അമ്മ ഇന്റേണല്‍ കമ്മിറ്റി നിരവധി തവണ യോഗം ചേര്‍ന്നു; ശുപാര്‍ശ കൈമാറി... നടപടി നാളെ വൈകീട്ട്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ആരോപണം ഉയര്‍ന്ന പിന്നാലെ താരസംഘടനയായ അമ്മ കടുത്ത നടപടിക്ക്. അമ്മയുടെ ഇന്റേണല്‍ കമ്മിറ്റി നിരവധി തവണ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇന്ന് കമ്മിറ്റിയുടെ ശുപാര്‍ശ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറി. ഞായറാഴ്ച എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വിജയ് ബാബുവിനതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് വിവരം.
വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവനടിയുടെ പരാതിയാണ് അമ്മയുടെ ഇന്റേണല്‍ കമ്മിറ്റി പരിശോധിച്ചത്. കമ്മിറ്റി രൂപീകരിച്ച ശേഷം ലഭിക്കുന്ന ആദ്യ പരാതിയാണിത്. കമ്മിറ്റിയുടെ അധ്യക്ഷ നടി ശ്വേതമേനോന്‍ ആണ്. വിജയ് ബാബുവിനോട് സംഘടന രാജി ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. അടുത്തിടെ നടന്ന അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കപ്പെട്ടത്. ഈ സമിതിക്ക് മുമ്പാകെ വരുന്ന ആദ്യ വിഷയമാണ് വിജയ് ബാബു പ്രതിയായ കേസ്. സമിതിയുടെ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയതായി ശ്വേതമേനോന്‍ പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ യുവ നടിയാണ് വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ചത്. ഈ മാസം 22നാണ് പരാതി നല്‍കിയത്. തൊട്ടുപിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രാഥമിക അന്വേഷണം നടത്തി. എന്നാല്‍ 24ന് വിജയ് ബാബു വിദേശത്തേക്ക് പോകുകയായിരുന്നു. പരാതി സംബന്ധിച്ച് അറിഞ്ഞതോടെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 27നാണ് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നത്. പിന്നീട് മൂന്ന് തവണ കൂടി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് ശുപാര്‍ശ തയ്യാറാക്കിയതും ഇന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയതും.
നാളെ കൊച്ചിയിലെ അമ്മയുടെ ആസ്ഥാനത്ത് നടന്‍ സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തുന്ന പരിപാടി നടക്കുന്നുണ്ട്. ഇതിന് ശേഷമാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുക. ഈ യോഗത്തില്‍ ആഭ്യന്തര പരാതി പരിഹാര സമിതി നല്‍കിയ ശുപാര്‍ശ ചര്‍ച്ച ചെയ്യും. വിജയ് ബാബുവിനെതിരെ നടപടിക്കാണ് സാധ്യത എന്നാണ് വിവരം. അമ്മയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും മാറ്റി നിര്‍ത്തുമെന്ന് ഉറപ്പാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരെയും സമാനമായ നടപടി അമ്മ എടുത്തിരുന്നു. വിജയ് ബാബുവിനും ഇളവ് നല്‍കാന്‍ സാധ്യതയില്ല. വിജയ് ബാബുവിനെ സസ്‌പെന്റ് ചെയ്യുമെന്നാണ് വിവരം. നടപടി സംബന്ധിച്ച് അമ്മ വാര്‍ത്താ കുറിപ്പ് ഇറക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഭാരവാഹികള്‍ മാധ്യമങ്ങളെ കാണാനിടയില്ല. അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications