കൊച്ചിയിൽ അമോണിയ വാതകം ചോർന്നു, ജനം ഭീതിയിൽ; സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു...
ദേഹാസ്വാസ്ഥ്യമുണ്ടായ ചില കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: നഗരത്തിനോട് ചേർന്നുകിടക്കുന്ന വില്ലിങ്ടൺ ഐലൻഡിലെ അമോണിയ പ്ലാന്റിൽ വാതക ചോർച്ച. വില്ലിങ്ടൺ ഐലന്റിൽ പ്രവർത്തിക്കുന്ന ഫാക്ടിന്റെ അമോണിയ പ്ലാന്റിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്.
അമോണിയ വാതകം അന്തരീക്ഷത്തിൽ വ്യാപിച്ചതിനാൽ സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ ചില കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും അമോണിയ അന്തരീക്ഷത്തിൽ കെട്ടിനിൽക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്.

എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, സുരക്ഷ കണക്കിലെടുത്ത് വില്ലിങ്ടൺ ഐലൻഡിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് വില്ലിങ്ടൺ ഐലൻഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റിൽ ചോർച്ചയുണ്ടായത്. പ്ലാന്റിൽ നിന്ന് ലോറിയിലേക്ക് അമോണിയ കയറ്റുന്നതിനിടെ പൈപ്പ് പൊട്ടിത്തെറിച്ചതാണ് ചോർച്ചയ്ക്ക് കാരണമായത്. അന്തരീക്ഷത്തിൽ അമോണിയ വ്യാപിച്ചതിനാൽ സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ശ്വാസതടസം അനുഭവപ്പെട്ടതായി സമീപവാസികൾ പറഞ്ഞു.












Click it and Unblock the Notifications