'ഞാൻ ഹാപ്പിയാണ്, വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ച് ഗോപി സുന്ദർ
കൊച്ചി; പ്രണയം വെളിപ്പെടുത്തിയ സംഗീത സംവിധായകൻ ഗോപി സുന്ദറിനും ഗായിക അമൃത സുരേഷിനും സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. എന്നാൽ ഈ 'സദാചാരവാദികൾക്ക്' താരങ്ങൾ മറുപടി നൽകിയതാതട്ടെ തങ്ങൾ ഒരുമിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു. പരസ്പരം ഉള്ള ഇഷ്ടങ്ങളും സന്തോഷങ്ങളും അവർ സോഷ്യൽ ലോകത്ത് പങ്കിട്ട് കൊണ്ടേയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വിശദമായി വായിക്കാം.

"പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..." എന്ന അടിക്കുറുപ്പോടെ അമൃതയും ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രത്തോടെയായിരുന്നു താരങ്ങൾ പ്രണയത്തിലാണെന്ന സൂചന പുറത്തുവന്നത്. എന്നാൽ ഇതിൽ കൂടുതൽ വിശദീകരണമൊന്നും ഇരുവരും നൽകിയിരുന്നില്ല. ഇതോടെ പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു.

ഗായികയായ അഭയ ഹിരൺമയിയുമായുള്ള ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പ് അവസാനിപ്പിച്ച് കൊണ്ടായിരുന്നു ഗോപി സുന്ദർ അമൃതയുമായുള്ള പുതിയ ജീവിതം ആരംഭിച്ചത്. അതുകൊണ്ട് തന്നെ സൈബർ വെട്ടുകിളി കൂട്ടങ്ങൾ ഇരുവർക്കും നേരെ കടുത്ത ആക്രമണമായിരുന്നു അഴിച്ചുവിട്ടത്.

വിമർശനങ്ങൾ അതിരു കടന്നതോടെ ഒരിക്കൽ ഇരുവരും തുറന്നടിച്ചു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി എന്ന് വരികളോടെ പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരങ്ങൾ അമർഷം പ്രകടിപ്പിച്ചത്.

ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ ഇതാദ്യമായി പ്രതികരിക്കുകയാണ് ഗോപി സുന്ദർ. അത്തരം വിമർശനങ്ങൾക്ക് തന്റെ മുഖത്തെ ചിരിയാണ് മറുപടി എന്നാണ് ഗോപി സുന്ദർ പറയുന്നത്. വിമർശകർ എന്തും പറഞ്ഞോട്ടെ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്നും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ വ്യക്തമാക്കുന്നു.

മറ്റുള്ളവർ പറയുന്നതിനോടെല്ലാം പ്രതികരിക്കേണ്ട ആവശ്യം ഇല്ല. എന്റെ ജോലിയെ കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. വിമർശനങ്ങൾ എന്നത് എന്റെ വീടിന് പുറത്ത് നടക്കുന്ന കാര്യങ്ങളാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും മറ്റുള്ളവരെ തളർത്തുന്ന ആയുധമാണ് നമ്മുടെ മുഖത്തെ ചിരി, അതാണ് വിമർശകർക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും ഗോപി സുന്ദർ പറഞ്ഞു.

താൻ എപ്പോഴും ഹാപ്പിയാണ്. എന്റെ സന്തോഷങ്ങൾ ഇല്ലാതാക്കും വിധം ഒന്നും തന്നെ താൻ ചെയ്യാറില്ലെന്നും ഗോപി സുന്ദർ വ്യക്തമാക്കി. അതേസമയം ബന്ധം അവസാനിച്ചതിനെ കുറിച്ചും വിവാദങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം ഗായിക അഭയ ഹിരൺമയിയും പ്രതികരിച്ചിരുന്നു. അക്കാര്യത്തിൽ തനിക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു അഭയയുടെ വാക്കുകൾ.

വിവാദങ്ങളെ കുറിച്ച് എന്താണ് താൻ പറയേണ്ടത്. സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവർ എന്തും ചെയ്തോട്ടെ. അത്തരം കമന്റുകളെ കുറിച്ച് യാതൊരു അഭിപ്രായവും തനിക്ക് ഇല്ല, അഭയ ഹിരൺമയി വ്യക്തമാക്കി. ആദ്യഭാര്യയുമായി പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി ലിവിംഗ് റിലേഷൻഷിപ്പ് ആരംഭിച്ചത്. എന്നാൽ തങ്ങളുടെ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നാണ് ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയായ പ്രിയ സുന്ദർ പറയുന്നത്.

ഗായിക അമൃത സുരേഷ് ആദ്യം വിവാഹം കഴിച്ചത് നടൻ ബാലയെ ആയിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൾ ഉണ്ട്. 2019 ലായിരുന്നു ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത സുരേഷ് പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോൾ സ്വന്തമായി ബാന്റും ഗായികയ്ക്കുണ്ട്.












Click it and Unblock the Notifications