'കളത്തിലില്ലാത്ത സ്ത്രീ; കാശ് വാങ്ങി പണിയെടുക്കുന്നു'; മാലപാര്‍വതിക്കെതിരേ പൊന്നമ്മ ബാബു: ആ ഗതികേടില്ല
കൊച്ചി: ശ്വേതാ മേനോന് എതിരെ കേസ് എടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ താരസംഘടനയായ അമ്മയിലും രൂക്ഷമായ തര്‍ക്കം. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോന് എതിരായ കേസില്‍ ബാബുരാജിന് പങ്കുണ്ടെന്ന മാല പാര്‍വതിയുടെ ഗുരുതരമായ ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊന്നമ്മ ബാബു രംഗത്തെത്തി.
അമ്മയില്‍ ഭാരവാഹി തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കേയാണ് വിവാദങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ബാബുരാജ് പിന്മാറിയതിന് ശേഷമാണ് ആരാധകരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഞെട്ടിച്ചു കൊണ്ടുള്ള വിചിത്രമായ നീക്കങ്ങള്‍ ഉണ്ടായത്. ഇതാണ് സംശയമുന ബാബുരാജിലേക്ക് തിരിയാന്‍ കാരണം. ബാബുരാജ് മത്സരിക്കുന്നതിനോട് അമ്മയിലെ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.

ഈ സാഹചര്യത്തിലാണ് ബാബുരാജിന് ശക്തമായ പിന്തുണയുമായി പൊന്നമ്മു രംഗത്ത് എത്തുന്നത്. നെറികെട്ട കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആളല്ല ബാബുരാജ് എന്നും മാല പാര്‍വതിയുടെ ലക്ഷ്യം മാധ്യമ ശ്രദ്ധയാണെന്നും അവര്‍ വിമര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു പൊന്നമ്മ ബാബുവിന്റെ പ്രതികരണം. ബാബുരാജിനെതിരെ തെളിവുണ്ടെങ്കില്‍ പോയി കേസ് കൊടുക്കണം എന്നും പൊന്നമ്മ ബാബു വെല്ലുവിളിച്ചു.
പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍: ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ടുനില്‍ക്കില്ല. ഞാന്‍ മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ ബാബുരാജിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുരാജിനെ കുറിച്ച് വല്ലതും പറഞ്ഞാല്‍ നമ്മള്‍ അയാളുടെ സൈഡ് ആണെന്ന് പറയും. അങ്ങനെയൊന്നുമില്ല. എവിടെ തെറ്റ് കണ്ടാലും ഞാന്‍ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്ന് പറയുന്നത് എന്റെ കുടുംബം പോലെയാണ്.
മാല പാര്‍വതി മീഡിയ ടെന്‍ഷന്‍ കിട്ടാന്‍ വേണ്ടിയിട്ടാണ് ശ്രമിക്കുന്നത്. അവര്‍ ഈ കളത്തിലേ ഇല്ലാത്ത സ്ത്രീയാണ്. ആര്‍ക്കൊക്കെയോ വേണ്ടി കാശ് മേടിച്ച് പണിയെടുക്കുന്നു. മാല പാര്‍വതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങള്‍. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. അവര്‍ പറയുന്നു ഇത് ഇലക്ഷന്‍ പ്രചാരണത്തിന്റെ തന്ത്രമാണെന്ന്.
ഇവര്‍ക്ക് എങ്ങനെയാണ് ഇതൊക്കെ മനസിലാകുന്നത്. അതെനിക്ക് മനസിലാകുന്നില്ല. ഇതൊക്കെ അറിയാമെങ്കില്‍ കേസ് കൊടുക്കട്ടെ. അതല്ലേ ചെയ്യേണ്ടത്. അല്ലാതെ വെറുതെ അമ്മയെയും നാറ്റിച്ച് സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും വഴി കേറി ഇറങ്ങി നടക്കുന്നത്.
ശ്വേതാ മേനോന് എതിരെയുള്ള കേസ് ഗൂഢാലോചന ആണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. ബാബുരാജ് അങ്ങനെ ഏഴാം കൂലികളെപ്പോലെ പെരുമാറുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ ബാബുരാജിനെ കുറിച്ച് മിണ്ടാന്‍ സാധിക്കില്ല. ബാബുരാജിന്റെ ആള്‍ക്കാരാണ് ഞങ്ങള്‍ എന്നല്ലേ അവര് മീഡിയയില്‍ പറയുന്നത്. ഞങ്ങളെ സംബന്ധിച്ച് ബാബുരാജ് അമ്മയ്ക്ക് വേണ്ടി നല്ല കാര്യം ചെയ്തു. ആരും നല്ല കാര്യം ചെയ്താലും നമ്മള്‍ മെന്‍ഷന്‍ ചെയ്യും. അതിനു ബാബുരാജിന്റെ സൈഡ് ആണെന്നാണോ പറയേണ്ടത്. ഒരു ക്രൈം ഉണ്ടായിട്ട് അത് കാണാതെ മാല പാര്‍വതി വെറുതെ പുകമറ സൃഷ്ടിക്കുകയാണെന്നും പൊന്നമ്മ ബാബു വിമര്‍ശിച്ചു.
അതേസമയം പൊന്നമ്മ ബാബുവിന്റെ ആരോപണങ്ങളെ മാല പാര്‍വതി തള്ളിക്കളഞ്ഞു. എനിക്ക് മീഡിയ അറ്റന്‍ഷന്റെ ആവശ്യമില്ല. 95 മുതല്‍ ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. പണം വാങ്ങിച്ച് സംസാരിക്കേണ്ട ഗതികേട് എനിക്കില്ലെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം. പണം എന്നു പറയുന്നത് എന്റെ അജണ്ടയില്‍ ഇല്ല.
ഞാന്‍ എങ്ങനെയുള്ള സാഹചര്യത്തില്‍ നിന്നാണ് വരുന്നതെന്നും എങ്ങനെയാണ് സിനിമയില്‍ എത്തിപ്പെട്ടതെന്നും മലയാളികള്‍ക്ക് അറിയാം. ആരുടെ കൈയില്‍ നിന്ന് വാങ്ങുന്നത്? ഞാന്‍ ഒരു പക്ഷത്തുമില്ല, ഞാന്‍ അമ്മയിലെ സൈലന്റായ അംഗമാണെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications