ബാല മകളുടെ പേരിലിട്ട 15 ലക്ഷം പിൻവലിച്ചു, ഇൻഷുറൻസിൽ തിരിമറി; നടനെ കുരുക്കി അമൃത സുരേഷിന്റെ പരാതി
കൊച്ചി: 2010 ലായിരുന്നു ഗായിക അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെ താൻ ബാലയുടെ വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് വിവാഹമോചനം സംബന്ധിച്ച് അടുത്തിടെ അമൃത വെളിപ്പെടുത്തിയത്. ബാലയുടെ രണ്ടാം വിവാഹമായിരുന്നു താനുമായി നടന്നതെന്നും ആദ്യ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ മറച്ചുവെച്ചായിരുന്നു വിവാഹം എന്നും അമൃത വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും വിവാഹമോചന പരാതിയിൽ അമൃത ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോഴിതാ ബാലയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്. നടൻ കോടതി രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചാണ് അമൃതയുടെ പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നാണ് അമൃത ആക്ഷേപം ഉന്നയിക്കുന്നത്. വിവാഹമോചന കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കയതാണ് എന്നാണ് പ്രധാന ആരോപണം. മാത്രമല്ല മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചുവെന്നും ഗായിക പരാതിയിൽ ആരോപിക്കുന്നുണ്ട്.

വിവാഹമോചന ഉടമ്പടിയിൽ പറയുന്നതിന് വിപരീതമായി മകളെ അനാവശ്യമായി കേസിൽ വലിച്ചിഴക്കുന്നുവെന്ന ആക്ഷേപം തുടക്കം മുതൽ അമൃത ബാലയ്ക്കെതിരെ ഉന്നയിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം താൻ മകളെ കാണാൻ ബാലയെ അനുവദിക്കുന്നില്ലെന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു ഗായിക ഉയർത്തിയ വിമർശനം. വിവാഹമോചന ഉടമ്പടി പ്രകാരം പലതവണ മകളെ കോടതിയിൽ കൊണ്ടുപോയിട്ടും കോടതിയിൽ കാണാൻ ബാല വന്നില്ലെന്നും അത്തരത്തിലൊരു ശ്രമവും നടത്താതെയാണ് മകളെ കാണിക്കുന്നില്ലെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ പരാതിപ്പെടുന്നത് എന്നാണ് അമൃത തുറന്നടിച്ചത്.
നടൻ ഇൻഷുറൻസിന്റെ പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് പുതിയ പരാതിയിൽ പറയുന്ന ആക്ഷേപം. ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിധരിപ്പിച്ചുവെന്നും അമൃത പരാതിയിൽ ആരോപിച്ചു. നേരത്തേ ബാലയ്ക്കെതിരെ മകൾ അവന്തിക തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. പിതാവ് തന്നേയും കുടുംബത്തേയും അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും പച്ചക്കള്ളമാണ് അമ്മയെ കുറിച്ച് പ്രചരിപ്പിക്കുന്നതെന്നുമാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ തുറന്ന് പറച്ചിലിന് പിന്നാലെ ബാലയ്ക്കെതിരെ അമൃത പരാതി നൽകിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ അമൃതയുടെ പരാതിയിൽ ബാലയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു. പിന്നീട് മൂന്ന് പേർക്കും കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.
അതേസമയം അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ബാല തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്ത് എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ഈ വിവാഹ ബന്ധം പിന്നീട് വേർപെടുത്തി. ഇതിന് പിന്നാലെ മുറപ്പെെണ്ണായ കോകിലയെ ആണ് ബാല വിവാഹം കഴിച്ചത്. നിലവിൽ കൊച്ചിയിൽ നിന്നും താമസം മാറി കോട്ടയത്ത് വൈക്കത്ത് കഴിയുകയാണ് ബാലയും കോകിലയും.












Click it and Unblock the Notifications