കടം കയറി,കാർ പോയി, 30,000 തന്നിടത്ത് 500 രൂപ കൂലി; സൂപ്പർ ഡാൻസർ വിജയി പ്രശാന്തിന്റെ ജീവിതം ഇങ്ങനെ
അമൃത ചാനലിലെ റിയാലിറ്റി ഷോ ആയിരുന്ന സൂപ്പർ ഡാൻസറിലെ വിജയി ആയിരുന്നു പ്രശാന്ത്. റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം കിട്ടിയവരൊന്നും നന്നായിട്ടില്ലെന്നാണ് താരത്തിന്റെ വാക്കുകൾ

കൊച്ചി: റിയാലിഷോകളുടെ തുടക്ക കാലത്ത് അമൃത ചാനലിൽ സംപ്രകേഷണം ചെയ്ത സൂപ്പർ ഡാൻസർ ഷോയുടെ വിജയി പ്രശാന്തിനെ ഓർമ്മയുണ്ടോ? ചടുല നൃത്ത ചുവടുകൾ കൊണ്ട് അന്ന് പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രശാന്തിനെ അത്ര പെട്ടെന്നൊന്നും ആരാധകർ മറക്കാൻ സാധ്യതയില്ല.പ്രശാന്തിന്റെ അന്നത്തെ ഡാൻസും പാട്ടുമെല്ലാം പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. കേരളക്കര ഉറ്റുനോക്കിയ ഷോയുടെ വിജയി ആയതോടെ തന്റെ ജീവിതെ മാറി മറിയും എന്നായിരുന്നു പെയിന്റിംഗ് തൊഴിലാളി കൂടിയായിരുന്ന പ്രശാന്ത് കരുതിയത്. എന്നാൽ ജീവിത്തതിൽ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിപ്പോയെന്ന് പറയുകയാണ് പ്രശാന്ത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്തിന്റെ പ്രതികരണം.
വായിക്കാം

റിയാലിറ്റി ഷോ എന്താണെന്ന് അറിയാത്ത കാലത്ത്
'റിയാലിറ്റി ഷോ എന്താണെന്ന് പോലും അറിയാതെയാണ് സൂപ്പർ ഡാൻസിൽ മത്സരിക്കാൻ പോയത്. അന്ന് പെയിൻറിംഗ് പണിയായിരുന്നു ചെയ്തിരുന്നത്. 250 രൂപ കൂലിയുണ്ടായിരുന്ന സമയമായിരുന്നു അത്. അന്ന് ഓഡിഷനിൽ സെലക്ടായി. സൂപ്പർ ഡാൻസർ വിജയിയുമായി. ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കുറച്ചൊക്കെ സ്റ്റേജ് ഷോകൾ ചെയ്തിരുന്നു. കുറേ പണം ഇങ്ങോട്ട് കിട്ടാനുണ്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ല, കുറച്ചൊക്കെ കുട്ടുകാർക്കൊപ്പം ജിവീതം ആഘോഷിച്ചെങ്കിലും ധൂർത്തൊന്നും ഉണ്ടായിരുന്നില്ല'

ഷോകൾ ഇല്ലാതായി
'പിന്നെ കടംകയറി. അന്ന് ഒറ്റത്തടിയായിരുന്നു. ഇപ്പോൾ കുടുംബമുണ്ട്. കാറുണ്ടായിരുന്നു അത് പോയി. ഷോകള്‍ ഒന്നും ഇല്ലാതെയായി.അന്ന് നീരജ് മാധവിനോടൊക്കെ നല്ല അടുപ്പമായിരുന്നു. പക്ഷേ അങ്ങനെ ബന്ധമൊന്നുമില്ല. അന്ന് ഷോയിൽ ഉണ്ടായിരുന്ന ആരോടും അവസരം ചോദിച്ചിട്ട് പോയിട്ടില്ല. ആളുകൾ ഇപ്പോഴും തിരിച്ചറിയുന്നുണ്ട്. പലരും വന്ന് വിശേഷം ചോദിക്കാറുണ്ട്. രക്ഷപ്പെട്ടില്ലല്ലേ എന്നാണ് അവർ പിന്നെ ചോദിക്കുക. ഇല്ല രക്ഷപ്പെട്ടിട്ടില്ല.
ഒരാൾ ബൂസ്റ്റ് ചെയ്യാൻ നമ്മുക്ക് ആവശ്യമാണ്. അതില്ല. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പിന്തുണ ഉണ്ടായാലേ എന്തെങ്കിലും നടക്കുകയുള്ളൂ.

30,000 വരെ കിട്ടിയിരുന്നു
റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം കിട്ടിയവരൊന്നും നന്നായിട്ടില്ല. സൂപ്പർ ഡാൻസർ വിജയി ആയപ്പോൾ 30,000 രൂപ വരെ ഡാൻസിന് കിട്ടിയിരുന്നു. എന്നാൽ പിന്നീട് 500 രൂപയ്ക്ക് വരെ ഡാൻസ് കളിക്കാൻ പോകേണ്ടി വന്നു',പ്രശാന്ത് പറയുന്നു. വലിയ കലാകാരൻമാരിൽ നിന്ന് ട്രോഫിയൊക്കെ വാങ്ങി ഈ അവസ്ഥയിൽ ജീവിക്കേണ്ടി വന്നത് സങ്കടപ്പെടുത്തുന്നുണ്ടെന്ന് പ്രശാന്തിന്റെ ഭാര്യ ചിന്നു പറയുന്നു.

സിനിമ വർക്കുകളൊന്നും വരുന്നില്ല
സിനിമാ വർക്കുകളൊന്നും വരുന്നില്ല. ചേട്ടൻ പഠിപ്പിക്കുന്ന കുട്ടികളെല്ലാ ഉയർന്ന് വന്നു. പക്ഷേ അവരാരും ചേട്ടനെ പിന്നെ വിളിച്ചിട്ടില്ല. ഡാൻസ് പഠിപ്പിക്കാൻ പോയാലും കിട്ടുന്ന തുകയൊക്കെ വളരെ കുറവാണ്. വെറും 500 രൂപയാണ് കിട്ടുന്നത്',ചിന്നു പറഞ്ഞു. അതേസമയം പൈസയ്ക്ക് ആരോടും പേശാറില്ലെന്നും കിട്ടുന്നത് വാങ്ങി വരാറാണ് പതിവെന്നും പ്രശാന്ത് പറയുന്നു. കുടുംബം പോറ്റണം, അതുകൊണ്ട് നിങ്ങളുടെ കൈയ്യിൽ ഉള്ളത്, അങ്ങനെയെ പറയാറുള്ളൂ.

നല്ല പൈസ കിട്ടിയിരുന്നു
ഷോ വിജയിയായി ഇരിക്കുന്ന സമയത്ത് നല്ല പൈസ തന്നിരുന്നു. അതൊന്നും ഞാൻ വിലപേശി വാങ്ങിയതല്ല, അവർ തന്നതാണ്. ഞാൻ ആരേയും പിണക്കാറില്ല. ആയിരമായാലും അഞ്ഞൂറായാലും ഞാൻ പോകും. കിട്ടുന്ന പ്രോഗ്രാമെല്ലാം ചെയ്യാനാണ് ഉദ്ദേശം. കുടുംബം നോക്കണം, രണ്ട് മക്കളുണ്ട്, ഒരു വീട് വെയ്ക്കണം. ഡാൻസ് ക്ലാസ് തുടങ്ങണം എന്നതൊക്കെയാണ് ആഗ്രഹം. ഇനിയൊരു റിയാലിറ്റി ഷോയില്‍ പോകാന്‍ ഒന്നും പറ്റില്ല. ഇപ്പോഴുള്ള കുട്ടികളുടെ ഡാന്‍സിന്റെ റേഞ്ച് അറിയാമ്ലോ. അവസരം എനിക്ക് തരണം എന്ന് മാത്രമാണ് പറയാനുള്ളത്.












Click it and Unblock the Notifications