അത് മോഹന്‍ലാല്‍ പാനല്‍ തന്നെ; പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ത്രില്ലിലെന്ന് ബാബുരാജ്, വീറും വാശിയും
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസം 19നാണ് വോട്ടിങ്. പ്രധാന പദവികളിലേക്ക് എതിരില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ശക്തമായ മല്‍സരമാണ് നടക്കുന്നത്. അമ്മയുടെ തുടക്കം മുതലുള്ള അംഗമായ മണിയന്‍ പിള്ള രാജു ഔദ്യോഗിക പാനലിനെതിരെ മല്‍സരിക്കാനെത്തിയതോടെയാണ് പോരാട്ടം ശക്തിപ്പെട്ടത്.
ശക്തമായ വീറും വാശിയും നിലനില്‍ക്കുകയാണ്. എന്നാല്‍ എല്ലാം 19ന് വൈകീട്ട് വരെയുള്ളൂവെന്ന് നടന്‍ ബാബു രാജ് മനോരമയോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിന്റെ ഭാഗമായി ബാബു രാജും മല്‍സരിക്കുന്നുണ്ട്. എക്‌സിക്യുട്ടീവിലേക്കും കൂടുതല്‍ പേര്‍ മല്‍സരിക്കുന്നതിനാല്‍ വോട്ടിങ് നടക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കണ്ടെത്താനാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മമ്മൂട്ടി മല്‍സര രംഗത്തില്ല. ഭാരവാഹിയാകാന്‍ ഇല്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, മോഹന്‍ലാല്‍ പ്രസിഡന്റായി തുടരും. അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയുമായി ചര്‍ച്ച ചെയ്താണ് മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റ് പദവി ഏറ്റെടുത്തത്.

അമ്മയില്‍ കൂടുതല്‍ വനിതാ അംഗങ്ങളാണുള്ളത്. എന്നാല്‍ വനിതകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന ആക്ഷേപവും ശക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ വനിതകളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും മുന്‍കൈയ്യെടുത്താണ് കൂടുതല്‍ വനിതകളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

വനിതാ പ്രാതിനിധ്യം കുറവാണ് എന്ന പരാതി കണക്കിലെടുത്താണ് ഇത്തവണ കൂടുതല്‍ സ്ത്രീകളെ മല്‍സരിപ്പിക്കുന്നതെന്ന് ബാബു രാജ് പറഞ്ഞു. അമ്മ ഒരിക്കലും സ്ത്രീകള്‍ക്ക് എതിരല്ല. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. എല്ലാവരും വളരെ ആവേശത്തിലാണ്. ജയിക്കാന്‍ വേണ്ടി എല്ലാ മല്‍സരാര്‍ഥികളും ശ്രമിക്കുന്നുണ്ടെന്നും ബാബു രാജ് പറഞ്ഞു.

രണ്ട് വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഔദ്യോഗിക പാനല്‍ മല്‍സരിപ്പിക്കുന്നത് വനിതകളെയാണ്. ആശാ ശരത്തിനെയും ശ്വേതാ മേനോനെയും. എന്നാല്‍ ഔദ്യോഗിക പാനലിനെതിരെ മണിയന്‍ പിള്ള രാജു മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മല്‍സരം കടുത്തത്. മണിയന്‍ പിള്ള രാജു ഗംഭീര സ്ഥാനാര്‍ഥിയാണെന്ന് ബാബു രാജ് പറഞ്ഞു. ജഗദീഷും മുകേഷും ആദ്യം മല്‍സര രംഗത്തുണ്ടായിരുന്നുവെങ്കിലും പിന്‍മാറി.

അമ്മയിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടാണ്. ഈ വീറും വാശിയുമെല്ലാം വോട്ടിങ് നടക്കുന്ന 19ന് വൈകീട്ട് വരെയുള്ളൂ. മോഹന്‍ലാല്‍ പ്രസിഡന്റ് പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആദ്യം തയ്യാറല്ലായിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തുടരണമല്ലോ എന്ന് കരുതി അദ്ദേഹം വീണ്ടും പ്രസിഡന്റാകാന്‍ സമ്മതിക്കുകയായിരുന്നുവെന്നും ബാബു രാജ് പറഞ്ഞു.

ദിവസവും എല്ലാ അംഗങ്ങളും ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. മല്‍സരിക്കുന്നവര്‍ക്കെല്ലാം വിജയിക്കാന്‍ ആഗ്രഹമുണ്ടാകുമല്ലോ. എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗിക പാനല്‍ മോഹന്‍ലാല്‍ പാനല്‍ തന്നെയാണ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ അമ്മ ചെയ്തുവരുന്നുണ്ട്. സ്വകാര്യതയെ മാനിച്ച് എല്ലാം പുറത്ത് പറയാനാകില്ലെന്നും ബാബു രാജ് വിശദീകരിച്ചു.

പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു തുടരും. കഴിഞ്ഞ 21 വര്‍ഷമായി സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും അമ്മയുടെ നേതൃ പദവിയിലുള്ള വ്യക്തിയാണ് ഇടവേള ബാബു. ജയസൂര്യയാണ് ജോയന്റ് സെക്രട്ടറി. സിദ്ദിഖ് ട്രഷറര്‍ ആകും. ഷമ്മി തിലകന്‍ മൂന്ന് പദവിയിലേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അപൂര്‍ണമായതിനാല്‍ പത്രിക തള്ളി.

ഔദ്യോഗിക പാനലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ലിസ്റ്റില്‍ ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി എന്നിവരെല്ലാം മല്‍സരിക്കുന്നുണ്ട്. ബാബു രാജ്, നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം തിരഞ്ഞെടുക്കപ്പെട്ടേക്കും. നിലവിലുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 11 അംഗങ്ങളാണുള്ളത്. ഇത്തവണ 15 പേര്‍ പത്രിക നല്‍കി. പിന്നീട് സുരേഷ് കൃഷ്ണയും വിജയ് ബാബുവും പിന്‍മാറി. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖും ജയസൂര്യയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സിദ്ദിഖ് ട്രഷറര്‍ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജയസൂര്യ ജോയന്റ് സെക്രട്ടറിയായി.












Click it and Unblock the Notifications