അമ്മയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം; വോട്ടുകള്‍ കുറഞ്ഞത് ഇങ്ങനെ: മമ്മൂട്ടിയെ ഏറ്റവുമധികം മിസ് ചെയ്തു
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍. അമ്മയുടെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ തലപ്പത്ത് എത്തുന്നത്. വലിയ തര്‍ക്കവും വിവാദവുമായ തിരഞ്ഞെടുപ്പിനൊടുവിലാണ് വനിതകള്‍ അമ്മയുടെ നേതൃനിരയിലെത്തിയത്. പ്രമുഖ താരങ്ങളുടെ എല്ലാം പിന്തുണയോടെയാണ് ശ്വേതയുടെ വിജയം.
അതേസമയം നിരവധി വെല്ലുവിളികളാണ് ശ്വേതയെ കാത്തിരിക്കുന്നത്. അമ്മയുടെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുക എന്നതാണ് ആദ്യ വെല്ലുവിളി. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയോടും അവരെ പിന്തുണയ്ക്കുന്നവരോടും ശ്വേത എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കേസില്‍ ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണ പൂര്‍ത്തിയായിരുന്നു. വിധി എന്തായാലും അതുമായി ബന്ധപ്പെട്ട് അമ്മയില്‍ ഉണ്ടാകുന്ന വിഷയങ്ങളില്‍ ശ്വേതയ്ക്ക് ഇടപെടേണ്ടി വരും. പൊതു സമൂഹത്തിന് മുന്നില്‍ അമ്മയുടെ ഇമേജ് വീണ്ടെടുക്കുന്നതും ശ്വേതയുടെ ഉത്തരവാദിത്തമായിരിക്കും.

ഇപ്പോഴതാ പ്രസിഡന്റ് പദവിയില്‍ എത്തിയതിനു പിന്നാലെ അതിന്റെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്വേത. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശ്വേതയുടെ പ്രതികരണം. ശ്വേതയുടെ വാക്കുകള്‍: അമ്മയുടെ പ്രസിഡന്റ് പദവി വലിയ ഉത്തരവാദിത്തവും വെല്ലുവിളിയും നിറഞ്ഞതാണെന്ന് തനിക്ക് അറിയാം. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരുപാട് മാറ്റങ്ങള്‍ വരുത്താനുണ്ട്. അത് ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ.
പോസ്റ്റല്‍ വോട്ടുകള്‍ കൊണ്ടുവരും. പോസ്റ്റല്‍ വോട്ടുകളാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത്. 29-30 വോട്ടുകള്‍ നഷ്ടമായി. എന്നോട് ഒരുപാട് ആളുകള്‍ പറഞ്ഞു, പോസ്റ്റല്‍ വോട്ട് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്. അടുത്ത തവണ മത്സരിച്ചാലും ഇല്ലെങ്കിലും പോസ്റ്റല്‍ വോട്ട് കൊണ്ടുവരും. വോട്ടെടുപ്പ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് മമ്മൂട്ടിയെ ആണ്. കുടുംബത്തില്‍ നിന്നും പ്രത്യേകിച്ച് മകളില്‍ നിന്നും വലിയ പിന്തുണയുണ്ടെന്നും ശ്വേത
കൂട്ടിച്ചേര്‍ത്തു.
ഭാര്യക്ക് ഉത്തരവാദിത്തം കൂടിയതായി ശ്വേതയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനായ ശ്രീവല്‍സന്‍ മേനോന്‍ പ്രതികരിച്ചു. നേരത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ പ്രസിഡന്റായി. ഇത് വേറൊരു കാലഘട്ടമാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ അമ്മയിലുണ്ട്. പൊതു സമൂഹത്തിനു മുന്നില്‍ അമ്മയുടെ ഒരു ഇമേജന്റെ പ്രശ്‌നം ഉണ്ട്. ആ ഇമേജ് നന്നാക്കുക എന്നത് ശ്വേതയുടെ ഉത്തരവാദിത്തമാണ്.
ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ആളുകളുടെ ഒരു കൂട്ടായ്മയാണ് അമ്മ. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. നല്ലൊരു ഇമേജ് അമ്മയ്ക്ക് കൊണ്ടുവരാന്‍ ശ്വേതാ മേനോന് കഴിയും. ഐക്യത്തിന്റെ ശബ്ദമായി അമ്മ മാറട്ടെ എന്നും ശ്രീവല്‍സന്‍ മേനോന്‍ ആശംസിച്ചു. എന്റെയും മോളുടെയും ഭാഗത്തുനിന്നും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്വേത മേനോന് 159 വോട്ടുകളാണ് ലഭിച്ചത്. അതേസമയം ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ 172 വോട്ട് നേടിയപ്പോള്‍ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.












Click it and Unblock the Notifications