂമെടുക്കുകയോ ചെയ്തിട്ടില്ല. ഇനി ഒരു മാറ്റം വരട്ടെ.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+