ആദ്യ പ്രസിഡന്റ് സോമന്‍, 17 വര്‍ഷത്തെ റെക്കോഡുമായി ഇന്നസെന്റ്... മോഹന്‍ലാലിന് നല്‍കിയത് തലവേദനയും..!
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ ഭരണസമിതി നിലവില്‍ വന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി സംഘടനയുടെ നാല് പ്രധാന ഭാരവാഹിത്വത്തിന്റേയും നേതൃനിരയിലേക്ക് സ്ത്രീകള്‍ എത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പ്രധാന തസ്തികകളിലേക്ക് സ്ത്രീകള്‍ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലക്ഷ്മിപ്രിയ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ നാല് പ്രധാന തസ്തികകളിലും വനിതകള്‍ ആണ് നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്.

വൈസ് പ്രസിഡന്റായി ജയന്‍ ചേര്‍ത്തലയും ട്രഷററായി ഉണ്ണി ശിവപാലും ഇന്നത്തെ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. നടിയെ ആക്രമിച്ച കേസിന് ശേഷം തുടരെ പ്രതിസന്ധിയിലാണ് മലയാള സിനിമയിലെ ഏറ്റവും വലിയ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ നാളിത് വരെയില്ലാത്ത പ്രതിസന്ധിയാണ് സംഘടന നേരിട്ടത്. അതിനാല്‍ തന്നെ പുതിയ ഭരണസമിതിയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉള്ളത്.
അമ്മ സംഘടനയുടെ തുടക്കവും മുന്‍ഭരണസമിതിയും
1994 ല്‍ ആണ് അമ്മ രൂപീകരിക്കപ്പെടുന്നത്. മുരളി, വേണു നാഗവള്ളി എന്നിവരായിരുന്നു അഭിനേതാക്കള്‍ക്ക് ഒരു സംഘടന വേണം ആശയത്തിന് പിന്നില്‍. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്നതിന്റെ ചുരുക്കരൂപമായി സംഘടനയ്ക്ക് അമ്മ എന്ന പേര് നിര്‍ദേശിക്കുന്നത് നടന്‍ മുരളിയാണ്. അമ്മ ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്. 17 അംഗങ്ങളാണ് ഒരു ഭരണസമിതിയില്‍ ഉണ്ടാകുക.
1994-97 കാലത്തെ ആദ്യ ഭരണസമിതിയെ നയിച്ചത് എംജി സോമനും (പ്രസിഡന്റ്), ടിപി മാധവനും (സെക്രട്ടറി) ആയിരുന്നു. വൈസ് പ്രസിഡന്റുമാരായാത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. വേണു നാഗവള്ളി ജോയിന്റ് സെക്രട്ടറി, ജഗദീഷ് ട്രഷര്‍ എന്നിങ്ങനെ ആയിരുന്നു ആദ്യ ഭരണസമിതി. സുകുമാരി, ബാലചന്ദ്ര മേനോന്‍, കെ ബി ഗണേഷ് കുമാര്‍, ഇന്നസെന്റ്, മധു, മണിയന്‍പിള്ള രാജു, മുരളി, നെടുമുടി വേണു, ശ്രീനിവാസന്‍, സുരേഷ് ഗോപി, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരായിരുന്നു അമ്മയിലെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
1997-2000 കാലത്തിലെ രണ്ടാമത്തെ ഭരണസമിതിയില്‍ മധു പ്രസിഡന്റും ബാലചന്ദ്ര മേനോനും രാഘവനും സെക്രട്ടറിമാരുമായി. സുരേഷ് ഗോപി, രാജന്‍ പി ദേവ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായപ്പോള്‍ ജഗതി, സുചിത്ര എന്നിവര്‍ ജോയന്റ് സെക്രട്ടറിമാരായി. ഗണേഷ് കുമാറായിരുന്നു ട്രഷറര്‍. അമ്മയെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് സ്ഥാനത്തിരുന്ന് നയിച്ചത് ഇന്നസെന്റാണ്.
2000-03 കാലത്തിലെ മൂന്നാം ഭരണസമിതിയില്‍ ആണ് ഇന്നസെന്റ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. മമ്മൂട്ടി ഓണറബിള്‍ സെക്രട്ടറിയായിരുന്ന ഈ ഭരണസമിതിയില്‍ ടിപി മാധവനും സുചിത്രയും ഇടവേള ബാബുവും ജോ. സെക്രട്ടറിമാരായും മോഹന്‍ലാലും സുരേഷ് ഗോപിയും വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍ ആദ്യമായി ജനറല്‍ സെക്രട്ടറിയാകുന്നത് 2003-06 കാലത്താണ്.
ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നെടുമുടി വേണുവും ഗണേഷ് കുമാറും എത്തി. ടിപി മാധവനും ഇടവേള ബാബുവും ജോ. സെക്രട്ടറിമാരായും ജഗദീഷ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. 2006-09 കാലത്തും വീണ്ടും ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ദിലീപും നെടുമുടി വേണുവും വൈസ് പ്രസിഡന്റ്. ഇടവേള ബാബു ജോ. സെക്രട്ടറി, മുകേഷ് ട്രഷറര്‍.
2009-12 കാലത്തും ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായപ്പോള്‍ ഇടവേള ബാബു സെക്രട്ടറിയും ജഗദീഷ് ട്രഷററും ആയി. 2012-15 ലും ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറിയുമായി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ദിലീപ്, ഗണേഷ് കുമാര്‍ എന്നിവരും സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ട്രഷററായി കുഞ്ചാക്കോ ബോബനും എത്തി.
2015-18 കാലത്തായിരുന്ന അമ്മ ചരിത്രത്തില്‍ ഇല്ലാത്ത പ്രതിസന്ധി നേരിട്ട കാലം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് പ്രതിക്കൂട്ടിലായത് ഇക്കാലത്താണ്. ആ സമയം ഇന്നസെന്റ് പ്രസിഡന്റും ഇടവേള ബാബുവും സെക്രട്ടറിയുമായിരുന്നു. മോഹന്‍ലാലും ഗണേഷും വൈസ് പ്രസിഡന്റുമാര്‍. മമ്മൂട്ടി ജനറല്‍ സെക്രട്ടറി. 2018 ല്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയില്‍ നിന്ന് ഇന്നസെന്റ് മാറി നിന്നു.
17 വര്‍ഷക്കാലം സംഘടനയെ നയിച്ച ശേഷമാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. മോഹന്‍ലാല്‍ ആദ്യമായി പ്രസിഡന്റാകുന്നത് 2018-21 കാലത്തെ ഭരണസമിതിയില്‍ ആണ്. ഇടവേള ബാബു ആയിരുന്നു ജനറല്‍ സെക്രട്ടറി. മുകേഷും ഗണേഷും വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖ് ജോയന്റ് സെക്രട്ടറിയായിരുന്നു. ജഗദീഷ് ട്രഷറര്‍. 2021-2024 കാലത്തും മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു.
ശ്വേത മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റുമാര്‍. ജയസൂര്യ ജോ. സെക്രട്ടറി. സിദ്ദീഖ് ട്രഷറര്‍. 2024-27 കാലത്തേക്കുള്ള ഭരണസമിതിയില്‍ മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദീഖ് ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയും ആയിരുന്നു വൈസ് പ്രസിഡന്റുമാര്‍. ബാബുരാജ് ജോ. സെക്രട്ടറിയായപ്പോള്‍ ഉണ്ണിമുകുന്ദന്‍ ആയിരുന്നു ട്രഷറര്‍. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുതിയ ഭരണസമിതി വന്ന് ഒരു മാസത്തിനുള്ളില്‍ പിരിച്ചുവിടേണ്ടി വന്നു.












Click it and Unblock the Notifications