കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറുപതിലും കുട്ടിത്തം വിടാത്ത അമ്മയുടെയും ചിറ്റന്മാരുടെയും പൂക്കളങ്ങള്‍.. കൃഷ്ണ ഗോവിന്ദ് എഴുതുന്നു

  • By Desk
Google Oneindia Malayalam News

കൃഷ്ണ ഗോവിന്ദ്

അത്തം മുതല്‍ തിരുവോണം വരെ വീട്ടില്‍ തന്നെ കൂടാന്‍ പറ്റി എന്നതാണ് ഈ കൊറോ'ഓണ' കാലത്തെ പ്രത്യേകത. ഇത്തവണ അത്തതിന് അതിരാവിലെ പൂവിടാന്‍ ഉത്സാഹത്തോടെ ഓടി നടക്കുന്ന അമ്മയെ കണ്ട് അത്ഭുതപ്പെട്ടുപ്പോയി(കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി അമ്മതന്നെയാണ് പൂവിടുന്നത്. ഇത്തവണ നമ്മുക്ക് അത് നേരിട്ട് കാണാന്‍ പറ്റി). അച്ഛന്റെ സഹോദരങ്ങളുടെ വീട്ടിലും ഇത് തന്നെയാണ് അവസ്ഥ. ചിറ്റന്മാര് ഓടി നടന്ന് പൂ പറിച്ച് അമ്മയ്ക്കും അപ്പുറത്തുള്ളവര്‍ക്കും ഒക്കെ പങ്കുവയ്ക്കുന്നു. അമ്മയും കിട്ടിയ പൂവുകളില്‍ നിറങ്ങള്‍ക്കനുസരിച്ച് പങ്കുവയ്ക്കുന്നു. അഞ്ച് കൊല്ലം മുമ്പേ സീനിയര്‍ സിറ്റിസണായ അമ്മയിലും ഏകദേശം ആ പ്രായത്തിനോട് അടുപ്പിച്ച് എത്തുന്ന ചിറ്റന്മാരിലും, ഇപ്പോഴും ആ കുട്ടിത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ട് സന്തോഷം തോന്നി. തൊട്ട് അപ്പുറത്തെ ആ ബന്ധുവീടുകളിലും മറ്റും കുട്ടികള്‍ ഇല്ലാത്തതല്ല.. അവര്‍ക്കും നമ്മളെപോലെ ഒരുപക്ഷേ മടിയോ താല്‍പര്യമില്ലായ്മയോ ഒക്കെ ആവാം പൂക്കളം ഇടാന്‍ കൂടാത്തത്. എന്തോ അറിയില്ല..

അമ്മയൊക്കെ ആവേശത്തോടെ പൂ ഇടുന്ന കണ്ടപ്പോള്‍ ആലോചിച്ചുപ്പോയി, പ്ലസ്ടുവരെ ഒക്കെ ഇതേ ആവേശത്തോടെ പൂവൊക്കെ ഇട്ടിരുന്ന ആ കുട്ടിത്തം ഒക്കെ എവിടെപ്പോയി എന്ന്.. ചേച്ചിയുടെ വിവാഹം കഴിഞ്ഞതും, തൊട്ടപ്പുറത്തുള്ള സഹോദരങ്ങള്‍ ഒക്കെ പഠനവും കല്യാണവുമൊക്കെയായി അവരും അവരുടെയിടങ്ങളിലേക്ക് പോയതായിരിക്കാം പൂക്കളത്തിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ടതെന്ന് തോന്നുന്നു.. പണ്ട് അവരുമായി മത്സരിച്ച് തല്ലുകൂടി, കൂട്ടുകൂടി പൂവിടുന്ന ആ നിമിഷങ്ങള്‍.. പിന്നീട് ഒറ്റക്ക് ആയപ്പോള്‍ പലതും എന്നതുപോലെ ഇതില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാത്താവും പൂക്കളത്തോടുള്ള താല്‍പര്യങ്ങളും നഷ്ടമായത് എന്ന് തോന്നുന്നു.

onam memories

അമ്മയും ചിറ്റന്മാരും ഒക്കെ പൂക്കളം ഒരുക്കുന്നത് കണ്ടപ്പോള്‍ പഴയ പല കാര്യങ്ങളും കയറിവന്നു. അത്തതിന് പൂ പറിക്കാന്‍ സൈക്കിളില്‍ നാടുചുറ്റിയതും, കൃഷ്ണകിരീടം എന്ന ചുമന്ന പൂ പറിക്കാന്‍ കാട്ടില്‍ കയറി ഇറുക്കാന്‍പുഴു ഇറുക്കിയതും, ചെമ്പരത്തിയും കോളാമ്പിയും ഒക്കെ ഈര്‍ക്കിലില്‍ കോര്‍ത്ത് കുടം കുത്തുന്നതും, പച്ചഈര്‍ക്കിലിന്റെ തുമ്പില്‍ തെറ്റിപ്പൂ കോര്‍ത്ത് വില്ല് പോലെ വളഞ്ഞ് വരുന്ന കുടങ്ങളും, ഒന്നിച്ച് പറിച്ച പൂക്കള്‍ പങ്കുവയ്ക്കുമ്പോള്‍ അടികൂടുന്നതും, ഒടുവില്‍ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ച ചെയ്ത് സന്ധിയാവുന്നതും, പൂവിടാനായി മെഴുകിയ കളത്തിലെ ചാണകം വിരല്‍തുമ്പില്‍ പറ്റാതെ പൂവിടാന്‍ ശ്രദ്ധിച്ചതും, നാക്ക് പൊളിയാലും ചൂടോടെ വാശിക്ക് ഉപ്പേരി തിന്ന് വയറ് നിറച്ചതും, ചുക്കിന്റെ രുചി നിറഞ്ഞ ശര്‍ക്കരവരട്ടിയും, കുഞ്ഞി പന്ത് പോലെ ഞങ്ങള് പിള്ളേരെക്കോണ്ട് ഉരുട്ടിപ്പിച്ച് വറുത്ത കളിക്കടയ്ക്കയും(ചീട) ഒക്കെ കഴിച്ച്, ചകിരി കയറ് കൊണ്ട് ആനവയറന്‍ പുള്ളിയില്‍ കെട്ടിയ ഊഞ്ഞാലില്‍ കയറി ചില്ലാട്ടവും അഭ്യാസങ്ങളും കാണിച്ച് കൊന്നതെങ്ങിന്റെ ഓലതുമ്പില്‍ പിടിക്കാനുള്ള ശ്രമങ്ങളും അവസാനം തിരുവോണ സദ്യയും, അതിന് ശേഷം ഓണപരീക്ഷയ്ക്ക് വന്ന ചോദ്യപേപ്പറിന്റെ ശരിയായ ഉത്തരം പകര്‍ത്തി എഴുതാതെ പേടിച്ച് ഓണവധി കഴിഞ്ഞുള്ള ഒരു സ്‌ക്കൂളില്‍ പോക്കും... ഒക്കെ മനസിലേക്ക് വന്നു.

2014ന് ശേഷം ഇതാദ്യമായിട്ടാണ് ഓണനാളുകളില്‍ പത്ത് ദിവസവും വീട്ടില്‍ നില്‍ക്കാന്‍ പറ്റിയത്. അതിന് മുമ്പും ചില ഓണങ്ങളില്‍ മാത്രമെ ചിങ്ങത്തില്‍ പത്ത് ദിവസം വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളു.. പ്ലസ്ടു പഠനം കഴിഞ്ഞപ്പോള്‍ തന്നെ മധ്യതിരുവതാംകൂര്‍ വിട്ട് വടക്കന്‍ മലബാറിലേക്ക് ഡിഗ്രിപഠനത്തിനായി 'കുടിയേറി'യതാണ്. അതുകൊണ്ട് തന്നെ തിരുവോണ നാളുകളിലെ വരവെ വീട്ടിലേക്ക്് ഉണ്ടായിട്ടുള്ളു. പിന്നെ പിജിക്ക്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴുള്ള രണ്ട് കൊല്ലവും ഓണത്തിന് മുഴുവന്‍ ദിവസവും വീട്ടിലുണ്ടാവാന്‍ സാധിച്ചിരുന്നു. ഈക്കാലത്താണ് കണ്‍മുന്നില്‍ ഓണത്തിന് പട്ടിണികിടക്കേണ്ടി വന്നവരെ കണ്ടുമുട്ടിയിട്ടുള്ളത്. ആ ഓണകാലത്തായിരുന്നു രഹസ്യമായ ഓണക്കിറ്റുമായി ഓണമില്ലാത്ത ആ വീടുകളില്‍ കയറി, ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്ന സുഹൃത്തുക്കളെ കണ്ട് ഞെട്ടിയതും. വലതു കരം കൊണ്ട് കൊടുക്കുന്നത് ഇടതുകരം അറിയരുത് എന്ന വാശിയില്‍ ആ സുഹൃത്തുക്കള്‍ പുതിയ പാഠങ്ങള്‍ കൂടി പഠിപ്പിച്ചു തന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ ഓണങ്ങള്‍ പല പല നഗരങ്ങളിലായിരുന്നു. തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും, ചെന്നൈയിലും ഒക്കെയായി ഹോട്ടല്‍ സദ്യ കഴിച്ചും, ഒറ്റക്ക് കഞ്ഞികുടിച്ചും, പട്ടിണി കിടന്നും (കാശ് ഇല്ലാതല്ലായിരുന്നു, ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ എത്തിപ്പെടേണ്ടി വന്നു) ഒക്കെ ഓണക്കാലം അഘോഷിച്ചിട്ടുണ്ട്. ഒരിക്കല്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പതിനാലാം വാര്‍ഡില്‍ (ജനറല്‍) പത്താം നമ്പര്‍ കട്ടിലിന് താഴെ ഇലവിരിച്ച് ഓണമുണ്ടിട്ടുണ്ട്. അങ്ങനെ ഓണാനുഭവങ്ങള്‍ പലതുമുണ്ട്. സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ തിരുവോണത്തിന് പട്ടിണികിടന്ന് സമരം നടത്തേണ്ടി വന്നവരെയും, ഗതികേട് കൊണ്ട് പട്ടിണിയിലായവരെയും, പത്തിരുന്നൂറോളം ആളുകള്‍ക്ക് കഴിക്കാന്‍ സാധിക്കുമായിരുന്ന സദ്യ കുഴിയിലോട്ട് ഇടുന്നവരെയും, സദ്യ വയ്ക്കാന്‍ കഴിയാതെ കഞ്ഞിവച്ച് ഓണം ആഘോഷിച്ച് സന്തോഷത്തോടെ കളിച്ച് നില്‍ക്കുന്ന അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കുട്ടികളെയും ഒക്കെ മനസില്‍ നിറഞ്ഞ് വരുകയാണ്. അതുകൊണ്ട് ഒക്കെ തന്നെ ഇപ്പോള്‍ ഓണം ആഘോഷിക്കുമ്പോ ഇടയ്ക്ക് പത്ത് മിനുറ്റത്തെ എന്തോ ഒരു കുറ്റബോധം വരാറുണ്ട്. ആ പത്ത് മിനുറ്റ് കഴിഞ്ഞാല്‍ ഇതെല്ലാം മറന്ന് ശശാരി മനുഷ്യനെപ്പോലെ എന്തിന്റെ ഒക്കെയോ പിന്നാലെ പാഞ്ഞ് നടക്കുവാണ്.

ഇത്തവണ തിരുവോണത്തിന്, അച്ഛനും അമ്മയും മുത്തശ്ശിയും അടക്കം ഞങ്ങള് നാലുപേര്‍ മാത്രമെ വീട്ടില്‍ ഉണ്ടാവുകയുള്ളൂ. ഓര്‍മ്മ വച്ച നാള് മുതല്‍ ഇങ്ങനെ ഒന്ന് ആദ്യമായിട്ടാണ് (അതിന് മുമ്പും ഇങ്ങനെ ഉണ്ടായിട്ടില്ല). ഞങ്ങള്‍ നില്‍ക്കുന്നത്, ഏഴെട്ട് തലമുറകളിലെ ആളുകള്‍ ഓണമുണ്ട തറവാട്ടിലായത് കൊണ്ട് എല്ലാ ഓണത്തിനും മുപ്പത്തില്‍ കുറെയാതെ ആളുകളുണ്ടാവാറുണ്ട്. അച്ഛന്റെ സഹോദരങ്ങളും ബന്ധുക്കളും ഒക്കെ സദ്യയ്ക്കായി എത്താറുണ്ട്. എല്ലാവരും ഒരുമിച്ചാണ് സദ്യ ഒരുക്കുന്നതും ഒക്കെ.. പലപ്പോഴും കൂട്ടത്തില്‍ കൂടാത്തവന്‍ എന്ന ചീത്തപ്പേരുള്ളത് കൊണ്ട് ഓണക്കാലങ്ങളില്‍ നമ്മുക്ക് എതിരെയുള്ള 'അടി, ഇടി, കുത്ത്' ഒക്കെ തരംപോലെ കിട്ടാറുമുണ്ട്.. എന്നാലും എല്ലാം കഴിഞ്ഞ് കുറച്ച് സമയം സന്തോഷത്തോടെയുള്ള നിമിഷങ്ങളും കിട്ടാറുണ്ട്. ഇത്തവണ അങ്ങനെ ഒന്നില്ല. പലരും പലതും സഹിക്കുകയും, നഷ്ടപ്പെടുത്തേണ്ടി വരികയും ഒക്കെ ചെയ്യുന്ന ഈ കൊറാണ കാലത്ത് നമ്മുക്കും എല്ലാവര്‍ക്ക് വേണ്ടിയും കരുതലുകളോടുള്ള ചെറിയ ആഘോഷങ്ങളില്‍ ഒതുങ്ങാം.. അപ്പോള്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. കാണാം..

English summary
Amma's Flower Carpet; Krishna Govid about his onam memories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X