'അമ്മ'യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; പരാതി
കൊച്ചി;അമ്മ സംഘടനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. പരിപാടി സംഘടിപ്പിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച് കൂടി, എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ലധികം പേര് പങ്കെടുത്തു. എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. കൊച്ചി ഡിസിപിക്ക് ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി.
രാവിലെ പത്തിനായിരുന്നു ഉദ്ഘാടന ചടങ്ങ്. ദൂര ദേശങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളം ആളുകള്‍ അമ്മ ഓഫീസിന്റെ മുന്നില്‍ നിലയുറപ്പിച്ചു. മതിലിന്മുകളിലും കെട്ടിടങ്ങളുടെ ബാല്‍ക്കെണിയുമെല്ലാം നിറഞ്ഞുനില്ക്കുന്ന കാഴ്ച്ചയായിരുന്നു. സാമൂഹിക അകലം കാറ്റില്‍ പറത്തിയായിരുന്നു ആളുകള്‍ തടിച്ചു കൂടിയത്. എറണാകുളം നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ നിന്നും ട്രാഫിക് വിഭാഗത്തില്‍നിന്നുമായി 40 പോലീസുകാരെ നിയന്ത്രണത്തിന് നിയോഗിച്ചെങ്കിലും പലപ്പോഴും ഫലപ്രദമായില്ല. സംഘാടകര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സെക്യൂരിറ്റി സംഘവും ഉണ്ടായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ചിലര്‍ മാസ്ക് ധരിക്കാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തത്. അത്യാധിനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചിലവിട്ട് കലൂരില്‍ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു കെട്ടിടം. മലയാള സിനിമക്ക് നിരവധി നല്ല കാര്യങ്ങള്‍ ഈ കെട്ടിടം കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി ട്വന്റി ക്കു ശേഷം അമ്മയുടെ മറ്റൊരു സിനിമ ഉടനുണ്ടാകുമെന്നും അമ്മ പ്രസിഡന്റ് നടന് മോഹന്‍ലാല്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.
സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാന മന്ദിരം പൂര്‍ത്തിയാക്കുന്നത്. അഞ്ച് നിലകളുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരം തയാറാക്കിയിരിക്കുന്നത്. നടീനടന്മാര്ക്ക് സൗകര്യമായിരുന്ന് കഥകള്‍ കേള്‍ക്കാനുള്ള സൗകര്.ം ഉള്‍പ്പെടെ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.