വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചത് പതിനാലുകാരന്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. കീഴൂരിലെ കാട്ടുംകുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 5 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12), കണ്ണൂർ സ്വദേശിയായ ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മരിച്ചത്. ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനായ മൃദുല്‍ ബുധനാഴ്ച രാത്രിയാണ് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് രോഗലക്ഷണങ്ങളുമായി മൃദുലിനെ ആശുത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ മൃദുല്‍ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് മസ്തിഷ്ക ജ്വര ബാധയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഫദ്‌വ മെയ് 20 നും ദക്ഷിണ ജൂണ്‍ 12 നുമാണ് മരിച്ചത്. ഫദ്‌വ വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിലും ദക്ഷിണ മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് സ്വിമ്മിങ് പൂളിലും കുളിച്ചിരുന്നു.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം.
സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടി ഡോ. വി വേണു, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ പങ്കെടുത്തു.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂര്‍വ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്‌കജ്വരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. ഇളം ചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകളെ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടാകാനാളുള്ള സാധ്യത കൂടുതലാണ്.












Click it and Unblock the Notifications