തിയതി പറഞ്ഞിട്ടും ഷൂട്ടിംഗ് നടത്തി, താരങ്ങള്‍ക്ക് യോഗത്തിനെത്താനായില്ല, പ്രതിഷേധവുമായി അമ്മ
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന്റെ തിയതി മുന്‍കൂട്ടി അറിയിച്ചിട്ടും സിനിമകളുടെ ഷൂട്ടിംഗ് നടത്തിയതില്‍ പ്രതിഷേധം. അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് നടത്തിയതിലൂടെ പല താരങ്ങളും യോഗത്തിനെത്താന്‍ സാധിച്ചിരുന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഫോണില്‍ വിളിച്ച് അമ്മ ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചു.
സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിര യോഗത്തില്‍ പങ്കെടുത്തിരുന്നു. അമ്മയുടെ നിര്‍ണായകമായ യോഗം കൂടിയായിരുന്നു ഇത്. ഷെയ്ന്‍ നിഗത്തിന്റെയും, ശ്രീനാഥ് ഭാസിയുടെയും വിഷയങ്ങള്‍ അടക്കം അമ്മയില്‍ ചര്‍ച്ചയായിരുന്നു. അതേസമയം ശ്രീനാഥ് ഭാസിക്ക് തല്‍ക്കാലം അമ്മയില്‍ അംഗത്വമില്ല. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

മറ്റ് സംഘടനകളുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ശേഷം അംഗത്വം നല്‍കുന്ന കാര്യം പരിഗണനയ്ക്ക് എടുക്കാമെന്നാണ് അമ്മ അറിയിച്ചത്. നേരത്തെ ശ്രീനാഥുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടന്‍ അമ്മയില്‍ അംഗത്വം എടുക്കാന്‍ അപേക്ഷ നല്‍കിയത്. ഇരുപതിലേറെ യുവതാരങ്ങളും അംഗത്വത്തിനായി അപേക്ഷ നല്‍കിയിരുന്നു.
കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ അടക്കം ഏഴ് പേര്‍ക്കാണ് പുതിയതായി അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്. നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി. നേരത്തെ ഷെയ്ന്‍ നിഗവുമായും, ശ്രീനാഥ് ഭാസിയുമായും സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ മുമ്പ് അറിയിച്ചിരുന്നു.
ആര്‍ട്ടിസ്റ്റുകള്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥും, ഷെയ്ന്‍ നിഗമവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഷെയ്ന്‍ നിഗവുമായുള്ള തര്‍ക്കം നേരത്തെ അമ്മ ഇടപെട്ട് പരിഹരിച്ചിരുന്നു.
ഏപ്രിലിലായിരുന്നു ഷെയ്‌നിനും, ഭാസിക്കും, സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ അറിയിച്ചിരുന്നു. അതേസമയം ഇന്നസെന്റ് അടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിട്ടുപിരിഞ്ഞ താരങ്ങള്‍ക്ക് അമ്മ യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
അമ്മയുടെ പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് നല്‍കി തുടക്കം കുറിച്ചുവെന്ന് അമ്മ വ്യക്തമാക്കി. അതേസമയം അമ്മയിലെ വനിതാ അംഗങ്ങള്‍ക്കെതിരെ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ ശക്തമായി നേരിടുന്ന കാര്യവും, സൈബര്‍ ലോകത്ത് അമ്മയിലെ അംഗങ്ങള്‍ക്കെതിരെയുള്ള ആക്രമണവും ചര്‍ച്ചയായി.












Click it and Unblock the Notifications