അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത മാത്രം മതിയോ? ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകള്‍ ഞെട്ടിക്കുന്നത്
അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരേ പ്രതിരോധം വര്‍ധിപ്പിക്കണമെന്ന ശക്തമായ ഓര്‍മപ്പെടുത്തലുമായി ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകള്‍. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം 17 പേരാണ് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
നേരത്തെ രണ്ട് മരണം മാത്രമാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നത്. അതു തിരുത്തിയാണ് ഇപ്പോള്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. മരണനിരക്ക് വര്‍ധിച്ചതോടെ സംസ്ഥാനത്തെ നീന്തല്‍കുളങ്ങള്‍ പോലും സുരക്ഷിതമല്ലെന്ന ആശങ്ക നിലവിലുണ്ട്.
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചിരുന്നു. ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം സ്വദേശിനിയായ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയാണ് ഈ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്.

അനുദിനം ആശങ്ക വര്‍ധിപ്പിച്ചാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. രോഗത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലും എങ്ങനെയെല്ലാം രോഗം പടരുന്നു എന്നത് കണ്ടെത്തുന്നതിലും ആഴത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. ജാഗ്രതയെക്കുറിച്ച് മാത്രം ഓര്‍മിപ്പിക്കുന്ന സര്‍ക്കാര്‍ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്.
ഉറവിടത്തിലുള്ള അവ്യക്തതയാണ് ആശങ്ക സൃഷ്ടിക്കുന്നത്. അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ആദ്യം കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ ഇറങ്ങരുതെന്നായിരുന്നു നിര്‍ദേശം. പിന്നീട് ഒഴുക്കുള്ള ജലത്തില്‍ നിന്നും രോഗബാധ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായി. കുട്ടികള്‍ക്കു പിന്നാലെ മുതിര്‍ന്നവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഷവറിലെ വെള്ളത്തില്‍ നിന്നു വരെ രോഗം പടരാമെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് വന്നത്. ടാങ്കിലെ വെള്ളം വെയിലേറ്റ് ചൂടാകുന്നത് രോഗാണുക്കള്‍ വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു.
രോഗം പ്രതിരോധിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍
മലിനമായ കുളത്തില്‍ കുളിക്കരുത്
പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.












Click it and Unblock the Notifications