ഇടവേള ബാബു കോണ്‍ഗ്രസിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍
കോഴിക്കോട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്നലെയോടെയാണ് ദില്ലിയിലേക്ക് മടങ്ങിയത്. . കൊവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശനത്തിന് ശേഷം വൈകീട്ട് 3.50 ഓടെ കാറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ അവിടുന്ന് പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് മടങ്ങിയത്. രാഹുല്‍ മടങ്ങിയെങ്കിലും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാവുന്നത് രാഹുല്‍ ഗാന്ധിയും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഒന്നിച്ചുള്ള ഒരു ചിത്രമാണ്.

രാഹുല്‍ ഗാന്ധിയെ കണ്ടത്
സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ബുധനാഴ്ചയായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ കണ്ടത്. ഈ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രത്തെ പിന്‍പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുന്നത്. ഇടവേള ബാബു കോണ്‍ഗ്രസിലേക്ക് എത്തുന്നതിന്റെ മുന്നോടിയായിട്ടാണോ കൂടിക്കാഴ്ച എന്ന രീതിയിലാണ് ചര്‍ച്ചകള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍
കേവലം ആറ് മാസങ്ങള്‍ക്ക് അപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. ഇതിനായി രാഹുലിനെ കേരളത്തിലെ പ്രചാരണ പരിപാടികളില്‍ സജീവമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ പത്തനാപുരത്ത് ജഗദീഷിനെ ഇറക്കിയ നീക്കം വിജയിച്ചില്ലെങ്കിലും ഇത്തവണയും സിനിമാ താരങ്ങളെ സ്ഥാനാര്ത്ഥികളക്കാന് കോണ്‍ഗ്രസ് തയ്യാറായേക്കും.

ഇടവേള ബാബുവും
ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയും ഇടവേള ബാബുവും ഒന്നിച്ചുള്ള ചിത്രത്ത കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സിനിമാ രംഗത്തിന് കേരള രാഷ്ട്രീയത്തില്‍ അത്ര പ്രധാന്യം ഇല്ലെങ്കിലും തീര്‍ത്തും അന്യമില്ല. അന്തരിച്ച നടന് മുരളി മുതല്‍ മുകേഷ്, ഇന്നസെന്റ് എന്നിവര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്.

ഇന്നസെന്റും മുകേഷും
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് വിജയിച്ച് ഇന്നസെന്റ് ലോക്സഭാ എംപിയുമായി. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. മുകേഷ് ആവട്ടെ നിലവില്‍ കൊല്ലത്ത് നിന്നും ഉള്ള ഇടതുപക്ഷ എംഎല്‍എയാണ്. കേരള കോണ്‍ഗ്രസ് ബി നേതാവായ കെബി ഗണേഷ് കുമാര്‍ വര്‍ഷങ്ങളായി സിനിമാ രംഗത്തും രാഷ്ട്രീയത്തിലും സജീവമാണ്.

മോഹന്‍ലാല്‍
ബിജെപിയാവട്ടെ സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കി. സംവിധായകനായ രാജസേനന് ഇപ്പോഴും ബിജെപി ബന്ധം പുലര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന ചര്‍ച്ച ശക്തമായിരുന്നു. സ്ഥാനാര്ത്ഥിയയാവണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ താരത്തെ സമീപിച്ചെന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

ജഗദീഷും സിദ്ധീഖും
കോണ്‍ഗ്രസാവട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷിനേയും സിദ്ദീഖിനേയും സ്ഥാനാര്ത്ഥികളാക്കുമെന്നായിരുന്നു പ്രചാരണം. ജഗദീഷിനെ പത്തനാപുരത്തേക്കും സിദ്ധീഖിനെ അരൂരിലേക്കുമായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ നറുക്ക് വീണത് ജഗദീഷിന് മാത്രമായിരുന്നു. എന്നാല്‍ ഇടതുപക്ഷ മുന്നണിയില്‍ നിന്ന് മത്സരിച്ച ഗണേഷ് കുമാറിനോട് പരാജയപ്പെടാനായിരുന്നു ജഗദീഷിന്റെയും വിധി.

ചര്‍ച്ചകള്‍
ഇത്തവണയും ജഗദീഷിനെ പത്തനാപുരത്ത് തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയും ശക്തമാണ്. ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥികളിലെ സിനിമാ താരങ്ങളുടെ പട്ടികയിലേക്ക് ഇടവേളവും കടന്നു വരുന്നുവെന്നതിന്റെ സൂചനയാണ് ഇന്നതലത്തെകൂടിക്കാഴ്ചയെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ സി വേണുഗോപാലും ഇടവേള ബാബുവുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയ സമയത്ത് ഉണ്ടായിരുന്നു.

സിനിമാ വിഷയങ്ങളാണോ
നീണ്ട ഇരുപത്തിയൊന്ന് വർഷമായി സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദത്തിൽ തുടരുന്ന ഇടവേള ബാബു മികച്ച സംഘാടകനാണെങ്കിലും വിവാദങ്ങളും അന്യമായിരുന്നില്ല. സിനിമ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും സന്ദേശം നൽകുവാൻ വേണ്ടി ഇടവേള ബാബു രാഹുലിനെ കാണാൻ എത്തിയതാണെന്ന സംശയവും ചിലര്‍ മുന്നോട്ട് വെച്ചിരുന്നു.

അക്ഷരവീട് പദ്ധതി
എന്നാല്‍ കൂടിക്കാഴ്ചയില്‍ യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നും താരസംഘടനയുടെ സാമൂഹ്യക്ഷേമ പദ്ധതിയായ അക്ഷരവീട് പദ്ധതി ഗുണഭോക്താവിന് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ഇടവേള ബാബു രാഹുല്‍ ഗാന്ധിയെ കണ്ടതെന്നാണ് കോണ്‍ഗ്രസ് നേതക്കള്‍ വ്യക്തമാക്കുന്നത്. അക്ഷരവീട് കൈമാറ്റം മാത്രമാണ് നടന്നതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധി കൈമാറി
‘മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ'യും യൂനിമണി, എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നിർമിച്ച അക്ഷവീടിൻറെ സമർപ്പണം വയനാട്ടിലെ മുട്ടിൽ മാനിക്കുനിയിൽ കവയിത്രി പി.എസ് നിഷക്ക് സ്നേഹാദരമായി രാഹുൽ ഗാന്ധി എംപി നല്‍കികൊണ്ട് നിര്‍വഹിക്കുകയായിരുന്നു. ഈ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
നടനെ ഞാൻ ആക്ഷേപിച്ചിട്ടില്ല, പക്ഷെ ഒരു നടി മമ്മൂക്കയുടെ പേര് പറഞ്ഞു എന്നതായിരുന്നു പ്രശ്നം: പാര്‍വതി