അമീബിക് മസ്തിഷ്ക ജ്വരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് മരുന്നെത്തിക്കും, ആദ്യ ബാച്ച് ഇന്നെത്തും
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സയ്ക്കായി വിദേശത്ത് നിന്ന് കേരളത്തിലേക്ക് മരുന്നെത്തിക്കും. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുക. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്ത് എത്തും. കൂടുതൽ ബാച്ച് മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കും.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.












Click it and Unblock the Notifications