താരസംഘടന അമ്മയ്ക്ക് കൊച്ചിയില്‍ പുതിയ ആസ്ഥാനം; മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും
കൊച്ചി: മലയാള സിനിമാ താര സംഘടനയായ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന അമ്മ സംഘടനയ്ക്ക് കൊച്ചി നഗര ഹൃദയത്തില്‍ ആസ്ഥാന മന്ദിരം. ഈ മാസം ആറിനാണ് ഉദ്ഘാടനം. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കലൂരിലെ ദേശാഭിമാനി റോഡിലാണ് പുതിയ ആസ്ഥാന മന്ദിരം.
നിലവില്‍ തിരുവനന്തപുരത്ത് അമ്മയ്ക്ക് ഓഫീസുണ്ട്. പക്ഷേ, സംഘടനയുടെ പ്രധാന പരിപാടികളും യോഗങ്ങളുമെല്ലാം നടക്കുന്നത് കൊച്ചിയിലാണ്. അതുകൊണ്ടാണ് കൊച്ചിയില്‍ ഒരു ഓഫീസ് വേണമെന്ന ചര്‍ച്ച ഉടലെടുത്തത്. 2019 അവസാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനകം ഉദ്ഘാടനം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കൊറോണ കാരണം നിശ്ചയിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല.
നിര്‍മാണത്തിന്റെ ഭാഗമായി ഫണ്ട് ആവശ്യാര്‍ഥം താരനിശ സംഘടിപ്പിക്കുന്നതിന് ചില ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ കൊറോണ കാരണം എല്ലാം മാറ്റിവെക്കേണ്ടി വന്നു എന്നാണ് വിവരം. കൊറോണ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. അഞ്ച് നിലകളാണ് പുതിയ മന്ദിരത്തിനുള്ളത്. ഇനി അമ്മയുടെ എല്ലാ യോഗങ്ങളും ഇവിടെയായിരിക്കും നടക്കുക.
രാജ്യ വിരുദ്ധ ബജറ്റ് എന്ന് മമത ബാനര്‍ജി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും